ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ നാലുവർഷ ബിഎ- ബിഎഡ് പ്രോഗ്രാം: അപേക്ഷ മാർച്ച് 10 വരെ

#എഡ്യൂക്കേഷന്‍ ഡെസ്‌ക്
ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല | Photo - Mathrubhumi archives
ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല | Photo - Mathrubhumi archives

ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ കാലടി കാമ്പസിൽ ആരംഭിക്കുന്ന നാല് വർഷ ഇന്റഗ്രേറ്റഡ് ടീച്ചർ എജ്യൂക്കേഷൻ പ്രോഗ്രാമിലെ (ഐടിഇപി) വിവിധ നാല് വർഷ ബി.എ. - ബി.എഡ്. കോഴ്‌സുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. രാജ്യത്തെ വിവിധ സർവകലാശാലകളിലേക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) നടത്തുന്ന പൊതുപ്രവേശന പരീക്ഷയായ നാഷണൽ കോമൺ എൻട്രൻസ് ടെസ്റ്റ് (എൻസിഇടി) വഴിയാണ് പ്രവേശനം.

ബിഎ- ബി.എഡ്. (ഇംഗ്ലീഷ്), ബി.എ. - ബി.എഡ്. (ഹിന്ദി), ബി.എ. - ബി.എഡ്. (ഹിസ്റ്ററി), ബി.എ. - ബി.എഡ്. (മലയാളം), ബി.എ. - ബി.എഡ്. (സംസ്‌കൃതം - ജനറൽ, ന്യായം, സാഹിത്യം, വ്യാകരണം, വേദാന്തം) എന്നീ പ്രോഗ്രാമുകളാണ് സർവകലാശാല നടത്തുന്നത്. ആകെ 50 സീറ്റുകൾ. കുറഞ്ഞത് 50 ശതമാനം മാർക്ക് നേടിയുള്ള പ്ലസ് ടുവാണ് നാല് വർഷം കൊണ്ട് ബിരുദവും ബി. എഡും ലഭിക്കുന്ന പ്രോഗ്രാമുകളുടെ യോഗ്യത. ഈ വർഷം പ്ലസ് ടു പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം. അപേക്ഷിക്കുന്നതിന് പ്രായപരിധിയില്ല.

തെരഞ്ഞെടുക്കുന്ന വിഷയത്തിൽ ബിരുദവും അധ്യാപക യോഗ്യതയും ഒരുമിച്ച് നേടാനാകും എന്നതാണ് ഈ പ്രോഗ്രാമിന്റെ പ്രത്യേകത. സെക്കൻഡറി ക്ലാസുകളിൽ (ഒൻപതാം ക്ലാസ് മുതൽ പ്ലസ് ടു വരെ) അധ്യാപകരാകുവാൻ ആഗ്രഹിക്കുന്നവർക്ക് ഈ പ്രോഗ്രാമുകൾ മികച്ച അവസരം നൽകുന്നു.

ദേശീയ പൊതുപ്രവേശന പരീക്ഷ ഏപ്രിൽ 17ന് രാജ്യത്തെ തെരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ നടക്കും. മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷയിൽ ആകെ 181 ചോദ്യങ്ങൾ ഇതിൽ 160 ചോദ്യങ്ങൾക്ക് ഉത്തരം മാർക്ക് ചെയ്യണം. ശരിയുത്തരത്തിന് നാല് മാർക്ക്. തെറ്റിന് ഒരു മാർക്ക് കുറയ്ക്കും. പ്രവേശന പരീക്ഷയുടെ വിശദമായ സിലബസ്, മാർക്ക് വിതരണം എന്നീ വിവരങ്ങൾ www.exams.nta.nic.in/ncetൽ ലഭിക്കും.

https://exams.nta.nic.in/ncet/ സന്ദർശിച്ച് മാർച്ച് 10 രാത്രി 11.50 വരെ ഓൺലൈനായി അപേക്ഷ നൽകാം. മാർച്ച് 11ന് രാത്രി 11.50 വരെ ഫീസ് അടക്കാം. മാർച്ച് 12 മുതൽ 14 വരെ തീയതികളിൽ അപേക്ഷയിലെ തെറ്റുതിരുത്താനുള്ള അവസരമുണ്ടാകും. എൻ ടി എ ഹെൽപ്പ് ഡസ്‌ക്: 011-40759000, 011-69227700; ഇ മെയിൽ: ncet@nta.ac.in. കൂടുതൽ വിവരങ്ങൾക്ക് www.exams.nta.nic.in/ncet സന്ദർശിക്കുക.

Content Highlights: New 4-year Integrated Teacher Education Programme (ITEP) at Sree Sankaracharya University, Kalady., Admission is based on the National Common Entrance Test (NCET) conducted by NTA.