എസ്.എസ്.എൽ.സി: 10 വർഷത്തിനിടെ മിനിമം മാർക്കില്ലാതെ പാസായത് 17.36 ലക്ഷം വിദ്യാർഥികൾ

തിരുവനന്തപുരം: 10 വർഷത്തിനിടെ എഴുത്തുപരീക്ഷയിൽ മിനിമം മാർക്ക് നേടാതെ എസ്.എസ്.എൽ.സി. പരീക്ഷ പാസായത് 17.36 ലക്ഷം വിദ്യാർഥികൾ. മിനിമം മാർക്ക് നടപ്പാക്കാൻ എൽ.ഡി.എഫ്. സർക്കാരിന്റെ കാലത്ത് പൊതുവിദ്യാഭ്യാസവകുപ്പ് തയ്യാറാക്കിയ കണക്കിലാണ് ഈ വെളിപ്പെടുത്തൽ.
2024-25 അധ്യയനവർഷം എട്ടാം ക്ലാസിലാണ് ആദ്യം മിനിമം മാർക്ക് നടപ്പാക്കിയത്. ഇതിനു മുന്നോടിയായി 2014-2024 കാലയളവിലെ എസ്.എസ്.എൽ.സി. വിജയം ശാസ്ത്രീയമായി അവലോകനംചെയ്ത് പരീക്ഷാഭവൻ സർക്കാരിനു റിപ്പോർട്ട് നൽകിയിരുന്നു. പത്തു വർഷക്കാലയളവിൽ പരീക്ഷയെഴുതിയത് 48,53,148 പേരായിരുന്നു. 2014-2018 കാലയളവിൽ ശരാശരി 96 ശതമാനം പേരും 2019-24 കാലയളവിൽ ശരാശരി 99 ശതമാനം പേരും 10-ാം ക്ലാസ് വിജയിച്ചു. എഴുത്തുപരീക്ഷയിൽ മിനിമം മാർക്കില്ലാതെ, നിരന്തര മൂല്യനിർണയത്തിന്റെ (ഇന്റേണൽ മാർക്ക്) സഹായത്തോടെ 17,36,580 പേരാണ് വിജയിച്ചത്. നിരന്തരമൂല്യനിർണയത്തിൽ മൊത്തം 20 മാർക്കാണെങ്കിലും ആർക്കും 18 മാർക്കിൽത്താഴെ നൽകാറില്ല. അതായത്, എഴുത്തുപരീക്ഷയിൽ 12 മാർക്കുള്ള വിദ്യാർഥിയും ഇന്റേണൽ മാർക്കിന്റെ പിൻബലത്തിൽ വിജയിക്കും. ഇക്കാലയളവിൽ വലിയ വിജയശതമാനമുണ്ടെങ്കിലും കുട്ടികളുടെ പഠനനിലവാരം കുറഞ്ഞതായാണ് റിപ്പോർട്ട്. ഓരോ വിഷയത്തിലും എഴുത്തുപരീക്ഷയിൽ 30 ശതമാനം മിനിമം മാർക്ക് നിർബന്ധമാക്കാൻ തീരുമാനിച്ചത് ഈ റിപ്പോർട്ടനുസരിച്ചായിരുന്നു.
പത്താം ക്ലാസിൽ പെട്ടെന്നു നടപ്പാക്കിയാൽ, വിജയത്തെ ബാധിക്കുമെന്നതിനാൽ, ഹൈസ്കൂളിൽ പടിപടിയായി ഏർപ്പെടുത്താൻ ഉത്തരവിറക്കുകയായിരുന്നു. ഇതനുസരിച്ച്, 2024-25-ൽ എട്ടാം ക്ലാസിലും 2025-26-ൽ ഒൻപതാം ക്ലാസിലും നടപ്പാക്കി. ഈ വർഷം പത്താം ക്ലാസിൽ നടപ്പാക്കാനിരിക്കേയാണ് മിനിമം മാർക്ക് ഉത്തരവ് മരവിപ്പിച്ചത്. ഇതു നടപ്പാക്കിയാൽ വിജയം 60-65 ശതമാനമായി കുറയുമെന്നും പ്ലസ് വൺ പ്രവേശനത്തെ ബാധിക്കുമെന്നുമുള്ള ആശങ്കയിലാണ് സർക്കാരിന്റെ പിന്മാറ്റം.
മാർക്കില്ലാത്തത് രണ്ടു വിഷയങ്ങളിൽ
ഗണിതം, സാമൂഹികശാസ്ത്രം എന്നീ വിഷയങ്ങളിലാണ് മിനിമം മാർക്ക് നേടാത്തവർ കൂടുതൽ. 2014-ൽ 1.59 ലക്ഷംപേർ മിനിമം മാർക്കില്ലാതെ ഗണിതപരീക്ഷ പാസായി. 2015-ൽ 1.53 ലക്ഷം, 2016-ൽ 1.50 ലക്ഷം എന്നിങ്ങനെ കുറഞ്ഞെങ്കിലും 2017-ൽ 1.93 ലക്ഷമായി ഉയർന്നു. പിന്നീടുള്ള വർഷങ്ങളിൽ ഒരു ലക്ഷത്തിൽ താഴെയായി. 2024-ൽ 30,286 ആയി കുറഞ്ഞു.
സാമൂഹികശാസ്ത്രത്തിൽ 2014-ൽ 1.03 ലക്ഷമായിരുന്നത് 2015-ൽ 1.18 ലക്ഷം, 2016-ൽ 1.19 ലക്ഷം എന്നിങ്ങനെ ഉയർന്നു. പിന്നീടുള്ള വർഷങ്ങളിൽ ഒരു ലക്ഷത്തിൽ താഴെയായി. 2024-ൽ മിനിമം മാർക്കില്ലാതെ പാസായവർ 31,060 പേരായിരുന്നു.
Content Highlights: 17.36 lakh students passed SSLC without minimum written exam marks over a 10-year period.