'ദിവസവും 16-17 മണിക്കൂർ പഠനം, ലക്ഷ്യം ഓങ്കോളജി'; NEET UG പുനപരീക്ഷയിൽ ഒന്നാം റാങ്കുമായി ആര്യൻ ഗുപ്ത

#Education news
ആര്യൻ ഗുപ്ത| ഫോട്ടോ: PTI@@PTI_News
ആര്യൻ ഗുപ്ത| ഫോട്ടോ: PTI@@PTI_News

ഒരു വ്യക്തിപരമായ വിയോഗമാണ് തന്നെ ഡോക്ടറാകാൻ പ്രേരിപ്പിച്ചതെന്ന് നീറ്റ് യുജി പുനപരീക്ഷയിൽ ഒന്നാം റാങ്ക് ജേതാവായ ആര്യൻ ഗുപ്ത. മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ അർബുദം ബാധിച്ച് മുത്തശ്ശി മരിച്ചതാണ് ഓങ്കോളജി (ക്യാൻസർ ചികിത്സാ വിഭാഗം) തിരഞ്ഞെടുക്കാൻ ലുധിയാന സ്വദേശിയായ ആര്യന് പ്രചോദനമായതെന്ന് എൻ.ഡി.ടി.വി. റിപ്പോർട്ടിൽ പറയുന്നു.

നീറ്റ് പരീക്ഷയിൽ ആര്യൻ ഗുപ്തയും പൻഷുൽ ബൻസാലും 720-ൽ 715 മാർക്ക് വീതം നേടിയിരുന്നു. എന്നാൽ നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ ടൈ-ബ്രേക്കിങ് നയം അനുസരിച്ച് ആര്യൻ ഗുപ്തയ്ക്ക് ഒന്നാം റാങ്കും (AIR 1), പൻഷുൽ ബൻസാലിന് രണ്ടാം റാങ്കും (AIR 2) ലഭിക്കുകയായിരുന്നു. വ്യാഴാഴ്ചയാണ് എൻ.ടി.എ. ഫലം പ്രഖ്യാപിച്ചത്. പരീക്ഷ എഴുതിയവരിൽ 11.21 ലക്ഷം പേർ യോഗ്യത നേടി. 138 പേർ 690-ന് മുകളിലും 19 പേർ 700-ലധികം മാർക്കും കരസ്ഥമാക്കിയിട്ടുണ്ട്.

ഒന്നാം റാങ്ക് നേടുക എന്നത് തന്റെ വലിയൊരു സ്വപ്ന സാക്ഷാത്കാരമാണെന്ന് ആര്യൻ പറഞ്ഞു. "അച്ഛനും അമ്മയും ഡോക്ടർമാരാണ്. എല്ലാരും സന്തോഷത്തിലാണ്. ലക്ഷ്യത്തിലെത്താൻ കഠിനമായി പരിശ്രമിച്ചു. ദിവസവും 16 മുതൽ 17 മണിക്കൂർ വരെ പഠനത്തിനായി മാറ്റിവെച്ചിരുന്നു. ചില ദിവസങ്ങളിൽ ഉറങ്ങീട്ടേയില്ല. എങ്കിലും മുന്നോട്ട് പോകാൻ എനിക്ക് സാധിച്ചു," ആര്യൻ തന്റെ പഠനരീതികളെക്കുറിച്ച് മനസ്സ് തുറന്നു.

മുത്തശ്ശിയുടെ വേർപാട് തന്റെ കരിയർ തിരഞ്ഞെടുപ്പിനെ എങ്ങനെ സ്വാധീനിച്ചുവെന്നും പറയുന്നുണ്ട്. 

ഫലം പുറത്തുവന്നതിന് പിന്നാലെ വലിയ ആഘോഷത്തിലാണ് ആര്യന്റെ കുടുംബം. പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ അമരീന്ദർ സിംഗ് രാജാ വാറിംഗ് ഉൾപ്പെടെ നിരവധി രാഷ്ട്രീയ നേതാക്കൾ ആര്യന് അഭിനന്ദനങ്ങൾ അറിയിച്ചിരുന്നു. 

Content Highlights: Driven by the childhood loss of his grandmother to cancer, Ludhiana's Aryan Gupta studied up to 17 hours a day to secure AIR 1 with 715/720 marks in the NEET UG re-exam.