ഉത്തരസൂചികയെക്കുറിച്ച് പരാതി നൽകാൻ ഉയർന്ന ഫീസ്; വ്യാജപരാതികൾ കുറയ്ക്കാനെന്ന് എൻ.ടി.എ.

ന്യൂഡൽഹി: പരീക്ഷകളുടെ ഉത്തരസൂചികയുമായി ബന്ധപ്പെട്ട് പരാതി നൽകുമ്പോൾ ഉയർന്ന ഫീസീടാക്കുന്നുവെന്ന വിദ്യാർഥികളുടെ വിമർശനത്തിൽ വിശദീകരണവുമായി നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ.). വ്യാജ പരാതികൾ കുറയ്ക്കാനാണ് തുകയീടാക്കുന്നതെന്നും കഴമ്പുണ്ടെങ്കിൽ തുക തിരിച്ചുനൽകാറുണ്ടെന്നും എൻ.ടി.എ. അറിയിച്ചു.
ഏജൻസിയുടെ പരീക്ഷകൾ കഴിഞ്ഞ് പ്രൊവിഷണൽ ഉത്തരസൂചിക വരുമ്പോഴാണ് വിദ്യാർഥികൾക്ക് പരാതി നൽകാനാവുക. ഉത്തരസൂചികയിലെ പ്രശ്‌നമുണ്ടെന്ന് തോന്നുന്ന കാര്യങ്ങൾ ഓൺലൈനായി ചലഞ്ച് ചെയ്യുകയാണ് വേണ്ടത്. സംശയമുന്നയിക്കുന്ന ഓരോ ചോദ്യത്തിനും 200 രൂപയാണ് പരാതിപ്പെടുമ്പോൾ എൻ.ടി.എ. ഈടാക്കാറുള്ളത്. ഇതിനെതിരേയാണ് വിദ്യാർഥികൾ വിമർശനമുന്നയിക്കുന്നത്.
ഉയർന്ന തുകയായതിനാൽ പലപ്പോഴും പരാതി നൽകാൻ സാധിക്കാത്ത സ്ഥിതിയാണെന്നും പല ഉത്തരങ്ങളും എൻ.ടി.എ. തെറ്റാണെന്ന് സമ്മതിച്ചുതരില്ലെന്നും വിദ്യാർഥികൾ സാമൂഹികമാധ്യമങ്ങളിൽ ആരോപിക്കുന്നുണ്ട്. എന്നാൽ, ലാഭമുണ്ടാക്കാനല്ല പണം വാങ്ങുന്നതെന്നും തെറ്റുണ്ടെന്നു കണ്ടാൽ അതു തിരിച്ചുനൽകുമെന്നും എൻ.ടി.എ. വിശദീകരണത്തിൽ പറയുന്നു. ഒരു പരാതിയിൽ തെറ്റു ബോധ്യപ്പെട്ടാൽ അതിന്റെ ഗുണം പരീക്ഷയെഴുതിയ എല്ലാവർക്കും ലഭിക്കും. സുതാര്യതയുറപ്പാക്കുന്ന സംവിധാനമായാണ് ഈ രീതി അവതരിപ്പിക്കപ്പെട്ടിരിക്കുന്നതെന്നും എൻ.ടി.എ. കൂട്ടിച്ചേർത്തു.
സ്വന്തം കഴിവുകേടിനെ വിദ്യാർഥികളുടെ ചെലവിൽ ശരിയാക്കിയെടുക്കാമെന്ന നയമാണ് എൻ.ടി.എ. സ്വീകരിക്കുന്നതെന്ന് ഓൾ ഇന്ത്യ സ്റ്റുഡന്റ്‌സ് അസോസിയേഷൻ (ഐസ) കുറ്റപ്പെടുത്തി. തെറ്റുവരുത്തിയ ശേഷം വിദ്യാർഥികളെക്കൊണ്ട് അതു കണ്ടെത്തിക്കുക. അതു ചൂണ്ടിക്കാണിക്കാൻ 200 രൂപവെച്ചു വാങ്ങിയെടുക്കുക. തെറ്റ് സമ്മതിച്ചാൽ മാത്രം പണം തിരിച്ചുകൊടുക്കുക എന്ന വിചിത്രമായ സമീപനമാണ് എൻ.ടി.എ.ക്കെന്നും ഐസ പരിഹസിച്ചു. ചോദ്യപ്പിഴവുകളെത്തുടർന്ന് യു.ജി.സി. നെറ്റിന്റെ മൂന്നു വിഷയങ്ങളിൽ പുനഃപരീക്ഷ നടത്താൻ എൻ.ടി.എ. തീരമാനിച്ചിട്ടുണ്ട്.
Content Highlights: NTA charges Rs 200 per question to challenge provisional answer keys., The agency states the high fee is intended to reduce fake or frivolous complaints., Fees are refunded if the challenge is found to be valid and correct.