നൈസറിലും സിഇബിഎസിലും സ്‌കോളർഷിപ്പോടെ പഠിക്കാം; അപേക്ഷിക്കേണ്ടത് എങ്ങനെ?

#ഡോ. എസ്. രാജൂകൃഷ്ണന്‍
പ്രതീകാത്മക ചിത്രം | Photo: Canva
പ്രതീകാത്മക ചിത്രം | Photo: Canva

പ്ലസ് ടു കഴിഞ്ഞ്, അടിസ്ഥാന ശാസ്ത്ര വിഷയങ്ങൾ രണ്ട് ദേശീയ സ്ഥാപനങ്ങളിൽ സ്‌കോളർഷിപ്പോടെ പഠിക്കാൻ അവസരമൊരുക്കുന്ന 2026-ലെ നാഷണൽ എൻട്രൻസ് സ്‌ക്രീനിങ് ടെസ്റ്റിന് (നെസ്റ്റ്) അപേക്ഷിക്കാം.

കേന്ദ്ര അറ്റോമിക് എനർജി വകുപ്പിന്റെ കീഴിലുള്ള സ്വയംഭരണ സ്ഥാപനങ്ങളായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർച്ച് (എൻഐഎസ്ഇആർ; നൈസർ -ഭുവനേശ്വർ); യൂണിവേഴ്സിറ്റി ഓഫ് മുംബൈ ഡിപ്പാർട്ട്മെന്റ് ഓഫ് അറ്റോമിക് എനർജി സെന്റർ ഫോർ എക്സലൻസ് ഇൻ ബേസിക് സയൻസസ് (യുഎം ഡിഎഇ സിഇബിഎസ് -മുംബൈ) എന്നീ സ്ഥാപനങ്ങളിൽ നെസ്റ്റ് വഴി അഞ്ച് വർഷ ഇന്റഗ്രേറ്റഡ് എംഎസ്സി കോഴ്സിൽ പ്രവേശനം നേടുന്നവർക്കാണ് സ്‌കോളർഷിപ്പ് ലഭിക്കുക.

നൈസർ, ഹോമി ഭാഭ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ (എച്ച്ബിഎൻഐ) ഓഫ് കാമ്പസ് സെന്റർ ആണ്. നൈസറിലെ എല്ലാ അക്കാദമിക് പ്രോഗ്രാമുകളും എച്ച്ബിഎൻഐ-ൽ അഫിലിയേറ്റ് ചെയ്തിട്ടുണ്ട്. സിഇബിഎസ്, മുംബൈ യൂണിവേഴ്സിറ്റിയുടെ വിദ്യാനഗരി കാമ്പസിൽ പ്രവർത്തിക്കുന്നു. ബിരുദം നൽകുന്നത് മുംബൈ യൂണിവേഴ്സിറ്റി ആണ്.

രണ്ടു സ്ഥാപനങ്ങളിലും ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ഫിസിക്‌സ് എന്നിവയിൽ ഇന്റഗ്രേറ്റഡ് എംഎസ്സി പ്രോഗ്രാമുകൾ ഉണ്ട്. സഹവാസ രീതിയിൽ ക്രെഡിറ്റ്-അധിഷ്ഠിത പാഠ്യപദ്ധതിയോടെ സെമസ്റ്റർ സമ്പ്രദായത്തിൽ നടത്തുന്ന പ്രോഗ്രാമുകൾ ഗവേഷണ താത്പര്യം വിദ്യാർഥികളിൽ മുൻകൂട്ടി രൂപപ്പെടുത്താൻ സഹായകരമാണ്.

സ്‌കോളർഷിപ്പ്/ഗ്രാന്റ് 
പ്രവേശനം ലഭിക്കുന്നവർക്ക് കേന്ദ്രസർക്കാർ അറ്റോമിക് എനർജി വകുപ്പിന്റെ ദിശ പദ്ധതി വഴി പ്രതിവർഷം 60,000 രൂപയുടെ സ്‌കോളർഷിപ്പിന് അർഹത ലഭിക്കും. കൂടാതെ സമ്മർ ഇന്റേൺഷിപ്പിനായി പ്രതിവർഷം 20,000 രൂപ ഗ്രാന്റ് ആയും ലഭിക്കും. ഇൻസ്പയർ - ഷീ (സ്‌കോളർഷിപ്പ് ഫോർ ഹയർ എജുക്കേഷൻ) സ്‌കീമിലേക്ക് ശാസ്ത്ര സാങ്കേതിക വകുപ്പ് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഇതേ മൂല്യമുള്ള ഇൻസ്പയർ സ്‌കോളർഷിപ്പ് ലഭിക്കും.

