അധ്യാപകർ ഇനി പല ഭാഷകൾ പഠിക്കണം; നീക്കവുമായി എൻസിഇആർടി

#Education desk
പ്രതീകാത്മകചിത്രം- മെറ്റ എഐയുടെ സഹായാത്താൽ നിർമിച്ചത്
പ്രതീകാത്മകചിത്രം- മെറ്റ എഐയുടെ സഹായാത്താൽ നിർമിച്ചത്

ന്യൂഡൽഹി: സ്‌കൂളുകളിൽ ഒന്നിലധികം ഭാഷകൾ കൈകാര്യം ചെയ്യാൻ കഴിവുള്ള അധ്യാപകരെ വാർത്തെടുക്കാൻ ലക്ഷ്യമിട്ട് എൻ.സി.ഇ.ആർ.ടി. പുതിയ മൾട്ടി ലിംഗ്വൽ എജ്യുക്കേഷൻ (ബഹുഭാഷാ വിദ്യാഭ്യാസം) മാതൃക തയ്യാറാക്കുന്നു. ഡീംഡ് സർവകലാശാല പദവി ലഭിച്ചതിന് പിന്നാലെയാണ് എൻ.സി.ഇ.ആർ.ടി. പുതിയ പദ്ധതിയലേക്ക് കടക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടിൽ പറയുന്നു. 

ഒരു ഭാഷമാത്രം പഠിപ്പിക്കാൻ അധ്യാപകർക്ക് പരിശീലനം നൽകുന്ന നിലവിലെ രീതിക്ക് പകരം, ബിരുദ-ബിരുദാനന്തര-ഗവേഷണ തലങ്ങളിൽ ഒന്നിലധികം ഭാഷകളിൽ പ്രാവീണ്യവും പഠിപ്പിക്കാനുള്ള നൈപുണ്യവും നൽകാനാണ് എൻസിഇആർടി ലക്ഷ്യമിടുന്നത്.

പ്രധാന വിവരങ്ങൾ:

  • സ്കൂളുകളിലെ പ്രായോഗിക ബുദ്ധിമുട്ടുകൾക്ക് പരിഹാരം: കുറച്ചു വിദ്യാർഥികൾമാത്രം ഒരു പ്രത്യേക ഭാഷ തെരഞ്ഞെടുക്കുമ്പോൾ ഓരോ ഭാഷയ്ക്കും വെവ്വേറെ അധ്യാപകരെ നിയമിക്കുന്നത് പ്രായോഗികമല്ല. എന്നാൽ ബഹുഭാഷാ അധ്യാപകർ എത്തുന്നതോടെ സ്കൂളുകൾക്ക്  സാമ്പത്തിക ഭാരമില്ലാതെ കൂടുതൽ ഭാഷകൾ ഓപ്ഷനായി നൽകാൻ സാധിക്കും.

  • ദേശീയ വിദ്യാഭ്യാസ നയം: പുതിയ വിദ്യാഭ്യാസ നയം ബഹുഭാഷാ പഠനത്തിന് പ്രാധാന്യം നൽകുന്നുണ്ടെങ്കിലും അതിന് അനുയോജ്യമായ പരിശീലനം ലഭിച്ച അധ്യാപകരുടെ കുറവുണ്ടായിരുന്നു. 

  • ഉപരിപഠനവും ഗവേഷണവും:  കോഴ്‌സുകൾ പൂർത്തിയാക്കുന്നവർക്ക് സ്കൂൾ തലത്തിൽ അധ്യാപനം നടത്താനും, ഡോക്ടറൽ പഠനം പൂർത്തിയാക്കുന്നവർക്ക് അധ്യാപക പരിശീലകരായോ ഗവേഷകരായോ പ്രവർത്തിക്കാനും അവസരമുണ്ടാകും.

ഒരു അധ്യാപകന് എത്ര ഭാഷകളിൽ പരിശീലനം നൽകണം, പരിശീലനത്തിന്റെ കൃത്യമായ യോഗ്യതാ നിലവാരം എന്നിവയെക്കുറിച്ചുള്ള അന്തിമ തീരുമാനങ്ങൾ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവും എൻസിഇആർടിയും ചേർന്ന് വരും ദിവസങ്ങളിൽ പുറത്തുവിടും.

Content Highlights: NCERT is developing multi-lingual education model for teachers across graduate, postgraduate and research levels.