നാഷണൽ സെന്റർ ഫോർ ബയോളജിക്കൽ സയൻസസിൽ ഗവേഷണം

നാഷണൽ സെന്റർ ഫോർ ബയോളജിക്കൽ സയൻസസ് - ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച് (എൻ.സി.ബി.എസ്. - ടി.ഐ.എഫ്.ആർ.) (ബെല്ലാരി റോഡ്, ബെംഗളൂരു - 560065) ജി.എസ്. 2026 - പിഎച്ച്.ഡി. പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
ജീവശാസ്ത്രത്തിലെ വിവിധ വിഷയങ്ങളിൽ വ്യാപിച്ചുകിടക്കുന്ന ഗവേഷണങ്ങൾക്കൊപ്പം ഭൗതികശാസ്ത്രവുമായി ബന്ധപ്പെട്ട ഗവേഷണങ്ങളും കേന്ദ്രം പ്രോത്സാഹിപ്പിക്കുന്നു.
യോഗ്യത: ബയോളജി/അഗ്രികൾച്ചറൽ സയൻസസ്/ഫിസിക്സ്/കെമിസ്ട്രി/കംപ്യൂട്ടർ സയൻസ്/മാത്തമാറ്റിക്സ് തുടങ്ങിയവയിൽ ഒന്നിലെ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ അഞ്ച് വർഷത്തെ ബിരുദം (എം.ബി.ബി.എസ്./ബി.ഡി.എസ്. തുടങ്ങിയവ) അല്ലെങ്കിൽ ഒരു പ്രൊഫഷണൽ മാസ്റ്റർ ബിരുദം (എം.ഫാം./എം.ടെക്.) ഉള്ളവർക്ക് അപേക്ഷിക്കാം.
സി.എസ്.ഐ.ആർ./യു.ജി.സി.-ജെ.ആർ.എഫ്., ഡി.ബി.ടി., ഐ.സി.എം.ആർ., ഡി.എസ്.ടി.-ഇൻസ്പയർ; ഗേറ്റ്, തുടങ്ങിയ ദേശീയ തല സ്കോളർഷിപ്പ്/ഫെലോഷിപ്പ് പരീക്ഷകളിലൊന്നിൽ കുറഞ്ഞത് 95-ാം പെർസന്റൈൽ സ്കോറോടെയുള്ള (2026 ഓഗസ്റ്റ് ഒന്നിന് സാധുതയുള്ള) യോഗ്യത നേടിയിരിക്കണം. ഗേറ്റിൽ ഉയർന്ന 10 പെർസന്റൈലിനകം സ്കോർ ലഭിച്ചവർ, ജെ.ആർ.എഫ്. ഇല്ലാതെ യു.ജി.സി./സി.എസ്.ഐ.ആർ. നെറ്റ് യോഗ്യത നേടിയവർ, എന്നിവരെ കുറഞ്ഞത് ആറ് മാസമെങ്കിലും തുടർച്ചയായ ഗവേഷണ പരിചയമുണ്ടെങ്കിൽ പ്രവേശനത്തിന് പരിഗണിക്കാം.
ഫെലോഷിപ്പ്: തിരഞ്ഞെടുക്കപ്പെടുന്ന എല്ലാവർക്കും ആദ്യത്തെ രണ്ട് വർഷത്തേക്ക് പ്രതിമാസം 37,000 രൂപ നിരക്കിൽ റെഗുലർ ജെ.ആർ.എഫ്. ലഭിക്കാൻ അർഹതയുണ്ട്. രജിസ്ട്രേഷനുള്ള യോഗ്യത നേടുമ്പോൾ പ്രതിമാസം 42,000 രൂപ നിരക്കിലുള്ള എസ്.ആർ.എഫ്. ലഭിക്കും. രണ്ടു ഘട്ടങ്ങളിലും ബാധകമായ എച്ച്.ആർ.എ. ഉണ്ട്. പ്രതിവർഷ കണ്ടിജൻസി ഗ്രാൻറും ലഭിക്കും.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് അവരുടെ സ്വന്തം ദേശീയ ഫെലോഷിപ്പ് അല്ലെങ്കിൽ ടി.ഐ.എഫ്.ആർ. ഫെലോഷിപ്പ് സ്വീകരിക്കാം.
അപേക്ഷ: പ്രോഗ്രാം വിശദാംശങ്ങൾ www.ncbs.res.in/ ൽ ലഭിക്കും (അക്കാദമിക് > അഡ്മിഷൻസ് ജി.എസ്. 2026 ലിങ്കുകൾ).
അപേക്ഷ ഏപ്രിൽ അഞ്ചിന് വൈകുന്നേരം അഞ്ചിനുമുൻപ് ഈ സൈറ്റിലെ ലിങ്കിൽക്കൂടി നൽകാം.
Content Highlights: PhD program at the prestigious National Centre for Biological Sciences (NCBS-TIFR).