CBSE-യുടെ സുരക്ഷാ പിഴവ് കണ്ടെത്തി ശ്രദ്ധനേടി; യുവാവിന് നിയമനം നൽകി IIT കാൺപുർ

#എഡ്യൂക്കേഷന്‍ ഡെസ്‌ക്
1. ഐഐടി കാണ്‍പുര്‍ 2. പ്രതീകാത്മകചിത്രം | Photo - iitk.ac.in, AI
1. ഐഐടി കാണ്‍പുര്‍ 2. പ്രതീകാത്മകചിത്രം | Photo - iitk.ac.in, AI

സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷന്റെ (CBSE) ഓൺ-സ്‌ക്രീൻ മാർക്കിംഗ് (OSM) പോർട്ടലിലെ സുരക്ഷാ പിഴവുകൾ കണ്ടെത്തിയതിലൂടെ ശ്രദ്ധ നേടിയ യുവ സൈബർ സുരക്ഷാ ഗവേഷകയായ നിസർഗ അധികാരിക്ക് നിയമനം നൽകി ഐഐടി കാൺപുർ. സൈബർ സുരക്ഷാ, സൈബർ പ്രതിരോധ ഗവേഷണ കേന്ദ്രമായ C3iHub-ൽ OSINT ത്രെട്ട് ഇന്റലിജൻസ് എഞ്ചിനീയറായാണ് നിയമനം. ഇന്ത്യയിലെ പ്രമുഖ സൈബർ സുരക്ഷാ ഗവേഷണ കേന്ദ്രങ്ങളിലൊന്നാണ് C3iHub.

ഇതോടെ വിദ്യാർഥിയും ഗവേഷകനും ആയിരുന്ന അധികാരി ഇനി സൈബർ സുരക്ഷാ പ്രൊഫഷണലായി മാറും. എത്തിക്കൽ ഹാക്കിങ്ങിനും സൈബർ സുരക്ഷാ പിഴവുകൾ ഉത്തരവാദിത്തത്തോടെ ചൂണ്ടിക്കാട്ടുന്നതിനും രാജ്യത്ത് ലഭിക്കുന്ന അംഗീകാരമാണ് അദ്ദേഹത്തിന്റെ ഈ നേട്ടം വിലയിരുത്തപ്പെടുന്നത്.

രാജ്യത്തുടനീളമുള്ള CBSE അംഗീകൃത സ്‌കൂളുകൾ വിദ്യാർഥികൾക്ക് പരീക്ഷയിൽ ലഭിച്ച മാർക്കുകൾ അപ്‌ലോഡ് ചെയ്യാൻ ഉപയോഗിക്കുന്ന ഡിജിറ്റൽ പ്ലാറ്റ്ഫോമാണ് OSM പോർട്ടൽ. ബോർഡ് പരീക്ഷകളിൽ ഈ സംവിധാനം സുപ്രധാന പങ്കാണ് വഹിക്കുന്നത്. മാർക്കുകൾ ക്രോഡീകരിക്കുന്നതിനും ഫല തയ്യാറാക്കുന്നതിനും വേണ്ടി ഓൺലൈനായി മാർക്കുകൾ സമർപ്പിക്കാൻ ഇത് സഹായിക്കുന്നു.

ഈ പോർട്ടലിലെ നിരവധി സുരക്ഷാ പിഴവുകളാണ് അധികാരി കണ്ടെത്തിയത്. ഈ കണ്ടെത്തലുകൾ ദുരുദ്ദേശ്യത്തോടെ ഉപയോഗിച്ചിരുന്നെങ്കിൽ വിദ്യാർഥികളെയും സ്‌കൂളുകളെയും ബാധിക്കുന്ന പല രഹസ്യ വിവരങ്ങളും പുറത്തായേനെ. അതിനാൽ ഡേറ്റാ സുരക്ഷ സംബന്ധിച്ച ഗുരുതര ആശങ്ക ഉയർത്തുന്ന സംഭവമായി അത് മാറി. സുരക്ഷാ പിഴവുകൾ കണ്ടെത്തിയ യുവാവ്  അധികാരികളെ ഉത്തരവാദിത്തത്തോടെ അറിയിക്കുകയാണ് ചെയ്തത്. ഈ നടപടി സൈബർ സുരക്ഷാ വിദഗ്ധരിൽ നിന്നും വിദ്യാഭ്യാസ മേഖലയിൽ നിന്നും വ്യാപകമായ പ്രശംസ നേടിയിരുന്നു.

നിസർഗ അധികാരി വളരെ ചെറുപ്പത്തിൽ തന്നെ ശ്രദ്ധേയമായ സാങ്കേതിക മികവ് പ്രകടിപ്പിച്ച പ്രതിഭാശാലിയായ യുവ എഞ്ചിനീയറാണെന്ന് ഐഐടി കാൺപുർ ഡയറക്ടർ പ്രൊഫസർ മണിന്ദ്ര അഗർവാൾ പ്രതികരിച്ചു. അദ്ദേഹം ഐഐടയിലെ C3iHub-ൽ OSINT, ത്രെട്ട് ഇന്റലിജൻസ് എഞ്ചിനീയറായി ചേർന്നുകഴിഞ്ഞു. അദ്ദേഹത്തിന് മുന്നിൽ വലിയ സാധ്യതകളുണ്ടെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഐഐടി കാൺപൂരിൽ ജോലി ചെയ്യുന്നതിലൂടെ സൈബർ സുരക്ഷാ, ത്രെട്ട് ഇന്റലിജൻസ് സംരംഭങ്ങളിൽ വളരെയധികം സംഭാവനകൾ നൽകിക്കൊണ്ട് കഴിവുകൾ കൂടുതൽ വികസിപ്പിക്കാൻ അദ്ദേഹത്തിന് അവസരം നൽകും. അദ്ദേഹത്തിന്റെ ഭാവി ദൗത്യങ്ങൾക്ക് എല്ലാ ആശംസകളും നേരുന്നുവെന്നും അഗർവാൾ കൂട്ടിച്ചേർത്തു.

Content Highlights: Nisarga Adhikary appointed as OSINT and Threat Intelligence Engineer at IIT Kanpur's C3iHub., Previously gained recognition for responsible disclosure of vulnerabilities in CBSE's OSM portal., Highlights the importance of ethical hacking and proactive security audits in educational tech., Prof. Manindra Agrawal emphasizes the potential of young talent in national cybersecurity initiatives.