റാഞ്ചി സൈക്യാട്രി ഇൻസ്റ്റിറ്റ്യൂട്ടിൽ പിഎച്ച്ഡി, എംഫിൽ, ഡിപ്ലോമ; പ്രതിമാസ സ്കോളർഷിപ്പോടെ പഠിക്കാം

മാനസികാരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന മുൻനിര കേന്ദ്രസർക്കാർ സ്ഥാപനമായ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സൈക്യാട്രി (സിഐപി) റാഞ്ചി (ത്സാർഖണ്ഡ്) ജൂൺ രണ്ടിനാരംഭിക്കുന്ന പിഎച്ച്ഡി, എംഫിൽ, ഡിപ്ലോമ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. റാഞ്ചി സർവകലാശാലയുടെ അഫിലിയേഷനാണുള്ളത്. പ്രോഗ്രാമുകളെ മൂന്നുഗ്രൂപ്പാക്കിത്തിരിച്ചിട്ടുണ്ട്.
ഗ്രൂപ്പുകൾ, പ്രോഗ്രാമുകൾ, പ്രവേശനയോഗ്യത എന്നിവ ക്രമത്തിൽ
ഗ്രൂപ്പ് എ: (i) പിഎച്ച്ഡി ക്ലിനിക്കൽ സൈക്കോളജി: മെഡിക്കൽ ആൻഡ് സോഷ്യൽ സൈക്കോളജി/ക്ലിനിക്കൽ സൈക്കോളജി എംഫിൽ യോഗ്യതവേണം. (ii) എംഫിൽ ക്ലിനിക്കൽ സൈക്കോളജി: സൈക്കോളജി എംഎ/എംഎസ്‌സി ബിരുദം.
ഗ്രൂപ്പ് ബി: എംഫിൽ സൈക്യാട്രിക് സോഷ്യൽവർക്ക്: സോഷ്യൽവർക്കിൽ മാസ്റ്റേഴ്‌സ് ബിരുദം വേണം. എംഫിൽ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് യോഗ്യതാപ്രോഗ്രാമിൽ 55 ശതമാനം മാർക്ക് (പട്ടിക/ഒബിസി വിഭാഗക്കാർക്ക് 50 ശതമാനം).
ഗ്രൂപ്പ് സി: ഡിപ്ലോമ ഇൻ സൈക്യാട്രിക് നഴ്‌സിങ്: ജനറൽ നഴ്‌സിങ് ആൻഡ് മിഡ് വൈഫറിയിൽ, എ ഗ്രേഡ് സർട്ടിഫിക്കറ്റ്/ഡിപ്ലോമ.
എല്ലാകോഴ്‌സുകൾക്കും ബന്ധപ്പെട്ട യോഗ്യതാപരീക്ഷ 2025 മാർച്ച് 31-നകം ജയിച്ചതിന്റെ സർട്ടിഫിക്കറ്റ് അപേക്ഷകരുടെ കൈവശമുണ്ടായിരിക്കണം. പിഎച്ച്ഡി/എംഫിൽ എന്നിവയുടെ ദൈർഘ്യം രണ്ടുവർഷവും ഡിപ്ലോമയുടേത് ഒരുവർഷവുമാണ്.
സീറ്റുകൾ
പിഎച്ച്ഡി-4, എംഫിൽ (എ ഗ്രൂപ്പ്)-21, എംഫിൽ (ബി ഗ്രൂപ്പ്)-15, ഡിപ്ലോമ-23. പിഎച്ച്ഡിക്ക് സംവരണസീറ്റില്ല. മറ്റുള്ളവയ്ക്ക് കേന്ദ്രസർക്കാർ വ്യവസ്ഥപ്രകാരമുള്ള സംവരണമുണ്ട്.
തിരഞ്ഞെടുപ്പ്
പിഎച്ച്ഡി, എംഫിൽ കോഴ്‌സുകൾക്ക് പ്രവേശനപ്പരീക്ഷ, ഇന്റർവ്യൂ/പ്രാക്ടിക്കൽ (അല്ലെങ്കിൽ രണ്ടും) എന്നിവവഴിയാകും പ്രവേശനം. ഒരുമണിക്കൂർ ദൈർഘ്യമുള്ള പ്രവേശനപ്പരീക്ഷകൾക്ക് മൊത്തം 100 മാർക്കിനുള്ള 100 മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങളുണ്ടാകും. ഗ്രൂപ്പ് എ കോഴ്‌സുകൾക്ക് എംഎ/എംഎസ്‌സി നിലവാരവും ഗ്രൂപ് ബി കോഴ്സുകൾക്ക് എംഎസ്ഡബ്ല്യു നിലവാരവുമുള്ളതായിരിക്കും ചോദ്യങ്ങൾ. കംപ്യൂട്ടറധിഷ്ഠിത പ്രവേശനപ്പരീക്ഷ ഏപ്രിൽ 27-ന് മുംബൈ, ന്യൂഡൽഹി, കൊൽക്കത്ത, ചെന്നൈ, അഹമ്മദാബാദ്, ഹൈദരാബാദ്, ബെംഗളൂരു, റാഞ്ചി കേന്ദ്രങ്ങളിൽ നടത്തും. ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെടുന്നവരെ ഇന്റർവ്യൂ/പ്രാക്ടിക്കൽ (അല്ലെങ്കിൽ രണ്ടും) എന്നിവയ്ക്ക് വിളിക്കും (50 മാർക്ക്). ഇത് മേയ് 13-നും 15-നും ഇടയ്ക്ക് സ്ഥാപനത്തിൽവെച്ചായിരിക്കും. അന്തിമസെലക്‌ഷൻ പ്രവേശനപ്പരീക്ഷ, ഇന്റർവ്യൂ/പ്രാക്ടിക്കൽ (അല്ലെങ്കിൽ രണ്ടും) എന്നിവയുടെ മൊത്തം സ്കോർ പരിഗണിച്ചായിരിക്കും. ഡിപ്ലോമ ഇൻ സൈക്യാട്രിക് നഴ്‌സിങ്ങിന് ഇന്റർവ്യൂനടത്തി പ്രവേശനംനൽകും. വിശദാംശങ്ങൾ cipranchi.nic.in -ലെ ബന്ധപ്പെട്ട പ്രോസ്പക്ടസിൽ ഉണ്ട് (അനൗൺസ്മന്റ്‌സ് > എൻട്രൻസ് എക്സാമിനേഷൻസ് ലിങ്കിൽ ലഭിക്കും). അപേക്ഷ ഇതേലിങ്കുവഴി ഏപ്രിൽ 15 വരെ നൽകാം.
സ്കോളർഷിപ്പ്
പ്രവേശനംലഭിക്കുന്നവർക്ക് പ്രതിമാസസ്കോളർഷിപ്പ് ലഭിക്കും. പിഎച്ച്ഡി, എംഫിൽ-25,000 രൂപ, ഡിപ്ലോമ- 2500 രൂപ.
Content Highlights: monthly scholarship will be awarded for phd mphil diploma in ranchi