നീറ്റ് പുനഃപരീക്ഷ: അഭ്യൂഹങ്ങളിൽ പതറേണ്ടെന്ന് വിദ്യാർഥികളോട് എൻ.ടി.എ, സുരക്ഷിതമായി പരീക്ഷ നടത്തും

#Education Desk
പ്രതീകാത്മക ചിത്രം | Photo: Canva
പ്രതീകാത്മക ചിത്രം | Photo: Canva

ന്യൂഡൽഹി: നീറ്റ് യു.ജി. പുനഃപരീക്ഷയുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ വിശ്വസിക്കാതെ ധൈര്യമായിരിക്കാൻ വിദ്യാർഥികളോട് നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ). സുതാര്യവും സുരക്ഷിതവുമായി പരീക്ഷനടത്തുമെന്നും പേടിക്കേണ്ടതില്ലെന്നും സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ എൻ.ടി.എ. പറഞ്ഞു.

കഠിനപ്രയത്നം നടത്തി പരീക്ഷയ്ക്ക് തയ്യാറെടുത്തിരിക്കുന്നവർ ആത്മവിശ്വാസംകൊള്ളണം. നന്നായി വിശ്രമിച്ച്, ശാന്തമായി, ഏകാഗ്രതയോടെയിരിക്കുക. പരീക്ഷ മാറ്റിവെച്ചെന്നും മറ്റുമുള്ള സാമൂഹികമാധ്യമങ്ങളിലെ ബഹളങ്ങളിൽ പതറരുത്. പരീക്ഷ മുൻനിശ്ചയിച്ചപോലെ നടക്കും. എൻ.ടി.എയിൽനിന്നുള്ള ഔദ്യോഗികവിവരങ്ങളെമാത്രം ആശ്രയിക്കുക. എല്ലാ സുരക്ഷയോടുംകൂടി പരീക്ഷ നടത്തും. ക്രമക്കേടിന് ശ്രമിക്കുന്നവർക്കെതിരേ കർശനനടപടിയുണ്ടാകും. വിദ്യാർഥികളുടെ താത്പര്യം മുൻനിർത്തിയാണ് മേയ് മൂന്നിലെ പരീക്ഷ റദ്ദാക്കിയത്. അതിൽനിന്ന് പാഠമുൾക്കൊണ്ട് ഇത്തവണ കൂടുതൽ ശക്തമായ സംവിധാനങ്ങളൊരുക്കിയിട്ടുണ്ട്. ഒരുപാട് സമ്മർദം തോന്നുന്നുണ്ടെങ്കിൽ തനിച്ചല്ലെന്ന് തിരിച്ചറിയാനും ‘മാനസ്’ മാനസികാരോഗ്യ ഹെൽപ് ലൈൻ നമ്പറിൽ ബന്ധപ്പെടാനും അഭ്യർഥിച്ചു.

ബാങ്ക് വിവരങ്ങൾ നൽകാതെ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം

റീഫണ്ടിനുള്ള ബാങ്ക് വിവരങ്ങൾ നൽകാതെയും അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. നീറ്റ് പോർട്ടലിൽ ലോഗിൻ ചെയ്യുമ്പോൾ സാങ്കേതിക പ്രശ്നങ്ങൾ നേരിടുന്നതായും ബാങ്ക് വിവരങ്ങൾ നൽകാൻ സാധിക്കുന്നില്ലെന്നും പരാതി ഉയർന്ന പശ്ചാത്തലത്തിലാണ് പുതിയ മാറ്റം. ബാങ്ക് അക്കൗണ്ട് വെരിഫിക്കേഷൻ പിന്നീട് പൂർത്തിയാക്കിയാൽ മതി.

ഇടതു കൈവിരൽ അടയാളം

അഡ്മ‌ിറ്റ് കാർഡിൽ നിശ്ചിതസ്ഥാനത്ത് രേഖപ്പെടുത്തുന്ന ഇടതു കൈവിരൽ അടയാളം വളരെ വ്യക്തമായിരിക്കണം. മഷി പടരാനോ അവ്യക്തമാകാനോ പാടുള്ളതല്ല. വിരലടയാളം പരീക്ഷാ കേന്ദ്രത്തിൽ എത്തുന്നതിന് മുൻപുതന്നെ പതിപ്പിക്കാവുന്നതാണ്. എന്നാൽ, ഒപ്പ് ഇൻവിജിലേറ്ററുടെ സാന്നിധ്യത്തിൽമാത്രമേ ഇടാവൂ.

Content Highlights: The National Testing Agency urged NEET UG candidates to stay calm and ignore social media rumors about exam postponement. Due to technical portal errors, candidates can now download admit cards without submitting bank details immediately. Clear left thumb impressions must be stamped beforehand.