സംസ്‌കൃത സർവ്വകലാശാലയിൽ നാല് വർഷ ബിരുദ, ബിഎഫ്എ, ഡിപ്ലോമ പ്രവേശനം; ഓൺലൈൻ അപേക്ഷകൾ ജൂൺ 15 വരെ

#Education Desk
ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല | ചിത്രം: മാതൃഭൂമി
ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല | ചിത്രം: മാതൃഭൂമി

ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലും വിവിധ പ്രാദേശിക ക്യാമ്പസുകളിലും 2026-27 അക്കാദമിക വർഷത്തിൽ ആരംഭിക്കുന്ന നാല് വർഷ ബിരുദ, ബിഎഫ്എ, ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു.

നാല് വർഷ ബിരുദ പ്രോഗ്രാമുകൾ

സംസ്‌കൃതം-സാഹിത്യം, സംസ്‌കൃതം-വേദാന്തം, സംസ്‌കൃതം-വ്യാകരണം, സംസ്‌കൃതം-ന്യായം, സംസ്‌കൃതം-ജനറൽ, സംഗീതം, ഡാൻസ്-ഭരതനാട്യം, ഡാൻസ്-മോഹിനിയാട്ടം, ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ഹിസ്റ്ററി, ഉറുദു, ഫിലോസഫി, ബിഎസ്ഡബ്ല്യു (സോഷ്യൽ വർക്ക്) എന്നിവയാണ് നാല് വർഷ ബിരുദ പ്രോഗ്രാമുകൾ. മേൽപ്പറഞ്ഞ വിഷയങ്ങൾ മൈനർ ബിരുദ പ്രോഗ്രാമായി തിരഞ്ഞെടുക്കാവുന്നതാണ്.

ബിരുദം മൂന്ന് വിധം

നാല് വർഷ ബിരുദ സമ്പ്രദായത്തിൽ മൂന്ന് വിധത്തിൽ ബിരുദ പ്രോഗ്രാം പൂർത്തിയാക്കുവാൻ കഴിയും. മൂന്ന് വർഷ ബിരുദം, നാല് വർഷ ഓണേഴ്‌സ് ബിരുദം, നാല് വർഷ ഓണേഴ്‌സ് വിത്ത് റിസർച്ച് ബിരുദം എന്നിവയാണവ. പ്രവേശനം ലഭിച്ച് മൂന്നാം വർഷം പ്രോഗ്രാം പൂർത്തിയാക്കുവാൻ ആഗ്രഹിക്കുന്നവർക്ക് എക്‌സിറ്റ് ഓപ്ഷൻ ഉപയോഗപ്പെടുത്തി പഠനം പൂർത്തിയാക്കി മേജർ വിഷയങ്ങളുടെ അടിസ്ഥാനത്തിൽ മൂന്ന് വർഷ ബിരുദം നേടാവുന്നതാണ്. നാല് വർഷം പഠനം പൂർത്തിയാക്കുന്നവർക്ക് നാല് വർഷ ഓണേഴ്‌സ് ബിരുദം ലഭിക്കും. നാലാം വർഷം നിശ്ചിത ക്രെഡിറ്റോടെ ഗവേഷണ പ്രോജക്ട് വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക് ഓണേഴ്‌സ് വിത്ത് റിസർച്ച് ബിരുദം ലഭിക്കുന്നതാണ്.

പ്രാദേശിക ക്യാമ്പസുകളും വിഷയങ്ങളും

കാലടി മുഖ്യ ക്യാമ്പസ്: സംസ്‌കൃതം-സാഹിത്യം, സംസ്‌കൃതം-വേദാന്തം, സംസ്‌കൃതം-ന്യായം, സംസ്‌കൃതം-ജനറൽ, ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ഹിസ്റ്ററി, ഫിലോസഫി, സോഷ്യൽ വർക്ക് (ബിഎസ്ഡബ്ല്യു), സംഗീതം, ഡാൻസ്-ഭരതനാട്യം, ഡാൻസ്-മോഹിനിയാട്ടം.

തിരുവനന്തപുരം: സംസ്‌കൃതം ന്യായം, സംസ്‌കൃതം-വേദാന്തം, ഫിലോസഫി

പന്മന: സംസ്‌കൃതം-വേദാന്തം, മലയാളം

കൊയിലാണ്ടി: സംസ്‌കൃതം-വേദാന്തം, സംസ്‌കൃതം-ജനറൽ, സംസ്‌കൃതം-സാഹിത്യം, ഹിന്ദി, ഉറുദു

തിരൂർ: സംസ്‌കൃതം-വ്യാകരണം, ഹിസ്റ്ററി, സോഷ്യൽ വർക്ക് (ബിഎസ്ഡബ്ല്യു)

പയ്യന്നൂർ: സംസ്‌കൃതം-സാഹിത്യം, മലയാളം, സോഷ്യൽ വർക്ക് (ബിഎസ്ഡബ്ല്യു)

ഏറ്റുമാനൂർ: സംസ്‌കൃതം-സാഹിത്യം, ഹിന്ദി

പ്ലസ് ടു/വൊക്കേഷണൽ ഹയർ സെക്കന്ററി അഥവാ തത്തുല്യ അംഗീകൃത യോഗ്യതയുളളവർക്ക് ഈ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാവുന്നതാണ്. നാല് വർഷ ബിരുദ പ്രോഗ്രാമുകൾക്ക് ലാറ്ററൽ എൻട്രി അനുവദനീയമാണ്. മറ്റൊരു യുജി പ്രോഗ്രാം വിജയകരമായി പൂർത്തിയാക്കിയിട്ടുളളവർക്കും സർവകലാശാല നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ നാല് വർഷ ബിരുദ പ്രോഗ്രാമുകളിലേക്ക് സർവകലാശാലയുടെ അംഗീകാരത്തോടെ അപേക്ഷിക്കാവുന്നതാണ്.

