റോബോട്ടിക്സിൽ പുതിയ ബിരുദ കോഴ്സുമായി യൂണിവേഴ്സിറ്റി ഓഫ് ഹോങ്കോങ്

#Education desk
പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com
പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com

റോബോട്ടിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലകളിലെ വളരുന്ന തൊഴിൽ സാധ്യതകൾ ലക്ഷ്യമിട്ട് യൂണിവേഴ്സിറ്റി ഓഫ് ഹോങ്കോങ് പുതിയ ബിരുദ കോഴ്സ് ആരംഭിക്കുന്നു. 2027–28 അധ്യയന വർഷത്തേക്കുള്ള ബാച്ചിലർ ഓഫ് എൻജിനീയറിങ് ഇൻ റോബോട്ടിക്സ് എൻജിനീയറിങ് പ്രോഗ്രാമിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. സി.ബി.എസ്.ഇ. അല്ലെങ്കിൽ ഐ.എസ്.സി പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ കുറഞ്ഞത് 93 ശതമാനം മാർക്ക് നേടിയ ഇന്ത്യൻ വിദ്യാർഥികൾക്ക് അപേക്ഷിക്കാൻ അർഹതയുണ്ടാകും.

എൻജിനീയറിങ് ഫാക്കൽറ്റിക്ക് കീഴിലുള്ള മെക്കാനിക്കൽ എൻജിനീയറിങ്, ഇലക്ട്രിക്കൽ ആൻഡ് കമ്പ്യൂട്ടർ എൻജിനീയറിങ്, ഡാറ്റ ആൻഡ് സിസ്റ്റംസ് എൻജിനീയറിങ്, സിവിൽ എൻജിനീയറിങ് എന്നീ നാല് വിഭാഗങ്ങൾ സംയുക്തമായാണ് നാല് വർഷത്തെ കോഴ്സ് നടത്തുന്നത്.

പഠനരീതിയും സിലബസും

  • ആദ്യ രണ്ട് വർഷങ്ങൾ: എൻജിനീയറിങ് മാത്തമാറ്റിക്സ്, മെക്കാനിക്സ്, ഇലക്ട്രിക്കൽ സർക്യൂട്ട്സ്, പ്രോഗ്രാമിങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയിലാകും ഊന്നൽ.

  • തുടർന്നുള്ള പഠനം: റോബോട്ടിക് മോഡലിങ്, സെൻസിങ് ആൻഡ് പെർസെപ്ഷൻ, കൺട്രോൾ സിസ്റ്റംസ്, എംബെഡഡ് കമ്പ്യൂട്ടിങ്, എ.ഐ അധിഷ്ഠിത ഓട്ടോണമസ് സിസ്റ്റംസ് എന്നിവ പഠിക്കാം.

  • ലബോറട്ടറി സെഷനുകൾ, മൾട്ടിഡിസിപ്ലിനറി ഡിസൈൻ പ്രോജക്ടുകൾ, ഇൻഡസ്ട്രിയൽ ഇന്റേൺഷിപ്പുകൾ, കാപ്സ്റ്റൺ പ്രോജക്ട് എന്നിവയും പാഠ്യപദ്ധതിയുടെ ഭാഗമാണ്.

രണ്ട് നഗരങ്ങളിലായി ക്രമീകരിച്ചിരിക്കുന്ന പഠനരീതിയാണ്  കോഴ്സിന്റെ പ്രധാന സവിശേഷത. മൂന്നാം വർഷം വിദ്യാർഥികൾക്ക് ഷാങ്ഹായിലെ എച്ച്.കെ.യു സാങ്ജിയാങ് ബേസിൽ പഠിക്കാൻ അവസരം ലഭിക്കും. ഇതുവഴി മേഖലയിലെ നൂതന സാങ്കേതികവിദ്യകളും നിർമ്മാണ മേഖലയും നേരിട്ട് മനസ്സിലാക്കാൻ സാധിക്കും. ഷാങ്ഹായ് പഠനകാലത്ത് യാത്രാ ചെലവ്, താമസം, ജീവിതച്ചെലവ് എന്നിവയ്ക്കായി 50,000 ഹോങ്കോങ് ഡോളറിന്റെ സ്റ്റുഡന്റ്ഷിപ്പ് സർവകലാശാല നൽകും.

സ്കോളർഷിപ്പും ഗവേഷണ അവസരങ്ങളും

രണ്ടാം വർഷം മുതൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന വിദ്യാർഥികൾക്ക് അണ്ടർഗ്രാജുവേറ്റ് റിസർച്ച് മാച്ചിങ് സ്കീമിലൂടെ പ്രൊഫസർമാർക്കൊപ്പം റോബോട്ടിക്സ് ഗവേഷണങ്ങളിൽ പങ്കാളികളാകാം. കൂടാതെ, കുറഞ്ഞത് 3.0 ക്യുമുലേറ്റീവ് ജി.പി.എയോടെ ബിരുദം പൂർത്തിയാക്കുന്നവർക്ക് എച്ച്.കെ.യുവിൽ റോബോട്ടിക്സ് അനുബന്ധ ബിരുദാനന്തര ബിരുദ കോഴ്സുകളിൽ ചേരാൻ 1,00,000 ഹോങ്കോങ് ഡോളറിന്റെ എൻട്രൻസ് സ്കോളർഷിപ്പിനും അർഹതയുണ്ടാകും.

പ്രവേശന നടപടികൾ

നോൺ-ജുപാസ് (Non-JUPAS) അഥവാ അന്താരാഷ്ട്ര പ്രവേശന മാർഗത്തിലൂടെയാണ് ഇന്ത്യൻ വിദ്യാർഥികൾ അപേക്ഷിക്കേണ്ടത്. 93 ശതമാനം മാർക്ക് യോഗ്യത നേടിയതുകൊണ്ട് മാത്രം പ്രവേശനം ഉറപ്പാകില്ല. അക്കാദമിക് മികവ്, അഭിമുഖം, റഫറൻസുകൾ, മറ്റ് രേഖകൾ എന്നിവ വിലയിരുത്തി സമഗ്രമായ പ്രവേശന പ്രക്രിയയിലൂടെയാകും തിരഞ്ഞെടുപ്പ്. ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യവും മറ്റ് പ്രത്യേക നിബന്ധനകളും അപേക്ഷകർ പരിശോധിക്കേണ്ടതാണ്.

തൊഴിൽ സാധ്യതകൾ

ഇന്റലിജന്റ് റോബോട്ടുകൾ, ഓട്ടോണമസ് വാഹനങ്ങൾ, ഡ്രോണുകൾ, എ.ഐ അധിഷ്ഠിത സംവിധാനങ്ങൾ, സ്മാർട്ട് മാനുഫാക്ചറിങ്, റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് എന്നീ മേഖലകളിൽ മികച്ച തൊഴിലവസരങ്ങൾ ലഭിക്കും. റോബോട്ടിക്സിലും എ.ഐയിലും ഉപരിപഠനത്തിനും കോഴ്സ് വഴിതുറക്കും. വിശദാംശങ്ങൾക്കും അപേക്ഷാ തീയതികൾക്കുമായി എച്ച്.കെ.യുവിന്റെ ഔദ്യോഗിക അണ്ടർഗ്രാജുവേറ്റ് അഡ്മിഷൻ വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.

Content Highlights: The University of Hong Kong (HKU) has launched a new four-year Bachelor of Engineering in Robotics Engineering for the 2027–28 academic year, inviting applications from Indian students with at least 93% in CBSE/ISC Class 12 along with opportunities for a third-year study stint in Shanghai and lucrative scholarships.