നീറ്റ് വിവാദം: ഇതുവരെ ആറുകേസുകൾ

സുപ്രീംകോടതി | Photo: PTI
സുപ്രീംകോടതി | Photo: PTI

ന്യൂഡൽഹി: ദേശീയ പരീക്ഷാ ഏജൻസി നടത്തുന്ന പരീക്ഷകളുടെ സുതാര്യവും സുഗമവുമായ നടത്തിപ്പ് ഉറപ്പാക്കാൻ രൂപവത്കരിച്ച ഏഴംഗ സമിതിയുടെ ആദ്യയോഗം ഡൽഹിയിൽ ചേർന്നു. ഐ.എസ്.ആർ.ഒ. മുൻ ചെയർമാൻ കെ. രാധാകൃഷ്ണന്റെ അധ്യക്ഷതയിൽചേർന്ന യോഗത്തിൽ എൻ.ടി.എ.യുടെ പരീക്ഷാ നടത്തിപ്പ്, ഘടന, പ്രവർത്തനം, ഡേറ്റാ സുരക്ഷാ പ്രോട്ടക്കോൾ എന്നിവ മെച്ചപ്പെടുത്തുന്നതുസംബന്ധിച്ച വിലയിരുത്തലുകൾ നടന്നു.

നീറ്റ് ക്രമക്കേട് അന്വേഷണത്തിൽ സി.ബി.ഐ. സംഘം ബിഹാറിലും മഹാരാഷ്ട്രയിലും തെളിവെടുപ്പാരംഭിച്ചു. ഗുജറാത്ത്, രാജസ്ഥാൻ, ബിഹാർ സംസ്ഥാനങ്ങളിലായി ആറ്‌ കേസുകൾ എടുത്തിട്ടുണ്ട്. ബിഹാർ പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ യൂണിറ്റിന്റെ ഓഫീസിലെത്തിയ സംഘം വിവരങ്ങൾ ശേഖരിച്ചു. കേസിൽ ഇതുവരെ അറസ്റ്റിലായ 18 പേരെ ഡൽഹിയിലേക്ക് മാറ്റും. പ്രധാന തെളിവായി 68 ചോദ്യക്കടലാസുകളുടെ കത്തിച്ച പകർപ്പുകൾ സാമ്പത്തിക കുറ്റകൃത്യ യൂണിറ്റ് കണ്ടെത്തിയിരുന്നു. ഇവ ഫൊറൻസിക് പരിശോധനയ്ക്കു വിധേയമാക്കും.

ചോദ്യക്കടലാസ് ചോർന്നുവെന്ന് സംശയിക്കുന്ന ഹസാരിബാഗിലെ ഒയാസിസ് സി.ബി.എസ്.ഇ. സ്കൂൾ സി.ബി.ഐ. സംഘം സന്ദർശിച്ചു. ചോദ്യക്കടലാസുകളെത്തുന്ന കവർ പ്രത്യേകരീതിയിൽ തുറക്കുന്നതിന് പരീക്ഷാ നടത്തിപ്പിന്റെ ചുമതലയുള്ളവർക്ക് പരിശീലനം നൽകാറുണ്ട്. എന്നാൽ, കവർ പൊട്ടിച്ചതായി കണ്ടെത്തിയിരുന്നു.

കേസിൽ മഹാരാഷ്ട്രയിൽനിന്നും ഝാർഖണ്ഡിൽനിന്നും രണ്ടുപേർകൂടി പിടിയിലായിട്ടുണ്ട്. ദേശീയ പരീക്ഷാ ഏജൻസി ചെയർപേഴ്സൺ പ്രദീപ് കുമാർ ജോഷിക്കെതിരേ നടപടിയുണ്ടായിട്ടില്ലെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തി. ഷിംല ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അഡ്വാൻസ്ഡ് സ്റ്റഡിസ്‌ ഡയറക്ടർ സ്ഥാനത്തേക്കുള്ള ഉദ്യോഗാർഥികളുടെ അഭിമുഖം ജോഷി നടത്തിയെന്ന് കോൺഗ്രസ് നേതാവ് പവൻ ഖേര ആരോപിച്ചു. ക്രമക്കേട് ആരോപണത്തിൽ എൻ.ടി.എ. ഡയറക്ടർ ജനറൽ സുബോധ് കുമാർ സിങ്ങിനെ തത്‌സ്ഥാനത്തുനിന്ന് നീക്കിയിരുന്നു.

Content Highlights: NEET Controversy Six Cases registered