പിഎംശ്രീക്ക് പിന്നാലെ വിവാദമായി ഉന്നതവിദ്യാഭ്യാസത്തിലെ എൻഇപി; നൈപുണി മാത്രം മതിയോ എന്ന് വിമർശനം

#പി.കെ. മണികണ്ഠൻ
പ്രതീകാത്മക ചിത്രം | Photo: Canva
പ്രതീകാത്മക ചിത്രം | Photo: Canva

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസവകുപ്പിലെ പിഎംശ്രീ വിവാദം കെട്ടടങ്ങിയതിനുപിന്നാലെ, ഉന്നതവിദ്യാഭ്യാസ കൗൺസിൽ ദേശീയവിദ്യാഭ്യാസ നയത്തിന്റെ (എൻഇപി) പാതയിൽ നീങ്ങുന്നതിൽ എതിർപ്പുമായി സർവകലാശാലകൾ. നൈപുണി കോഴ്‌സുകൾക്ക് ക്രെഡിറ്റ് വർധിപ്പിക്കാനുള്ള എൻഇപി വ്യവസ്ഥയിലാണ് പ്രശ്നം.

നിലവിലെ നാലുവർഷബിരുദത്തിൽ 20 മുതൽ 36 ശതമാനം വരെയാണ് നൈപുണി കോഴ്‌സുകൾക്കുള്ള ക്രെഡിറ്റ്. ഇത് 50 ശതമാനംവരെയാകാമെന്ന എൻഇപി നിർദേശം കൗൺസിൽ നൈപുണി കോഴ്‌സുകൾക്കുള്ള മാർഗരേഖയിൽ ഉൾപ്പെടുത്തി. കരടുരേഖ ചർച്ചചെയ്യാൻ വിളിച്ച യോഗത്തിൽ, എൻഇപിയുടെ ഭാഗമായുള്ള യുജിസി വ്യവസ്ഥ അതേപടി ഉൾപ്പെടുത്തിയതിനെ കേരള, കാലിക്കറ്റ്, കണ്ണൂർ സർവകലാശാല പ്രതിനിധികൾ ചോദ്യംചെയ്തു.

കേരളത്തിൽ നടപ്പാക്കിയ നാലുവർഷബിരുദം എൻഇപിക്കു ബദലാണെന്നാണ് സർക്കാർ വാദം. നൈപുണി കോഴ്‌സുകൾക്ക് പ്രാധാന്യമുണ്ടെങ്കിലും ബിരുദത്തിൽ മൊത്തം 133 ക്രെഡിറ്റിന്റെ 20 ശതമാനം, 177 ക്രെഡിറ്റുള്ള ഓണേഴ്‌സിൽ പരമാവധി 36 ശതമാനം എന്നിങ്ങനെയാണ് നിശ്ചയിച്ചത്. പരമാവധി 50 ശതമാനംവരെ നേടാമെന്ന ഇപ്പോഴത്തെ നിർദേശം ഈ അക്കാദമികഘടന താളംതെറ്റിക്കുമെന്നാണ് വിമർശനം.

നാലുവർഷബിരുദത്തിൽ എൻഇപി നിർദേശിച്ച പ്രതിവർഷ എക്സിറ്റ്, അക്കാദമികപഠനം ഉറപ്പാക്കാൻ കേരളത്തിൽ ഒഴിവാക്കിയിരുന്നു. അധ്യാപകരുടെ ജോലിഭാരത്തിൽ പ്രശ്നമുണ്ടാവാതിരിക്കാൻ നൈപുണി കോഴ്‌സിന്റെ ക്രെഡിറ്റും കുറച്ചു. എകെജിസിടി, എകെപിസിടിഎ തുടങ്ങിയ സംഘടനകളുടെ ആവശ്യം മാനിച്ചായിരുന്നു നടപടി.

വിമർശകരുടെ വാദം

  • ബിരുദം കേവലം നൈപുണിയിൽ ഊന്നുന്നു
  • അടിസ്ഥാനവിജ്ഞാനത്തിനും വിമർശനചിന്തയ്ക്കും പ്രാധാന്യം കുറയ്ക്കുന്നു
  • കോളേജുകൾ കേവലം നൈപുണികേന്ദ്രങ്ങളായി മാറ്റുന്നു
  • നൈപുണിവ്യവസ്ഥ അധ്യാപകതസ്തികകൾ വെട്ടിക്കുറയ്ക്കും

Content Highlights: NEP vs. Kerala's Four-Year Degree: Universities Oppose Higher Education Council's Move to Increase Skill Course Credit to 50%