200 രൂപ മുതൽ 500 വരെ; കലോത്സവ കാലമായി, സ്കൂളുകളിൽ നിർബന്ധിത കൂപ്പൺ പിരിവും തുടങ്ങി

കൊട്ടാരക്കര: കലോത്സവ കാലമായതോടെ സ്കൂളുകളിൽ നിർബന്ധിത കൂപ്പൺ പിരിവും തുടങ്ങി.
അധ്യാപകരും വിദ്യാർഥികളും കലോത്സവ വിഹിതം നൽകണം. എൽപി, യുപി അധ്യാപകർ-200 രൂപ, ഹൈസ്കൂൾ അധ്യാപകർ-300, ഹൈസ്കൂൾ പ്രധാനാധ്യാപകർ-500, ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ അധ്യാപകർ-400, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ-500, ഒൻപതുമുതൽ 12 വരെ ക്ലാസുകളിലെ കുട്ടികൾ-50 എന്നിങ്ങനെയാണ് കൂപ്പൺ പിരിവിന്റെ നിരക്ക്.
സ്കൂൾ ഫെസ്റ്റിവൽ 2025-26 എന്ന പേരിലുള്ള കൂപ്പണുകൾ സ്കൂളുകളിൽ എത്തിയിട്ടുണ്ട്. ഹയർ സെക്കൻഡറി വിദ്യാർഥികൾ വർഷാരംഭത്തിൽത്തന്നെ സ്പെഷ്യൽ ഫീസ് എന്നപേരിൽ 50 രൂപ കലോത്സവത്തിനും 75 രൂപ സ്പോർട്‌സിനും നൽകുന്നുണ്ട്. ഇതുകൂടാതെയാണ് കൂപ്പൺ പിരിവും നൽകേണ്ടിവരുന്നത്.
അതത് ജില്ലാതലങ്ങളിൽ മാത്രമാണ് കൂപ്പൺ പിരിവിന്റെ കണക്കുകൾ എത്തുന്നത്. വകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥർക്കോ അധികാരികൾക്കോ കൂപ്പൺ പിരിവ് സംബന്ധിച്ച് സമഗ്ര ധാരണയില്ല.
പ്രവേശനസമയത്തെ ഫീസല്ലാതെ വിദ്യാർഥികളിൽനിന്ന് അധിക പിരിവുകൾ നടത്തുന്നില്ലെന്ന് നിരീക്ഷിക്കാൻ സ്പെഷ്യൽ സ്ക്വാഡുകളും നിർബന്ധിത പിരിവ് പാടില്ലെന്ന കോടതി ഉത്തരവും ഉള്ളപ്പോഴാണ് കലോത്സവത്തിന്റെപേരിൽ എല്ലാ വർഷവും കൂപ്പൺ പിരിവ് നടത്തുന്നത്.
കുട്ടികളിൽനിന്ന് കൂപ്പൺ തുക പിരിച്ചെടുക്കണമെന്ന നിർദേശം ക്ലാസ് അധ്യാപകരെ വലയ്ക്കുന്നു. കൂപ്പൺ പിരിവ് ഒഴിവാക്കണമെന്നും ആവശ്യമെങ്കിൽ നിലവിലുള്ള സ്പെഷ്യൽ ഫീസ് വർധിപ്പിക്കുകയാണ് വേണ്ടതെന്നും അധ്യാപകർ പറയുന്നു.
ഉപജില്ലാ കലോത്സവംമുതൽ സംഘാടകസമിതികൾ പ്രാദേശിക പിരിവും നടത്തുന്നുണ്ട്. രാഷ്ട്രീയനേതാക്കൾ ഭാരവാഹികളായുള്ള സമിതികളാണ് നാട്ടിലെ സമ്പന്നരിൽനിന്നും വ്യാപാരികളിൽനിന്നും സംഭാവനകൾ സ്വീകരിച്ച് കലോത്സവം ഗംഭീരമാക്കുന്നത്.
‘കൂപ്പൺ പിരിവ് ഒഴിവാക്കാനാകില്ല’
‘സർക്കാർ ഫണ്ടിൽ മാത്രം കലോത്സവം ഭംഗിയായി നടത്താൻ കഴിയില്ല. കൂപ്പൺ പിരിവിൽ 60 ശതമാനം ഉപജില്ലാ കലോത്സവ നടത്തിപ്പിനും 40 ശതമാനം ജില്ലാ കലോത്സവത്തിനുമാണ്. രണ്ട് ലക്ഷം രൂപയിൽ താഴെയാണ് ഉപജില്ലാ കലോത്സവത്തിനു ലഭിക്കുന്ന സർക്കാർ സഹായം. ഭക്ഷണ കമ്മിറ്റിക്കു മാത്രം ഇത്രയും തുക വേണ്ടിവരും. മറ്റു കമ്മിറ്റികളുടെ പ്രവർത്തനത്തിനും പണം അനിവാര്യമാണ്.
ജില്ലാ കലോത്സവ നടത്തിപ്പിന് 24 ലക്ഷം രൂപയാണ് ലഭിക്കുന്നത്. ഭക്ഷണ കമ്മിറ്റിക്കും പ്രോഗ്രാം കമ്മിറ്റിക്കും മാത്രം 10 ലക്ഷംവീതം വേണ്ടിവരും. 12 കമ്മിറ്റികളാണുള്ളത്. എല്ലാ സമിതികൾക്കും നല്ല ചെലവുള്ളതാണ്. ഹൈസ്കൂളുകളിൽ നിലവിൽ സ്പെഷ്യൽ ഫീസില്ല.
അതിനാലാണ് അധ്യാപകരിൽനിന്നും ഒൻപതുമുതൽ 12 വരെ ക്ലാസുകളിലെ കുട്ടികളിൽനിന്നും കൂപ്പൺ നൽകി ഫണ്ട് ശേഖരിക്കുന്നത്’- കൊല്ലം ഡിഡിഇ കെ.ഐ. ലാൽ അഭിപ്രായപ്പെട്ടു.
Content Highlights: Schools in Kottarakkara face mandatory coupon collection for festivals, raising concerns among teachers and students despite court orders.