6 ലക്ഷം രൂപ വരെ അധികം വാങ്ങി! സ്വകാര്യ മെഡിക്കൽ കോളേജുകൾ ഈടാക്കിയ അഞ്ചാം വർഷ ഫീസ് തിരികെ നൽകാൻ NMC

#പ്രത്യേകലേഖകൻ
Representative images
Representative images

തിരുവനന്തപുരം: എം.ബി.ബി.എസ്. വിദ്യാർഥികളിൽനിന്ന് സ്വകാര്യ മെഡിക്കൽകോളേജുകൾ വാങ്ങിയ അഞ്ചാംവർഷ ഫീസ് തിരികെവാങ്ങാൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് ദേശീയ മെഡിക്കൽ കമ്മിഷന്റെ നിർദേശം. അധികതുക കോളേജുകളിൽനിന്ന് ഈടാക്കി വിദ്യാർഥികൾക്ക് നൽകണം.

2024-ലെ ഗ്രാജ്വേറ്റ് മെഡിക്കൽ എജുക്കേഷൻ ചട്ടങ്ങൾപ്രകാരം നാലരവർഷം ആണ് കോഴ്‌സിന്റെ കാലാവധി. തുടർന്ന് ഒരുവർഷം നിർബന്ധിത ഇന്റേൺഷിപ്പും (ഹൗസ് സർജൻസി). ഹൗസ് സർജൻസിക്ക് 27,300 രൂപ പ്രതിമാസ സ്റ്റൈപ്പെൻഡ്‌ നൽകണം.

എന്നാൽ, സ്വകാര്യ കോളേജുകൾ 8000 രൂപമുതൽ 17,000 രൂപവരെമാത്രമാണ് നൽകുന്നത്. സ്വകാര്യ കോളേജുകൾ കോഴ്‌സ് കാലാവധി അഞ്ചുവർഷമെന്ന് വ്യാഖ്യാനിച്ചാണ് ഹൗസ് സർജൻസി സമയത്ത് വിദ്യാർഥികളിൽനിന്ന് ഫീസ് ഈടാക്കുന്നത്. സംസ്ഥാനത്തെ ഫീസ് ഘടനയുടെ അടിസ്ഥാനത്തിൽ 3.25 ലക്ഷംമുതൽ ആറുലക്ഷംവരെ കോളേജുകൾ ഇങ്ങനെ അധികഫീസായി ഈടാക്കിയിട്ടുണ്ടെന്നാണ് ആരോപണം.

കോടതികയറും

മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ നടപടി കോടതിയിൽ ചോദ്യം ചെയ്യുമെന്ന് സ്വകാര്യ മെഡിക്കൽ കോളേജ് മാനേജ്മെന്റ് അസോ സിയേഷൻ പ്രസിഡന്റ് അനിൽ കുമാർ വള്ളിൽ പറഞ്ഞു. ഓരോ കോളേജിന്റെയും വരവു-ചെലവ് പരിശോധിച്ചാണ് ഫീസ് നിർണ യസമിതി എം.ബി. ബി.എസിന്റെ ആകെ ഫീസ് നിശ്ചയിക്കുന്നത്. അതിനെ അഞ്ചായി വിഭജിച്ചാണ് കോളേജുകൾ ഈടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: The National Medical Commission has directed the Director of Medical Education to recover and refund the illegal fifth-year fees collected by private medical colleges from MBBS students during their house surgeoncy period.