30 കുഞ്ഞുങ്ങൾക്ക് അന്നമൊരുക്കിയ 'പ്രിയദർശിനി'; പൊന്മുടിയിൽ മാതൃകയായി മൂന്ന് അധ്യാപികമാർ

#അജ്മൽ എൻ. എസ്

ഇരുപത്തിരണ്ട് ഹെയർപിൻ വളവുകൾ പിന്നിട്ട് പൊന്മുടിയുടെ മുകളിലേക്ക് കയറിച്ചെല്ലുന്ന പ്രിയദർശിനി ബസ്. ഈ യാത്രയിൽ നിറയുന്നത് യാത്രക്കാരെ ലക്ഷ്യസ്ഥാനത്തെത്തിക്കാനുള്ള കരുതൽ മാത്രമല്ല, 30 കുരുന്നുകളുടെ വിശപ്പകറ്റാനുള്ള സ്നേഹം കൂടിയാണ്. ദിവസവും പ്രിയദർശിനി ബസിൽ സൗജന്യമായി യാത്ര ചെയ്യുന്ന മൂന്ന് അധ്യാപികമാർ തങ്ങളുടെ യാത്രയ്ക്കായി ചെലവാകുമായിരുന്ന പണം മിച്ചംപിടിച്ച് പൊന്മുടിയിലെ കുട്ടികൾക്ക് വൈകുന്നേരത്തെ ഭക്ഷണമൊരുക്കുകയാണ്. സ്വന്തം യാത്രയിലെ ലാഭം കുട്ടികളുടെ വിശപ്പകറ്റാനുള്ള അന്നമായി മാറ്റുന്ന ഈ അധ്യാപികമാരുടെ പ്രവർത്തനം മാതൃകയാവുകയാണ്.

പൊന്മുടി ജി.യു.പി.എസ്. സ്കൂളിലെ ഒന്നുമുതൽ ഏഴുവരെ ക്ലാസുകളിലെ 30 കുട്ടികൾക്കാണ് ഇവരുടെ സഹായത്തോടെ വൈകുന്നേരത്തെ ഭക്ഷണം ലഭിക്കുന്നത്. മലപ്പുറം മഞ്ചേരി സ്വദേശിനി പി. നിമിഷ, പാലക്കാട് ഒറ്റപ്പാലം സ്വദേശിനി കെ. ജയശ്രീ ദേവൻ, വയനാട് സുൽത്താൻ ബത്തേരി സ്വദേശിനി ശാലു പൗലോസ് എന്നിവരാണ് ഈ സ്നേഹപ്രവർത്തനത്തിന് പിന്നിൽ.

വൈകുന്നേരത്തെ വിശപ്പിന് ഒരു കരുതൽ

പൊന്മുടിയിലെ തോട്ടം തൊഴിലാളികളുടെ മക്കൾ പഠിക്കുന്ന സ്കൂളിൽ വൈകുന്നേരത്തെ ഭക്ഷണം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സായാഹ്ന ഭക്ഷണപദ്ധതി ആരംഭിച്ചത്. മാതാപിതാക്കൾ തോട്ടങ്ങളിലെ ജോലികൾ കഴിഞ്ഞ് ലയങ്ങളിലേക്ക് മടങ്ങിയെത്തുമ്പോൾ പലപ്പോഴും വൈകുന്നേരമാകും. കുട്ടികൾക്ക് സ്കൂളിൽനിന്ന് പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും സൗജന്യമായി ലഭിക്കുന്നുണ്ടെങ്കിലും വൈകുന്നേരത്തെ വിശപ്പകറ്റാൻ മറ്റു മാർഗങ്ങളില്ലാത്ത സാഹചര്യമുണ്ടായിരുന്നു.

ഈ പ്രശ്നത്തിന് പരിഹാരമെന്ന നിലയിലാണ് വിതുര കെ.എസ്.ടി.എ. ബ്രാഞ്ചിന്റെ നേതൃത്വത്തിൽ 2024 ഡിസംബറിൽ സായാഹ്ന ഭക്ഷണപദ്ധതിക്ക് തുടക്കമിട്ടത്. കുട്ടികൾക്ക് വൈകുന്നേരം ഭക്ഷണം നൽകുന്ന പദ്ധതി സ്പോൺസർമാരുടെ സഹായത്തോടെയാണ് മുന്നോട്ടുപോയിരുന്നത്. രണ്ടുവർഷത്തിലേറെയായി കുട്ടികൾക്ക് ആശ്വാസമാകുന്ന ഈ പദ്ധതിക്ക് തുടർച്ചയായി സാമ്പത്തിക പിന്തുണ ഉറപ്പാക്കുകയെന്നത് പ്രധാന വെല്ലുവിളിയായിരുന്നു. പലപ്പോഴും തുക കണ്ടെത്തുന്നത് നാട്ടുകാരും അധ്യാപകരും ഒക്കെ ചേർന്നായിരുന്നു.

