എൻസിഇആർടിയെ സ്വയംഭരണ സർവകലാശാലയാക്കും; യുജിസി തീരുമാനം ഉടൻ

#സ്വന്തം ലേഖകന്‍
പ്രതീകാത്മക ചിത്രം.|Photo: Mathrubhumi
പ്രതീകാത്മക ചിത്രം.|Photo: Mathrubhumi

ന്യൂഡൽഹി: സ്‌കൂൾ പാഠ്യപദ്ധതികളും പാഠപുസ്തകങ്ങളും തയ്യാറാക്കുന്ന നാഷണൽ കൗൺസിൽ ഓഫ് എജുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിങ്ങിനെ (എൻസിഇആർടി) സ്വയംഭരണ സർവകലാശാലയായി (ഡീംഡ് യൂണിവേഴ്സിറ്റി) ഉയർത്താൻ തീരുമാനം.

ഈ മാസം ഒടുവിൽ തീരുമാനമുണ്ടാകുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഉദ്യോഗസ്ഥർ പറഞ്ഞു. യുജിസിയുടെ അടുത്ത യോഗത്തിൽ ഇക്കാര്യം പരിഗണിക്കുമെന്നാണ് സൂചന. എൻസിഇആർടിയെ സ്വയംഭരണ സർവകലാശാലയാക്കാൻ ആലോചനയുണ്ടെന്ന് 2023-ൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞിരുന്നു.

ആഗോളതലത്തിലുള്ള അക്കാദമിക് സമൂഹവുമായി ബന്ധപ്പെട്ട് ഗവേഷണങ്ങൾ നടത്താനും അന്താരാഷ്ട്ര വിദ്യാഭ്യാസ സംവിധാനത്തിലേക്ക് കൂടുതൽ സംഭാവനകൾ നൽകാനും നീക്കം ഉപകരിക്കുമെന്നാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അവകാശവാദം.

ഗവേഷണത്തിന് ഊന്നൽ നൽകും. ഉന്നതവിദ്യാഭ്യാസം, ഡോക്ടറൽ പരിശീലനം എന്നിവയ്ക്കുള്ള ഔപചാരിക കേന്ദ്രമായി മാറും. സ്വന്തംനിലയിൽ ബിരുദം നൽകാനും സ്‌കൂൾതലത്തിന് പുറത്തേക്ക് തങ്ങളുടെ പരിധി വ്യാപിപ്പിക്കാനും സാധിക്കും. കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയത്തിനു കീഴിലുള്ള സ്‌കൂൾവിദ്യാഭ്യാസവകുപ്പായിരിക്കും സർവകലാശാലയ്ക്ക് ഫണ്ട് നൽകുക.

Content Highlights: NCERT, a key body for school curriculum and textbooks, is set to be elevated to a Deemed University. This move aims to boost research and global academic collaboration.