നിശ്ചിത കട്ട് ഓഫ് മാർക്ക് നേടി രണ്ടു സ്ഥാപനങ്ങളിൽനിന്നും കോഴ്സ് പൂർത്തിയാക്കുന്ന മികവു തെളിയിക്കുന്നവർക്ക് ഭാഭ അേറ്റാമിക് റിസർച്ച് സെന്റർ (ബാർക്) ട്രെയിനിങ് സ്‌കൂൾ പ്രവേശനത്തിന് നേരിട്ട് ഇന്റർവ്യൂവിന് ഹാജരാകാൻ അവസരം ലഭിക്കും.

സ്ഥാപനങ്ങൾ, കോഴ്സുകൾ, ഗവേഷണമേഖലകൾ, സ്ഥാപനത്തിലെ സൗകര്യങ്ങൾ, ഫാക്കൽറ്റി പ്രൊഫൈൽ തുടങ്ങിയ വിവരങ്ങൾ www.niser.ac.in | www.cbs.ac.in എന്നീ സൈറ്റുകളിൽ ലഭിക്കും. 

പരീക്ഷാ ഘടന 
നെസ്റ്റ് കംപ്യൂട്ടർ അധിഷ്ഠിത രീതിയിൽ ജൂൺ ആറിന് ഉച്ചയ്ക്ക് രണ്ടുമുതൽ അഞ്ചുവരെ ഒരു സെഷനിൽ നടത്തും. കേരളത്തിൽ എല്ലാ ജില്ലകളിലും പരീക്ഷാകേന്ദ്രങ്ങളുണ്ട്. അപേക്ഷ നൽകുമ്പോൾ മുൻഗണന നിശ്ചയിച്ച് മൂന്ന് പരീക്ഷാ കേന്ദ്രങ്ങൾ തിരഞ്ഞെടുത്തു നൽകണം.

പരീക്ഷയ്ക്ക് ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ഫിസിക്‌സ് എന്നീ നാല് സെക്ഷനുകളിലായി ഈ വിഷയങ്ങളിൽ ഓരോന്നിൽ നിന്നും മൂന്ന് മാർക്ക് വീതമുള്ള 20 വീതം ഒബ്ജക്ടീവ് ടൈപ്പ് മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ ഉണ്ടാകും. ഉത്തരം തെറ്റിയാൽ ഒരു മാർക്ക് വീതം നഷ്ടപ്പെടും.

ഒരു വിഷയത്തിലെ പരമാവധി മാർക്ക് 60. നാല് സെക്ഷനുകൾക്കും ഉത്തരം നൽകാം. മെറിറ്റ് പട്ടിക തയ്യാറാക്കുന്ന സ്‌കോറിങ് പ്രക്രിയയിൽ പരിഗണിക്കപ്പെടാൻ മൂന്നു സെക്ഷനുകൾക്കെങ്കിലും ഉത്തരം നൽകണം.

മുൻ വർഷങ്ങളിലെ ചോദ്യപ്പേപ്പർ www.nestexam.in ൽ ലഭിക്കും. സിലബസ് ഈ സൈറ്റിലുള്ള ഇൻഫർമേഷൻ ബ്രോഷറിൽ ഉണ്ട്. പരിശീലന ടെസ്റ്റുകൾ സൈറ്റിൽ ലഭ്യമാക്കും.

അപേക്ഷ 
www.nestexam.in വഴി ഏപ്രിൽ ആറിന് രാത്രി 11.30 വരെ നൽകാം. അപേക്ഷാ ഫീ 12-ന് രാത്രി 11.30-നകം ഓൺലൈനായി അടയ്ക്കാം. മെറിറ്റ് പട്ടിക ജൂൺ 25-ഓടേ വെബ്സൈറ്റിൽ പ്രതീക്ഷിക്കാം.

പ്രവേശന യോഗ്യത  
ബേസിക് സയൻസസിലെ ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ഫിസിക്‌സ് എന്നീ വിഷയങ്ങളിൽ മൂന്ന് എണ്ണമെങ്കിലും 11, 12 ക്ലാസുകളിൽ പഠിച്ച്, ക്ലാസ് 12 പരീക്ഷ അംഗീകൃതബോർഡിൽ നിന്ന് 60 ശതമാനം മാർക്കോടെ (പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 55 ശതമാനം) 2024-ലോ 2025-ലോ ജയിച്ചിരിക്കണം.

ഈ പരീക്ഷ 2026-ൽ അഭിമുഖീകരിക്കുന്നവർക്കും അപേക്ഷിക്കാം. ഇവർ പ്രവേശന സമയത്ത് യോഗ്യത തെളിയിക്കണം. നെസ്റ്റ് 2026 അഭിമുഖീകരിക്കുന്നതിനോ അതുവഴിയുള്ള പ്രവേശനത്തിനോ പ്രായപരിധി ഇല്ല.

Content Highlights: Study science at NISER & CEBS with scholarships through NEST 2026. Learn how to apply for this opportunity after 12th grade. Get details on application, eligibility, and exam.