സൗജന്യ യാത്രയിലെ മിച്ചം കുട്ടികൾക്ക്

പൊന്മുടിയിൽനിന്ന് 22 കിലോമീറ്റർ അകലെയുള്ള വിതുരയിൽ വാടകയ്ക്ക് താമസിക്കുന്നവരാണ് മൂന്ന് അധ്യാപികമാരും. ജോലിക്കായി ദിവസവും പ്രിയദർശിനി ബസിൽ യാത്ര ചെയ്യുന്ന ഇവർക്ക് സൗജന്യ യാത്രയിലൂടെ പ്രതിമാസം ഏകദേശം 3,000 രൂപയോളം ലാഭിക്കാനാകും.

പദ്ധതിക്കായി എപ്പോഴും ഒരാളെമാത്രം ആശ്രയിക്കുന്നത് ഒഴിവാക്കണമെന്ന ചിന്തയിൽനിന്നാണ് അധ്യാപികമാർ പുതിയൊരു മാർഗം കണ്ടെത്തിയത്. സ്വന്തം യാത്രയ്ക്കായി ചെലവാകുമായിരുന്ന തുക കുട്ടികളുടെ വൈകുന്നേരത്തെ ഭക്ഷണത്തിനായി മാറ്റിവെക്കാമെന്ന ആശയം അങ്ങനെ രൂപപ്പെട്ടു. യാത്രയിലെ മിച്ചം കുട്ടികളുടെ വിശപ്പകറ്റാനുള്ള തുകയായി മാറി. ഒരു ബസ് യാത്രയ്ക്കിടെ തന്നെയാണ് ഈ ആശയം അധ്യാപകരുടെ മനസ്സിൽ ഉദിക്കുന്നത്.

സാമ്പത്തിക സഹായം എന്നതിലുപരി കുട്ടികളോടുള്ള കരുതലിന്റെയും അധ്യാപകവൃത്തിയോടുള്ള ആത്മാർഥതയുടെയും ഉദാഹരണമാണ് ഇവരുടെ പ്രവർത്തനം. പഠനത്തിനൊപ്പം കുട്ടികളുടെ ആരോഗ്യവും പോഷകാഹാരവും ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞാണ് അധ്യാപികമാർ ഈ തീരുമാനമെടുത്തത്.

'പല കുട്ടികളുടേയും വീട്ടിലെ സ്ഥിതി ദയനീയമാണ്. രാവിലെയും ഉച്ചയ്ക്കും ഭക്ഷണത്തിനുള്ള തുക പഞ്ചായത്തിൽ നിന്നും സർക്കാരിൽ നിന്നും ലഭിക്കും. വെെകുന്നേരം ഭക്ഷണം ഉള്ളത് കുട്ടികൾക്കും അവരുടെ കുടുംബത്തിനും ഒരു ആശ്വാസമാണ്. ഞങ്ങളെക്കൊണ്ട് സാധിക്കുന്നതെല്ലാം കുട്ടികൾക്കായി ചെയ്യും', അധ്യാപകർ പറയുന്നു.

അധ്യാപകരുടെ കരുതലിന് മന്ത്രിയുടെ ആദരം

അധ്യാപികമാരുടെ ഈ മാതൃകാപ്രവർത്തനം ശ്രദ്ധയിൽപ്പെട്ട ഗതാഗതവകുപ്പ് മന്ത്രി സി.പി. ജോൺ ഇവരെ വസതിയിലേക്ക് ക്ഷണിച്ച് ആദരിച്ചു. യാത്രയിലെ സൗജന്യത്തെ വ്യക്തിപരമായ നേട്ടമായി കാണാതെ സമൂഹത്തിലെ ആവശ്യക്കാരായ കുട്ടികൾക്കായി ഉപയോഗപ്പെടുത്തിയ അധ്യാപികമാരുടെ പ്രവർത്തനം അഭിനന്ദനാർഹമാണെന്ന് മന്ത്രി പ്രശംസിച്ചു.

Content Highlights: Three teachers traveling on Priyadarsini bus save around 3,000 rupees monthly from free travel.