പ്രൊഫ. ശര്‍മ പറഞ്ഞത് മറന്നില്ല; പഠിച്ച സ്ഥാപനത്തിന് 151 കോടി നല്‍കാന്‍ മുകേഷ് അംബാനി

1. മുകേഷ് അംബാനി 2. മുകേഷ് അംബാനിയും പ്രൊഫ എം.എം ശര്‍മയും | Photo - ANI
1. മുകേഷ് അംബാനി 2. മുകേഷ് അംബാനിയും പ്രൊഫ എം.എം ശര്‍മയും | Photo - ANI

'മുകേഷ്, നീ ഐസിടിക്കുവേണ്ടി കാര്യമായി എന്തെങ്കിലും ചെയ്യണം. അതാണ് എനിക്കുള്ള ഗുരുദക്ഷിണ'. പഠനകാലത്ത് അധ്യാപകന്‍ പ്രൊഫസര്‍ എം.എം. ശര്‍മ്മ മുകേഷ് അംബാനിയോട് പറഞ്ഞതാണ് ഈ വാക്കുകള്‍. പിന്നീട് രാജ്യത്തെ പ്രമുഖ വ്യവസായിയായി മാറിയിട്ടും അദ്ദേഹം അത് മറന്നില്ല. പഠിച്ച സ്ഥാപനമായ മുംബൈയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കല്‍ ടെക്‌നോളജിക്ക് (ഐ.സി.ടി.) 151 കോടി രൂപയുടെ നിബന്ധനകളില്ലാത്ത ധനസഹായം പ്രഖ്യാപിച്ചിരിക്കുകയാണ് അദ്ദേഹം. മുന്‍ അദ്ധ്യാപകനായ പ്രൊഫസര്‍ എം.എം. ശര്‍മ്മയുടെ ജീവിതത്തെയും പ്രവര്‍ത്തനങ്ങളെയും വിവരിക്കുന്ന 'ഡിവൈന്‍ സയന്റിസ്റ്റ്' എന്ന ജീവചരിത്ര പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ പങ്കെടുക്കാന്‍ അദ്ദേഹം സ്ഥാപനം സന്ദര്‍ശിച്ചപ്പോഴാണ് പ്രഖ്യാപനം നടത്തിയത്.

1970-കളില്‍ യൂണിവേഴ്‌സിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കെമിക്കല്‍ ടെക്‌നോളജി (യുഡിസിടി) എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഈ സ്ഥാപനത്തില്‍ നിന്നാണ് മുകേഷ് ബിരുദം നേടിയത്. പുസ്തക പ്രകാശന ചടങ്ങിനെത്തിയ അദ്ദേഹം പ്രൊഫ. ശര്‍മ്മയ്ക്ക് ആദരമര്‍പ്പിച്ചു. തന്റെ ജീവിത യാത്രയില്‍ ഒരു ശാശ്വതമായ സ്വാധീനം ചെലുത്തിയ ഒന്നാണ് പ്രൊഫ. ശര്‍മയുടെ ക്ലാസുകളെന്ന് അദ്ദേഹത്തിന്റെ ആദ്യത്തെ ക്ലാസ് ഓര്‍ത്തെടുത്തുകൊണ്ട് മുകേഷ് അംബാനി പറഞ്ഞു. പ്രൊഫ. ശര്‍മ്മയെ അക്കാദമിക് രംഗത്തെ അതികായനായി മാത്രമല്ല ഇന്ത്യയുടെ സാമ്പത്തിക ഉദാരവത്കരണത്തിന്റെ നിശബ്ദനായ ശില്പിയായും ആണ് കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു.

'എന്റെ അച്ഛന്‍ ധീരുഭായ് അംബാനിയെപ്പോലെ അദ്ദേഹത്തിനും ഇന്ത്യന്‍ വ്യവസായത്തെ പരിവര്‍ത്തനം ചെയ്യാനുള്ള തീവ്രമായ ആഗ്രഹമുണ്ടായിരുന്നു. ഞെരുക്കത്തിലായ ഒരു അവസ്ഥയില്‍ നിന്ന്‌ ഇന്ത്യന്‍ വ്യവസായത്തെ ആഗോള നേതൃത്വത്തിലേക്ക് നയിക്കുന്നതിനാണ് അവരെല്ലാം തുടക്കം കുറിച്ചത്. ഈ രണ്ട് ദീര്‍ഘദര്‍ശികളും വിശ്വസിച്ചത്, ശാസ്ത്രം, സാങ്കേതികവിദ്യ, സ്വകാര്യ സംരംഭം എന്നിവയ്ക്ക് രാജ്യത്തെ അഭിവൃദ്ധിയിലേക്ക് നയിക്കാനാകുമെന്നാണ്‌' - അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലൈസന്‍സ്-പെര്‍മിറ്റ് രാജ് ഇല്ലാതാക്കാനും ഇന്ത്യന്‍ വ്യവസായങ്ങളെ വളര്‍ത്താനും ഇറക്കുമതി കുറയ്ക്കാനും ആഗോളതലത്തില്‍ മത്സരിക്കാനും അതിനായി നയരൂപീകരണം നടത്തുന്നവരെ അതിലേക്ക് എത്തിക്കാനും കഴിഞ്ഞതിന്റെ ബഹുമതി അദ്ദേഹത്തിനുള്ളതാണ്. പ്രൊഫ. ശര്‍മ്മയുടെ അഭ്യര്‍ഥന മാനിച്ചാണ് 151 കോടി രൂപയുടെ സംഭാവന നല്‍കിയത്. അദ്ദേഹം എന്തെങ്കിലും പറയുമ്പോള്‍ ഞങ്ങള്‍ കേള്‍ക്കുക മാത്രമാണ് ചെയ്തിരുന്നത്. വേറൊന്നും ആലോചിക്കില്ല. അദ്ദേഹം പറഞ്ഞു മുകേഷ് നീ ഐ.സി.ടിക്ക് വേണ്ടി കാര്യമായ എന്തെങ്കിലും ചെയ്യണം എന്ന് പറഞ്ഞു. ഇതാണ്‌ എന്റെ ഗുരുദക്ഷിണ - മുകേഷ് അംബാനി പറഞ്ഞു.

Content Highlights: mukesh ambani announces 151 crores grant to ict mumbai