നീറ്റ് പിജി കൗണ്‍സലിങ് വൈകുന്നു, ഏകോപനത്തില്‍ പാകപ്പിഴ ആരോപിച്ച് ഡോക്ടര്‍മാര്‍

മെഡിക്കല്‍ പിജി പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയെ അടിസ്ഥാനമാക്കിയുള്ള കൗണ്‍സലിങ് നടപടികള്‍ വൈകുന്നു. അഖിലേന്ത്യാ ക്വാട്ടയിലുള്ള കൗണ്‍സലിങ്ങിന്റെ നടപടിക്രമങ്ങളാണ് പതിവിലും താമസിക്കുന്നത്. വൈകുന്നതുമായി ബന്ധപ്പെട്ട് കടുത്ത ആശങ്കയുമായി പഠനാവസരം കാത്തിരിക്കുന്ന ഡോക്ടര്‍മാര്‍ രംഗത്തെത്തിയിട്ടുണ്ട്. ബന്ധപ്പെട്ട ഏജന്‍സികളായ ദേശീയ മെഡിക്കല്‍ കമ്മിഷന്‍, നാഷണല്‍ ബോര്‍ഡ് ഓഫ് എക്സാമിനേഷന്‍, മെഡിക്കല്‍ കൗണ്‍സലിങ് കമ്മിറ്റി എന്നിവരുടെ ഏകോപനമില്ലായ്മയാണ് കാരണമായി ചൂണ്ടിക്കാട്ടുന്നത്.
ചോയ്സ് ഫില്ലിങ്ങിനുള്ള സമയം നീട്ടി നല്‍കിക്കൊണ്ടുള്ള അടിയന്തര നോട്ടീസ് വ്യാഴാഴ്ചയാണ് മെഡിക്കല്‍ കൗണ്‍സലിങ് കമ്മിറ്റി പുറത്തിറക്കിയത്. ആദ്യഘട്ട കൗണ്‍സലിങ്ങിനുള്ള ചോയ്സാണ് ക്ഷണിച്ചിരിക്കുന്നത്. എന്നാലിത് പൂര്‍ത്തിയാക്കാന്‍ നിശ്ചിത കാലാവധി പറഞ്ഞിട്ടുമില്ല. പിജി സീറ്റുകളുടെ ക്രമീകരണം പൂര്‍ത്തിയാകാത്തതാണ് പ്രശ്നമായി എടുത്തുകാട്ടിയിരിക്കുന്നത്.
ആദ്യ റൗണ്ട് കൗണ്‍സലിങ് നടപടികള്‍ ആരംഭിച്ചശേഷം 169 സീറ്റുകളുടെ അംഗീകാരം പിന്‍വലിക്കുന്നതായി നാഷണല്‍ ബോര്‍ഡ് ഓഫ് എക്സാമിനേഷന്‍ അറിയിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് കാലാവധി നിശ്ചയിക്കാത്ത നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്.
ഓഗസ്റ്റ് മൂന്നിനാണ് പിജി നീറ്റ് പരീക്ഷ നടന്നത്. ആ മാസം 19-ന് ഫലവും വന്നു. രണ്ടുമാസത്തിനുശേഷമാണ് രജിസ്ട്രേഷന്‍ നടപടികള്‍ തുടങ്ങിയത്. ആദ്യഘട്ട കൗണ്‍സലിങ് തുടങ്ങാനിരുന്ന ദിവസമാണ് നടപടികള്‍ അനിശ്ചിതമായി നീട്ടുന്ന പുതിയ നോട്ടീസ് വന്നത്. ഇതാണ് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്.
ഗൗരവമല്ലാത്ത വിധത്തിലാണ് അധികൃതര്‍ വിഷയം കൈകാര്യം ചെയ്യുന്നതെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. ഫെഡറേഷന്‍ ഓഫ് റെസിഡന്റ് ഡോക്ടേഴ്സ് അസോസിയേഷന്‍ ദേശീയ ജനറല്‍ സെക്രട്ടറി ഡോ. മീത് ഗോനിയ, കേന്ദ്ര ആരോഗ്യവകുപ്പിനു കീഴിലെ മൂന്ന് ഏജന്‍സികള്‍ തമ്മിലുള്ള ധാരണയില്ലായ്മയാണ് അനിശ്ചിതത്വത്തിന് കാരണമെന്ന് വിമര്‍ശിച്ചു. ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ മെഡിക്കല്‍ അസോസിയേഷന്‍ വിഷയത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി ഇടപെടണമെന്ന് ആവശ്യപ്പെട്ടിട്ടുമുണ്ട്.
Content Highlights: NEET PG counseling process is delayed. Doctors express concern over coordination issues between NMC, NBE, and MCC.