മൈക്കിൾമാഷിന് സമൂഹത്തെ തൊട്ടറിഞ്ഞതിനുള്ള അംഗീകാരം

കാഞ്ഞിരപ്പുഴ: പഠനപ്രവർത്തനങ്ങൾക്കൊപ്പം വിദ്യാർഥികളെ സ്കൂളിനുപുറത്തുള്ള സാമൂഹികജീവിതക്കാഴ്ചകളിലേക്കും നയിച്ച പൊറ്റശ്ശേരി ഗവ. ഹയർസെക്കൻഡറി സ്കൂളിലെ പി.ജെ. മൈക്കിൾ ജോസഫിന് സംസ്ഥാന അധ്യാപകപുരസ്കാരം. 2007 മുതൽ പത്തുവർഷം അഗളി ഗവ. ഹയർസെക്കൻഡറി സ്കൂൾ അധ്യാപകനായിരുന്നു. ഇവിടത്തെ വിജയശതമാനം ഉയർത്തുന്നതിനായി നടത്തിയ പ്രവർത്തനങ്ങളും പരിഗണനയിലെടുത്തു.
എട്ടുവർഷമായി പൊറ്റശ്ശേരി സ്കൂളിലുള്ള ഇദ്ദേഹം സ്കൂളിന്റെ നേതൃത്വത്തിലുള്ള ‘കൂടൊരുക്കൽ’ പദ്ധതിയുടെ കൺവീനറാണ്. പദ്ധതിയുടെ ഭാഗമായുള്ള സ്നേഹവീടുകളുടെ നിർമാണം, കോവിഡ് കാലത്ത് പഞ്ചായത്തിലെ കോവിഡ് രോഗികൾക്ക് വീടുകളിൽ ഭക്ഷണമെത്തിച്ചുനൽകിയ ‘സ്നേഹപൂർവം പൊതിച്ചോർ’ പരിപാടി, സ്കൂളിന്റെ വിജയശതമാനം ഉയർത്താനായുള്ള കൂട്ടായ ശ്രമങ്ങൾ, കുട്ടികളിൽ ശാസ്ത്രബോധം വളർത്താനായി ജില്ലയിലുടനീളം സഞ്ചരിക്കുന്ന ‘ടെൽ’ ശാസ്ത്രവണ്ടി എന്നിവയുടെ നേതൃത്വവും പുരസ്കാരത്തിനായി പരിഗണിച്ചു.
സ്കൂളിന്റെ പിന്തുണയോടെ അഞ്ചാമത്തെ സ്നേഹവീടിന്റെ നിർമാണമാണ് നിലവിൽ നടക്കുന്നത്. മണ്ണാർക്കാട് സ്കൗട്ട് അസോസിയേഷൻ കൺവീനറുമായിട്ടുണ്ട്. സ്കൗട്ട് യൂണിറ്റ് അധ്യാപകൻ, സ്റ്റുഡന്റ് പോലീസ് കേഡറ്റ് ഓഫീസർ തുടങ്ങിയ നിലകളിലും പ്രവർത്തിച്ചു.
പൊറ്റശ്ശേരി പാലാമ്പട്ട പഴുക്കാത്തറയിൽ ജോസഫിന്റെയും ഏലിയാമ്മയുടെയും മകനാണ്. എം.എസ്സി. രസതന്ത്രം റാങ്ക് ജേതാവുമാണ്. എം.ടെക്. പോളിമർ ടെക്നോളജി ബിരുദവും നേടിയിട്ടുണ്ട്. പുണെ നാഷണൽ കെമിക്കൽ ലബോറട്ടറി, ഇറ്റലിയിലെ പലേർമോ സർവകലാശാല എന്നിവിടങ്ങളിൽ ഗവേഷണപരിചയവുമുണ്ട്. അന്താരാഷ്ട ശാസ്ത്രജേർണലുകളിൽ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാര്യ: ജെൻസി ജോസ് (അധ്യാപിക, ജെല്ലിപ്പാറ മൗണ്ട് കാർമൽ ഹയർസെക്കൻഡറി സ്കൂൾ) മക്കൾ: ജോയൽ, ഏബൽ.
Content Highlights: michael joseph gets state's best teacher award