പെണ്‍കുട്ടികള്‍ക്ക് എന്‍ജിനിയറിങ് പഠനത്തിന് എട്ട് ലക്ഷം രൂപ വരെ സ്‌കോളര്‍ഷിപ്പ്; ലിസ്റ്റില്‍ കോഴിക്കോട് എന്‍ഐടിയും

#ഡോ. എസ്. രാജൂകൃഷ്ണന്‍
പ്രതീകാത്മക ചിത്രം.|Photo: Gemini AI
പ്രതീകാത്മക ചിത്രം.|Photo: Gemini AI

കോര്‍ എന്‍ജിനിയറിങ്, മാനുഫാക്ചറിങ് മേഖലകളില്‍ മികവു പുലര്‍ത്താന്‍ ആഗ്രഹിക്കുന്ന പെണ്‍കുട്ടികളെ ശാക്തീകരിക്കുന്നതിനായി, ബജാജ് ഓട്ടോ ലിമിറ്റഡ് അവരുടെ സിഎസ്ആര്‍ പദ്ധതിപ്രകാരം ഏര്‍പ്പെടുത്തിയ രൂപ രാഹുല്‍ ബജാജ് സ്‌കോളര്‍ഷിപ്പ് ഫോര്‍ വിമെന്‍ ഇന്‍ എന്‍ജിനിയറിങ്ങിന് അപേക്ഷിക്കാം. എട്ട് ലക്ഷം രൂപ വരെയാണ് സ്‌കോളര്‍ഷിപ്പ് ലഭിക്കുക.

യോഗ്യത

അംഗീകൃത മത്സരപരീക്ഷയിലൂടെ ഒരു കോര്‍ ബിഇ/ബിടെക് പ്രോഗ്രാമില്‍ 2025-26ല്‍ നിശ്ചിത സ്ഥാപനത്തില്‍ പ്രവേശനം നേടിയ പെണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം. ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള രാജ്യത്തെ 40 മുന്‍നിര എന്‍ജിനിയറിങ് കോളേജുകളില്‍/സ്ഥാപനങ്ങളില്‍ ആയിരിക്കണം പഠനം.

പദ്ധതിയില്‍ ഉള്‍പ്പെടുന്ന 40 സ്ഥാപനങ്ങളുടെ പട്ടിക വെബ്‌സൈറ്റിലുണ്ട്. കോഴിക്കോട് എന്‍ഐടിയും ഉള്‍പ്പെടുന്നു. മെക്കാനിക്കല്‍ എന്‍ജിനിയറിങ്, ഇലക്ട്രിക്കല്‍ എന്‍ജി., ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജി., ഇന്‍ഡസ്ട്രിയല്‍/പ്രൊഡക്ഷന്‍ എന്‍ജി., ഓട്ടോമൊബൈല്‍ എന്‍ജി., മെക്കട്രോണിക്‌സ്, ഇന്‍സ്ട്രുമെന്റേഷന്‍, മെറ്റീരിയല്‍ സയന്‍സസ്, മെറ്റലര്‍ജി എന്നിവയിലൊരു ബ്രാഞ്ചില്‍ ആയിരിക്കണം പഠിക്കേണ്ടത്. പന്ത്രണ്ടാം ക്ലാസില്‍ കുറഞ്ഞത് 75 ശതമാനം മാര്‍ക്ക് നേടിയിരിക്കണം.

സാമ്പത്തിക സഹായം

ബിരുദ പ്രോഗ്രാമിന്റെ കാലയളവില്‍ എട്ടുലക്ഷം രൂപവരെ സ്‌കോളര്‍ഷിപ്പായി ലഭിക്കും. നിര്‍മാണ പരിതഃസ്ഥിതികള്‍, വ്യാവസായിക സന്ദര്‍ശനങ്ങള്‍ തുടങ്ങിയവയിലൂടെ ലഭിക്കുന്ന ഇടപഴകല്‍ വഴിയുള്ള വ്യാവസായിക എക്‌സ്‌പോഷര്‍, പരിചയസമ്പന്നരായ പ്രൊഫഷണലുകളില്‍നിന്നും വനിതാ നേതാക്കളില്‍നിന്നുമുള്ള മാര്‍ഗനിര്‍ദേശം, ലൈഫ് സ്‌കില്‍സ് ട്രെയിനിങ്, തുടര്‍ച്ചയായ പിന്തുണയ്ക്കും സഹകരണത്തിനും പൂര്‍വവിദ്യാര്‍ഥികള്‍, പിയര്‍ നെറ്റ്‌വര്‍ക്ക് എന്നിവയും ലഭിക്കും.

അപേക്ഷ

പദ്ധതിയുടെ വിവരങ്ങള്‍ ruparahulbajajscholarship.bajajauto.co.in അപേക്ഷ 31-നകം നല്‍കണം. പന്ത്രണ്ടാം ക്ലാസിലെ അക്കാദമിക് മികവ്, സ്റ്റേറ്റ്‌മെന്റ് ഓഫ് പര്‍പ്പസ് (എസ്പി) എന്നിവയുടെ അടിസ്ഥാനത്തില്‍ ആയിരിക്കും തിരഞ്ഞെടുപ്പ്.

Content Highlights: Bajaj Auto offers Rupa Rahul Bajaj Scholarship for girls in engineering. Eligible students can get up to ₹8 lakh. NIT Calicut included.