160 ചോദ്യങ്ങളിൽ തെറ്റിയത് ഒന്നുമാത്രം; കൊറിയൻ പരീക്ഷയിലെ 'എ.ഐ' തട്ടിപ്പും ഒന്നാം റാങ്കുകാരന്റെ കുറ്റസമ്മതവും

#Education desk
പ്രതീകാത്മക ചിത്രം| Photo: canva.com
പ്രതീകാത്മക ചിത്രം| Photo: canva.com

160 ചോദ്യങ്ങളിൽ 159-ഉം ശരി, ആകെ മാർക്ക് 400-ൽ 397.5! ദക്ഷിണ കൊറിയയിലെ ദേശീയ ടാക്സ് അക്കൗണ്ടന്റ് പരീക്ഷയിൽ യുവാവ് നേടിയ 'അവിശ്വസനീയ' വിജയം തുടക്കം മുതലേ സംശയനിഴലിലായിരുന്നു. ഒടുവിൽ സത്യം പുറത്തുവന്നു. നിർമിത ബുദ്ധി ഉപയോഗിച്ചാണ് താൻ ഒന്നാം റാങ്ക് നേടിയതെന്ന് ഹാൻ എന്ന് പേരുള്ള ഉദ്യോഗാർഥി പരസ്യമായി സമ്മതിക്കുകയായിരുന്നെന്ന് ദ ഗാർഡിയൻ റിപ്പോർട്ടിൽ പറയുന്നു. 

ഏപ്രിൽ, ജൂലൈ മാസങ്ങളിലായി നടന്ന രണ്ട് ഘട്ട പരീക്ഷകളിലും ഒന്നാമതെത്തിയ ഹാൻ, മാസ്ക് ധരിച്ച് ഒരു യൂട്യൂബ് ചാനലിലൂടെയാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്.

ഹൈ-ടെക് കോപ്പിയടി ഇങ്ങനെ:

പരീക്ഷാ ഹാളിൽ ഒളിപ്പിച്ചുവെച്ച മൈക്രോ ക്യാമറ ഉപയോഗിച്ച് ചോദ്യപേപ്പറിന്റെ ചിത്രങ്ങൾ പകർത്തി. ഈ ചിത്രങ്ങൾ തത്സമയം ഒരു ജനറേറ്റീവ് എ.ഐ ടൂളിലേക്ക് അയച്ചുകൊടുത്തു. എ.ഐ നൽകിയ ഉത്തരങ്ങൾ കൈവശമുണ്ടായിരുന്ന സ്മാർട്ട്‌ഫോണിൽ നോക്കി പകർത്തിയെഴുതി.

സ്മാർട്ട് ഗ്ലാസുകൾ ഉപയോഗിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയതെന്നായിരുന്നു ആദ്യം ഉയർന്ന ആരോപണം. അന്ന് അത് നിഷേധിച്ചെങ്കിലും മാസങ്ങൾ നീണ്ട അഭ്യൂഹങ്ങൾക്കൊടുവിൽ അഭിഭാഷകൻ മുഖേന സോൾ പോലീസിന് കുറ്റസമ്മത മൊഴി കൈമാറുകയായിരുന്നു. ‘എന്റെ വിജയം ന്യായമായ പരിശ്രമത്തിന്റെ ഫലമായിരുന്നില്ല’ എന്നാണ് ഹാൻ പ്രതികരിച്ചത്.

സർക്കാരിന് തലവേദനയായി കോളേജ് പ്രവേശന പരീക്ഷ

വ്യാഴാഴ്ച ദക്ഷിണ കൊറിയയിൽ നിർണായകമായ നാഷണൽ കോളേജ് പ്രവേശന പരീക്ഷ നടക്കാനിരിക്കെയാണ് തട്ടിപ്പ് പുറത്തുവരുന്നത്.  സമാനമായ എ.ഐ തട്ടിപ്പുകൾ ആവർത്തിക്കുമോ എന്ന ആശങ്കയിലാണ് അധികൃതർ.

പരീക്ഷാ നടത്തിപ്പ് കുറ്റമറ്റതാക്കാൻ പ്രസിഡന്റിന്റെ ഓഫീസ് അടിയന്തര യോഗം വിളിച്ചുചേർത്തിട്ടുണ്ട്. എ.ഐ ഉപയോഗിച്ചുള്ള ക്രമക്കേടുകൾ തടയാൻ കർശന പരിശോധനയും നിരീക്ഷണവും ഏർപ്പെടുത്തുമെന്ന് പ്രധാനമന്ത്രി ഹാൻ സിയോങ്-സൂക്കും വ്യക്തമാക്കി.

Content Highlights: A South Korean candidate named Han confessed to topping the country's prestigious National Tax Accountant exam by secretly capturing question papers with a micro-camera and using a generative AI tool to get real-time answers