യുവ ഗവേഷകർക്ക് ഒരു ലക്ഷം രൂപ ഫെലോഷിപ്പ്: ദേശീയ വനിതാ കമ്മീഷന്റെ പദ്ധതിയിലേക്ക് അപേക്ഷിക്കാം

ന്യൂഡൽഹി: രാജ്യത്തെ സ്ത്രീകൾ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് പഠിക്കാനും പരിഹാരങ്ങൾ നിർദ്ദേശിക്കാനും യുവ ഗവേഷകർക്ക് അവസരമൊരുക്കി ദേശീയ വനിതാ കമ്മീഷൻ (എൻ.സി.ഡബ്യു). 'ശക്തി സ്‌കോളേഴ്‌സ്: എൻസിഡബ്ല്യു യങ് റിസർച്ച് ഫെലോഷിപ്പ്' പദ്ധതിയിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സാമ്പത്തിക സഹായവും നയരൂപീകരണത്തിൽ പങ്കാളികളാകാനുള്ള അവസരവും ലഭിക്കും.
ഫെലോഷിപ്പ് തുകയും കാലാവധിയും
ആറുമാസത്തെ ഗവേഷണ പരിപാടിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒരു ലക്ഷം രൂപയാണ് ഗ്രാന്റായി ലഭിക്കുക. ഗവേഷണത്തിന്റെ പുരോഗതി വിലയിരുത്തിയാകും ഗഡുക്കളായാണ് തുക വിതരണം ചെയ്യുക.
അപേക്ഷിക്കാനുള്ള യോഗ്യതകൾ
- 21-നും 30-നും ഇടയിൽ പ്രായമുള്ള ഇന്ത്യൻ പൗരന്മാർ ആയിരിക്കണം.
- അംഗീകൃത സ്ഥാപനത്തിൽ നിന്ന് കുറഞ്ഞത് ഒരു ബിരുദമെങ്കിലും പൂർത്തിയാക്കിയിരിക്കണം.
- ബിരുദാനന്തര ബിരുദമുള്ളവർക്കും ഉയർന്ന ഗവേഷണ ബിരുദങ്ങൾ ചെയ്യുന്നവർക്കും മുൻഗണന നൽകുന്നതാണ്.
- സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഗവേഷണം നടത്താൻ താല്പര്യമുള്ള ഏത് അക്കാദമിക് പശ്ചാത്തലത്തിലുള്ളവർക്കും അപേക്ഷിക്കാം.
അപേക്ഷിക്കേണ്ട വിധം
താല്പര്യമുള്ളവർ ഇമെയിൽ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഡിസംബർ 31 വൈകുന്നേരം 5:30 വരെ അപേക്ഷ സമർപ്പിക്കാം. അപേക്ഷകൾ വിദഗ്ധ സമിതി പരിശോധിച്ച ശേഷം ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെടുന്നവരെ ഓൺലൈൻ അഭിമുഖത്തിന് ക്ഷണിക്കും.
Content Highlights: National Commission for Women invites young researchers for Shakti Scholars Fellowship.