സ്കൂൾബാഗ് ഭാരം കുറയ്ക്കാൻ ടൈംടേബിൾ പരിഷ്കരിക്കുന്നു; അടുത്തയാഴ്ച ഉന്നതതലയോഗം

തിരുവനന്തപുരം: സ്കൂൾബാഗിന്റെ ഭാരംകുറയ്ക്കാൻ സർക്കാരിനുമുന്നിലുള്ളത് രണ്ടു വിദഗ്ധ റിപ്പോർട്ടുകൾ. എൽ.ഡി.എഫ്. സർക്കാരിന്റെ കാലത്തെ എസ്.സി.ഇ.ആർ.ടി. പഠനറിപ്പോർട്ടും ബാലാവകാശ കമ്മിഷൻ സമർപ്പിച്ച റിപ്പോർട്ടുമാണവ. വിഷയം ചർച്ചചെയ്യാൻ അടുത്തയാഴ്ച ഉന്നതതലയോഗം ചേരും.
ദേശീയ മാനദണ്ഡവും എൻ.സി.ഇ.ആർ.ടി.യുടെ സ്കൂൾബാഗ് നയവും പരിഗണിച്ചാവും പരിഷ്കാരമെന്ന് അധികൃതർ വ്യക്തമാക്കി. ടൈംടേബിൾ ക്രമീകരണമാണ് രണ്ടു റിപ്പോർട്ടുകളിലെയും പ്രായോഗിക നിർദേശം. എൽ.പി.യിൽ നാലും യു.പി., ഹൈസ്കൂൾതലങ്ങളിൽ പത്തും ഹയർസെക്കൻഡറിയിൽ ആറും വിഷയങ്ങളാണ് പഠിക്കാനുള്ളത്.
ദിവസം എട്ടു പീരിയഡുകളിലായി ഏഴോ എട്ടോ വിഷയങ്ങളാണ് പഠിപ്പിക്കുന്നത്. ഇതിനുപകരം മൂന്ന്, നാല് വിഷയങ്ങൾ മാത്രമാക്കി ടൈംടേബിൾ പുനഃക്രമീകരിച്ച് പുസ്തകങ്ങളുടെ എണ്ണം പകുതിയാക്കാം. ഇതു നടപ്പാക്കാൻ മോഡൽ ടൈംടേബിൾ തയ്യാറാക്കി പൊതുവിദ്യാഭ്യാസ വകുപ്പിന് കൈമാറിയിരിക്കുകയാണ് ബാലാവകാശ കമ്മിഷൻ. ഇതു നടപ്പാക്കാൻ സാമ്പത്തികബാധ്യതയില്ല.
നിലവിലെ 200 പേജിനുപകരം 120 പേജിന്റെ നോട്ട്ബുക്കാണ് കമ്മിഷൻ ശുപാർശ ചെയ്യുന്നത്. പല വിഷയങ്ങൾക്കുമായി സംയോജിത നോട്ട് ബുക്ക് ആവാമെന്നാണ് എസ്.സി.ഇ.ആർ.ടിയുടെ നിർദേശം. ക്ലാസ് റൂം പഠനത്തിന് പാഠപുസ്തകങ്ങളുടെ ഇ-പതിപ്പ് നിർദേശിച്ചിട്ടുണ്ടെങ്കിലും, വിദ്യാർഥികൾക്ക് ടാബ് ഉൾപ്പെടെയുള്ള ഡിജിറ്റൽ ഉപകരണങ്ങൾ ലഭ്യമാക്കേണ്ടി വരും.
മാസാടിസ്ഥാനത്തിലുള്ള പാഠങ്ങൾ ഉൾപ്പെടുത്തി പുസ്തകങ്ങൾ അച്ചടിക്കുക, പരീക്ഷാക്കാലയളവ് കണക്കാക്കി പുസ്തകങ്ങൾ ഇറക്കുക, കടലാസിന്റെ കനം കുറയ്ക്കുക തുടങ്ങിയ മാർഗങ്ങൾ പരിശോധിക്കുന്നുണ്ടെന്ന് മന്ത്രി എൻ. ഷംസുദ്ദീൻ പറഞ്ഞിരുന്നു.
മറ്റു മാർഗങ്ങൾ
• ഹൈസ്കൂൾ, ഹയർസെക്കൻഡറി ക്ലാസുകളിൽ പുസ്തകങ്ങൾ സൂക്ഷിക്കാൻ വ്യക്തിഗത ലോക്കർ
• പാഠപുസ്തകങ്ങൾ പങ്കുവെക്കൽ
• നോട്ടെഴുതാൻ പേപ്പർ. ഫയലിങ് സംവിധാനം
• ഹോംവർക്കിന് വർക് ഷീറ്റ്
• സാധ്യമായ വിഷയങ്ങളിൽ ഇ-ബുക്ക്
Content Highlights: The Kerala government is set to hold a high-level meeting next week to implement recommendations from SCERT and the Child Rights Commission aimed at reducing school bag weight through timetable restructuring, thinner notebooks, lockers, and digital textbooks.