തത്സമയ ബയോമെട്രിക് വെരിഫിക്കേഷൻ നടപ്പിലാക്കാൻ എൻടിഎ; 2026 JEE മുതൽ നടപ്പിലാക്കും

#Education Desk
പ്രതീകാത്മക ചിത്രം.|Photo: Gemini AI
പ്രതീകാത്മക ചിത്രം.|Photo: Gemini AI

അടുത്ത വർഷം മുതൽ നാഷണൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന പ്രധാനപ്പെട്ട ദേശീയതലത്തിലുള്ള പ്രവേശനപരീക്ഷകളിൽ പങ്കെടുക്കുന്നവർക്ക് തിരിച്ചറിയൽ സംവിധാനം കർശനമാക്കും. പരീക്ഷാകേന്ദ്രങ്ങളിൽ എത്തുന്ന ഉദ്യോഗാർഥികൾക്ക് മുഖം തിരിച്ചറിയുന്ന തത്സമയ പരിശോധനയാണ് നടപ്പിലാക്കാൻ പോകുന്നത്.

എൻടിഎ നടത്തുന്ന പ്രധാന പരീക്ഷകളായ ജോയിന്റ് എൻട്രൻസ് എക്‌സാമിനേഷൻ (JEE MAIN), നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്- അണ്ടർഗ്രോജ്വേറ്റ് (NEET-UG) എന്നിവയിൽ പുതിയ സംവിധാനം നടപ്പിലാക്കും. 2026 ജനുവരിയിൽ നടക്കുന്ന ജെഇഇ മെയിൻസ് പരീക്ഷ മുതൽ ഇത് ആരംഭിക്കുമെന്ന് സ്ഥിരീകരിച്ചു.

പരീക്ഷയുടെ വിവിധ ഘട്ടങ്ങളിൽ തത്സമയ തിരിച്ചറിയൽ പരിശോധന പൂർത്തിയാക്കുക, ആളുമാറി പരീക്ഷ എഴുതുന്നത് പോലുള്ള അനധികൃത പ്രവർത്തനങ്ങൾ തടയുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 2025-ൽ നടന്ന നീറ്റ് യുജി പരീക്ഷയിലെ തിരഞ്ഞെടുത്ത ചില സ്ഥാപനങ്ങളിൽ ആധാർ അടിസ്ഥാനമാക്കിയുള്ള മുഖം തിരിച്ചറിയൽ സംവിധാനം ഏർപ്പെടുത്തിയത് വിജയിച്ചിരുന്നു. പുതിയ സംവിധാനം നടപ്പിലാകുമ്പോൾ പരീക്ഷകൾക്ക് അപേക്ഷിക്കുന്ന സമയത്ത് വിദ്യാർഥികൾ വെബ്ക്യാം അല്ലെങ്കിൽ മൊബൈൽ ഫോൺ വഴി എടുത്ത ലൈവ് ഫോട്ടോ അപ്‌ലോഡ് ചെയ്യണം.

ഇതിലൂടെ പരീക്ഷയ്ക്ക് അപേക്ഷിക്കുന്ന വ്യക്തിയും പരീക്ഷാകേന്ദ്രത്തിൽ ഹാജരാകുന്ന വിദ്യാർഥിയും ഒരാൾ തന്നെയാണെന്ന് ഇതിലൂടെ ഉറപ്പിക്കും. ഇതിനായി നിർമ്മിതബുദ്ധി അധിഷ്ഠിത സംവിധാനങ്ങൾ ഉപയോഗിച്ച് ശേഖരിച്ച ഡാറ്റയുമായി താരതമ്യം ചെയ്താണ് ബയോമെട്രിക് വെരിഫിക്കേഷൻ നടത്തുന്നത്. 

Content Highlights: National Testing Agency (NTA) will enforce strict face recognition for JEE Main & NEET UG from 2026 to curb malpractices. Live verification to ensure authenticity.