എന്‍ടിഎ പ്രവേശനപരീക്ഷകള്‍ സ്‌കൂള്‍ പാഠ്യപദ്ധതിയുമായി ചേര്‍ന്നുപോകണം -പാര്‍ലമെന്റ് സമിതി

#സ്വന്തം ലേഖകന്‍
പ്രതീകാത്മക ചിത്രം.|Photo: Gemini AI
പ്രതീകാത്മക ചിത്രം.|Photo: Gemini AI

പ്രവേശനപരീക്ഷകള്‍ സ്‌കൂള്‍ പാഠ്യപദ്ധതിയുമായി ചേര്‍ന്നുപോകുന്നതാവണമെന്ന് പാര്‍ലമെന്റിന്റെ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ശുപാര്‍ശ. സ്വകാര്യമേഖലയില്‍ കൂണുപോലെ പരിശീലനകേന്ദ്രങ്ങള്‍ വര്‍ധിക്കുന്നത് ചൂണ്ടിക്കാട്ടിയ സമിതി, സമാന്തര പാഠ്യപദ്ധതി ഒഴിവാക്കാന്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) പ്രവര്‍ത്തിക്കണമെന്നും നിര്‍ദേശിച്ചു.

കഴിഞ്ഞവര്‍ഷം എന്‍ടിഎ നടത്തിയ 14 പരീക്ഷകളില്‍ അഞ്ചെണ്ണത്തില്‍ പ്രശ്‌നം നേരിട്ടു. എന്‍ടിഎയുടെ പ്രകടനം ആത്മവിശ്വാസം നല്‍കുന്നതല്ലെന്നും പരാതി ഒഴിവാക്കാന്‍ പേനയും കടലാസും ഉപയോഗിച്ചുള്ള പരീക്ഷയെക്കുറിച്ച് പഠിച്ച് നടപ്പാക്കണമെന്നും സമിതി നിര്‍ദേശിച്ചു. സിബിഎസ്ഇ, യുപിഎസ്‌സി പരീക്ഷകളുടെ വിജയം ഇതിനായി ഉദാഹരിച്ചു. ദേശീയ വിദ്യാഭ്യാസ നയം വിദൂര-ഓണ്‍ലൈന്‍ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനാല്‍ നാക് എ ഗ്രേഡ് കിട്ടിയ സര്‍വകലാശാലകളെ മാത്രം അത്തരം കോഴ്സുകള്‍ നടത്താന്‍ അനുവദിക്കുന്നത് പുനഃപരിശോധിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.

പരീക്ഷാനടത്തിപ്പില്‍ എന്‍ടിഎയെ സഹായിക്കുന്ന സ്ഥാപനങ്ങള്‍ ക്രമക്കേടിന് ഏതെങ്കിലും സംസ്ഥാനത്ത് വിലക്കുനേരിട്ടാല്‍ മറ്റൊരു സംസ്ഥാനത്ത് കരാര്‍ നേടുന്നുണ്ട്. ഇതൊഴിവാക്കാന്‍ ഇത്തരം സ്ഥാപനങ്ങളുടെ ദേശീയ കരിമ്പട്ടിക പുറത്തിറക്കണം. 3512.98 കോടി രൂപയാണ് എന്‍ടിഎ പ്രവേശനപരീക്ഷാ ഫീസിനത്തില്‍ വിദ്യാര്‍ഥികളില്‍നിന്ന് ശേഖരിച്ചത്. ചെലവാക്കിയത് 3064.77 കോടിയും. ലാഭമായ 448 കോടി രൂപ പരീക്ഷാനടത്തിപ്പുശേഷി ഉയര്‍ത്താന്‍ ഉപയോഗിക്കണം.

സിയുഇടി പരീക്ഷയുടെ ഫലം കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി എന്‍ടിഎ കൃത്യസമയത്ത് പുറത്തിറക്കുന്നില്ല. അത് സര്‍വകലാശാലകളിലെ പ്രവേശനനടപടി അവതാളത്തിലാക്കി. കോഴ്സുകള്‍ വൈകാനും കാരണമായി. വിദ്യാര്‍ഥികളില്‍ അമിതസമ്മര്‍ദവും ഉണ്ടാക്കുന്നു. അതിനാല്‍ പരീക്ഷ കൃത്യസമയത്ത് നടത്തണം. ഫലവും കൃത്യമായി പുറത്തിറക്കണം. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള നാക് അക്രെഡിറ്റേഷന്‍ പ്രക്രിയ ഇപ്പോള്‍ ദൈര്‍ഘ്യമേറിയതാണ്. ഇത് വേഗത്തിലാക്കണം.

നാക്കിലെ അഴിമതി സംബന്ധിച്ച് അന്വേഷണംനടത്തി സമിതിക്ക് വിവരം കൈമാറണം. ഉന്നതവിദ്യാഭ്യാസവകുപ്പ് സ്ഥാപനങ്ങളുടെ റാങ്കിങ് വികസിപ്പിച്ചെടുത്തതിനാല്‍ നാക് അക്രെഡിറ്റേഷന്‍ അപ്രസക്തമാണ്. അതിനാല്‍ ഡോ. എസ്. രാധാകൃഷ്ണന്‍ കമ്മിറ്റി നിര്‍ദേശിച്ചപോലെ, ബൈനറി അക്രെഡിറ്റേഷന്‍ മാതൃക ഉടന്‍ നടപ്പാക്കണം. ഗിരിവര്‍ഗ, ഗ്രാമീണ മേഖലകളിലെ സ്ഥാപനങ്ങളോട് നാക് ഉദാരസമീപനം സ്വീകരിക്കണം.

യുജിസി ചെയര്‍പേഴ്സണ്‍സ്ഥാനം ഏപ്രില്‍മുതല്‍ ഒഴിഞ്ഞുകിടക്കുകയാണെന്നും ദേശീയ വിദ്യാഭ്യാസ നയപ്രകാരം ഒരു തസ്തികയും ഒഴിഞ്ഞുകിടക്കരുതെന്നും മള്‍ട്ടിപ്പിള്‍ എന്‍ട്രി-മള്‍ട്ടിപ്പിള്‍ എക്‌സിറ്റ് നടപ്പാക്കാന്‍ സര്‍വകലാശാലകള്‍ക്ക് പിന്തുണ നല്‍കണമെന്നും സമിതി നിര്‍ദേശിച്ചു.

Content Highlights: Parliamentary committee recommends aligning entrance exams with school syllabus, curbing coaching centers, and improving NTA`s exam conduct. Learn about proposed changes.