എം.ആർക് പഠനത്തിന് പ്രതിവർഷം 25,000 രൂപ സ്കോളർഷിപ്പ്; പി.ജി.ഇ.ടി.എ. പരീക്ഷയ്ക്ക് അപേക്ഷിക്കാം

#ഡോ. എസ് രാജൂകൃഷ്ണൻ
പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com
പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com

കൗൺസിൽ ഓഫ് ആർക്കിടെക്ചർ അംഗീകാരമുള്ള സ്ഥാപനങ്ങളിലെ 2026-27 അക്കാദമിക് സെഷനിലെ, രണ്ടുവർഷ ആർക്കിടെക്ചർ മാസ്റ്റേഴ്‌സ് പ്രോഗ്രാം (എം.ആർക്.) പ്രവേശനത്തിന് കൗൺസിൽ ഓഫ് ആർക്കിടെക്ചർ (സി.ഒ.എ.) നടത്തുന്ന പോസ്റ്റ് ഗ്രാജുേവറ്റ് എൻട്രൻസ് ടെസ്റ്റ് ഇൻ ആർക്കിെടക്ചറിന് (പി.ജി.ഇ.ടി.എ.), ഇപ്പോൾ അപേക്ഷിക്കാം.

പരീക്ഷ

പരീക്ഷ മൂന്നുതവണ നടത്തും. ആദ്യ പരീക്ഷ മേയ് 31-ന്. രണ്ടും മൂന്നും പരീക്ഷകൾ ജൂൺ 14-നും 28നും നടത്തും. പരീക്ഷയുടെ ദൈർഘ്യം രണ്ടു മണിക്കൂർ (രാവിലെ 10 മുതൽ 12 വരെ). ഒരു അപേക്ഷാർഥിക്ക്‌ ഒന്ന്/രണ്ട്/മൂന്ന് പരീക്ഷകൾ അഭിമുഖീകരിക്കാം. ഒരു പരീക്ഷ മാത്രം അഭിമുഖീകരിച്ചാൽ, അതിലെ സ്‌കോർ പ്രവേശനത്തിന് പരിഗണിക്കും. ഒന്നിൽ കൂടുതൽ ടെസ്റ്റുകൾ അഭിമുഖീകരിച്ചാൽ തമ്മിൽ ഭേദപ്പെട്ട സ്‌കോർ അന്തിമഫലത്തിനായി പരിഗണിക്കും.

ആദ്യ പരീക്ഷയ്ക്ക് മേയ് 20 വരെയും രണ്ടാമത്തേതിന് ജൂൺ അഞ്ചു വരെയും മൂന്നാമത്തേതിന് 15 വരെയും രജിസ്റ്റർചെയ്യാം. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയായിരിക്കും. സ്കോറിന് 2026-27 അക്കാദമിക് വർഷത്തേക്കു മാത്രമാണ് സാധുത.

നാലു മൊഡ്യൂളുകൾ അടങ്ങുന്നതാണ് സിലബസ്: (i) ആർക്കിടെക്ചർ ആൻഡ് ഡിസൈൻ (64 ചോദ്യങ്ങൾ) (ii) ബിൽഡിങ് സയൻസസ് ആൻഡ് അപ്ലൈഡ് എൻജിനിയറിങ് (14) (iii) പ്രൊഫഷണൽ ഇലക്ടീവ്‌സ് (6) (iv) പ്രൊഫഷണൽ എബിലിറ്റി ആൻഡ് സ്‌കിൽ എൻഹാൻസ്‌മെന്റ് കോഴ്‌സസ് (16).

ഓരോ മൊഡ്യൂളിലെയും ഉപ മേഖലകൾ www.pgeta.in ലെ ഇൻഫർമേഷൻ ബ്രോഷറിൽ ഉണ്ട്. കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ: കൊച്ചി/എറണാകുളം, കോഴിക്കോട്, കോട്ടയം, മലപ്പുറം, തിരുവനന്തപുരം, തൃശ്ശൂർ.

പ്രവേശനയോഗ്യത

കുറഞ്ഞത് മൊത്തം 50 ശതമാനം മാർക്ക്/തത്തുല്യ സി.ജി.പി.എ. നേടി ആർക്കിടെക്ചർ ബാച്ച്‌ലർ ബിരുദം/തത്തുല്യ യോഗ്യത നേടിയിരിക്കണം. യോഗ്യതാ പ്രോഗ്രാം അന്തിമവർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. യോഗ്യതാ മാർക്ക് ഇളവ്, സംവരണം തുടങ്ങിയവ പ്രവേശന/കൗൺസലിങ് അധികാരികൾക്കു തീരുമാനിക്കാം.

ഉയർന്ന പ്രായപരിധി ഇല്ല.

എം.ആർക്. പ്രവേശനം തേടുന്നവർ ഈ യോഗ്യതക്കൊപ്പം എൻട്രൻസ് പരീക്ഷായോഗ്യതയും നേടണം. എൻട്രൻസ് ടെസ്റ്റിന് ഉൾപ്പെടെ വിവിധ ഘടകങ്ങൾക്ക് വെയ്‌റ്റേജ് നൽകി പ്രവേശന അധികാരികൾ റാങ്ക് പട്ടിക തയ്യാറാക്കും.

അപേക്ഷ

www.pgeta.in വഴി അപേക്ഷിക്കാം. ഒരു ടെസ്റ്റിന് അപേക്ഷിക്കാനുള്ള ഫീ 1750 രൂപ. പട്ടിക/ഭിന്നശേഷി/ഇ.ഡബ്ല്യു.എസ്. -1250 രൂപ, ട്രാൻസ് ജൻഡർ -1000 രൂപ. തുക ഓൺലൈൻ അടയ്ക്കാം. ഫീസ് വിജയകരമായി അടച്ചു കഴിയുമ്പോൾ ലഭിക്കുന്ന കൺഫർമേഷൻ പേജിന്റെ പകർപ്പ് ഭാവി ആവശ്യങ്ങൾക്ക് സൂക്ഷിച്ചു വെക്കാം.

ഓരോ റൗണ്ടിനും ബാധകമായ കറക്‌ഷൻ വിൻഡോ സൗകര്യം, അഡ്മിറ്റ് കാർഡ് ലഭ്യത, റിസൽട്ട് പ്രസിദ്ധീകരണം (പെർസൻടൈൽ അടിസ്ഥാനമാക്കി) എന്നിവയുടെ തീയതികൾ ബ്രോഷറിൽ ഉണ്ട്.

സ്കോളർഷിപ്പ്

യോഗ്യത നേടുന്നവരിൽ മുൻപിലെത്തുന്ന 100 പേർക്ക് എം.ആർക്. പ്രവേശനം നേടുന്നതിനു വിധേയമായി രണ്ടുവർഷത്തേക്ക് പ്രതിവർഷം 25,000 രൂപ നിരക്കിൽ സ്‌കോളർഷിപ്പ് അനുവദിക്കും.

Content Highlights: PGETA 2026-27 entrance for M.Arch programs., Exam dates: May 31, June 14, and June 28, 2026., Best score out of three attempts will be considered., Computer-based test with 4-module syllabus.,