നാല് വർഷ ബിരുദ പ്രോഗ്രാമുകളുടെ പ്രവേശനത്തിനുളള ഉയർന്ന പ്രായപരിധി ജനറൽ / എസ്ഇബിസി വിദ്യാർഥികൾക്ക് 2026 ജനുവരി ഒന്നിന് 23 വയസും എസ്‌സി / എസ്ടി വിദ്യാർഥികൾക്ക് 25 വയസുമാണ്. അപേക്ഷ ഫീസ് ഓരോ കേന്ദ്രത്തിലെ ഓരോ പ്രോഗ്രാമിനും ജനറൽ / എസ്ഇബിസി വിദ്യാർഥികൾക്ക് 60 രൂപയും, എസ്‌സി / എസ്ടി വിദ്യാർഥികൾക്ക് 30 രൂപയുമാണ്.

ബിഎഫ്എ

കാലടി മുഖ്യ ക്യാമ്പസിലെ 2026-27 അക്കാദമിക വർഷത്തിൽ ആരംഭിക്കുന്ന ബാച്ചിലർ ഓഫ് ഫൈൻ ആർട്‌സ് (ബിഎഫ്എ.) പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. നാല് വർഷമാണ് കോഴ്‌സിന്റെ കാലാവധി. പെയിന്റിങ്, മ്യൂറൽ പെയിന്റിങ്, സ്‌കൾപ്ചർ എന്നിവയാണ് സ്‌പെഷ്യലൈസേഷനുകൾ. പ്ലസ് ടു / വൊക്കേഷണൽ ഹയർ സെക്കന്ററി അഥവാ തത്തുല്യ യോഗ്യത നേടിയവർക്ക് അപേക്ഷിക്കാം. ചോയ്‌സ് ബേസ്ഡ് ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ സമ്പ്രദായത്തിൽ നടത്തുന്ന ബിഎഫ്എ പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാനുളള പരമാവധി പ്രായം ജനറൽ വിഭാഗം വിദ്യാർത്ഥികൾക്ക് 2026 ജൂൺ ഒന്നിന് 22 വയസ്സും, എസ്‌സി / എസ്ടി വിദ്യാർഥികൾക്ക് 24 വയസുമാണ്. അഭിരുചി നിർണ്ണയ പരീക്ഷയുടെ കൂടി അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. അപേക്ഷ ഫീസ് ഓരോ കേന്ദ്രത്തിലെ ഓരോ പ്രോഗ്രാമിനും ജനറൽ / എസ്ഇബിസി വിദ്യാർഥികൾക്ക് 60 രൂപയും, എസ്‌സി / എസ്ടി വിദ്യാർഥികൾക്ക് 30 രൂപയുമാണ്.

ഡിപ്ലോമ ഇൻ ആയുർവേദ പഞ്ചകർമ്മ ആൻഡ് ഇന്റർനാഷണൽ സ്പാ തെറാപ്പി

ഏറ്റുമാനൂർ പ്രാദേശിക ക്യാമ്പസിൽ നടത്തുന്ന ഡിപ്ലോമ ഇൻ ആയുർവേദ പഞ്ചകർമ്മ ആൻഡ് ഇന്റർനാഷണൽ സ്പാ തെറാപ്പി പ്രോഗ്രാമിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കണം. ഒരു വർഷമാണ് കോഴ്‌സിന്റെ കാലാവധി. ആകെ 20 സീറ്റുകൾ. പ്ലസ് ടു / വൊക്കേഷണൽ ഹയർ സെക്കന്ററി അഥവാ തത്തുല്യ യോഗ്യതയുളളവർക്ക് അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവ്വകലാശാലയിൽ നിന്നും ബിരുദം നേടിയവർക്കും അപേക്ഷിക്കാം. ശാരീരിക ക്ഷമത, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. പ്രായം: 2026 ജൂൺ ഒന്നിന് 17-നും 35-നും ഇടയിൽ. അപേക്ഷാ ഫീസ് ജനറൽ / എസ്ഇബിസി വിദ്യാർഥികൾക്ക് 320 രൂപയും, എസ്‌സി / എസ്ടി വിദ്യാർഥികൾക്ക് 160 രൂപയുമാണ്.

അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കേണ്ട അവസാന തീയതി 2026 ജൂൺ 15. കൂടുതൽ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കുന്നതിനും www.ssus.ac.in സന്ദർശിക്കുക.

Content Highlights: Sree Sankaracharya University of Sanskrit has invited online applications for its four-year degree, BFA, and diploma programs for the 2026-27 academic year across its various campuses, with the submission deadline set for June 15.