'ആ വിശേഷണം സന്തോഷം നല്‍കുന്നത്'; മന്ത്രിയെ പിന്തുണച്ച് നടി മീനാക്ഷി, വീഡിയോ പങ്കുവെച്ച് വിദ്യാഭ്യാസമന്ത്രി

സാമൂഹികമാധ്യമങ്ങളിലടക്കം പല കാര്യങ്ങളിലും തന്റെ നിലപാട് വ്യക്തമാക്കുന്നതിൽ മടിച്ചുനിൽക്കാത്ത താരമാണ് മീനാക്ഷി അനൂപ്. അടുത്തിടെ ഒരു ഓൺലൈൻ വാർത്താമാധ്യമത്തിന് താരം നൽകിയ അഭിമുഖത്തിലെ ഒരു ഭാഗം വിദ്യാഭ്യാസ മന്ത്രി തന്റെ ഫെയ്സ്ബുക്കിൽ പങ്കുവെച്ചിരിക്കുകയാണ്. പാഠപുസ്തകങ്ങളെക്കുറിച്ചും അതിൽ ഉൾപ്പെടുത്തേണ്ട മാറ്റങ്ങളെക്കുറിച്ചുമുള്ള അവതാരകയുടെ ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു മീനാക്ഷി.
പ്രാഥമികമായ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളെക്കുറിച്ച് കുട്ടികൾക്കുണ്ടാകേണ്ട അറിവ് ഉറപ്പാക്കാൻ സ്കൂൾ വിദ്യാഭ്യാസത്തിലൂടെ ശ്രമിക്കണമെന്ന് താരം പറഞ്ഞു. പഠനത്തിന്റെ ഭാഗമായി ചില ക്ലാസുകളിലെ പാഠപുസ്തകങ്ങളിൽ പ്രഥമശ്രുശൂഷ, സിപിആർ എന്നിവയെക്കുറിച്ച് പറയുന്നുണ്ട്. എന്നാൽ പലർക്കും ഇത് ദൈനംദിന ജീവിതത്തിൽ എങ്ങനെ പ്രാവർത്തികമാക്കണം എന്ന് അറിയില്ല.
ഇത്തരം വിഷയങ്ങളെക്കുറിച്ച് അറിയാനുള്ള താത്പര്യം കാരണം താൻ കോളേജിൽ ഇത് പ്രത്യേകമായി പഠിക്കുന്നുണ്ടെന്നും മീനാക്ഷി പറഞ്ഞു. പൊതുവിദ്യാഭ്യാസ രംഗത്തുണ്ടാകേണ്ട മാറ്റങ്ങളെക്കുറിച്ച് വിദ്യാഭ്യാസമന്ത്രിയോട് എന്തെങ്കിലും പറയാനുണ്ടോ എന്ന ചോദ്യത്തിന്റെ മറുപടി ആയിട്ടാണ് മീനാക്ഷി തന്റെ അഭിപ്രായം വ്യക്തമാക്കിയത്.
പണ്ടത്തെ അപേക്ഷിച്ച് ഇപ്പോൾ കുട്ടികൾക്ക് പാഠപുസ്തകങ്ങളിൽ നിന്ന് മാത്രമല്ലാതെ പുറത്തുനിന്നുള്ള ക്ലാസുകളും ലഭിക്കുന്നുണ്ട്. അഗ്നിരക്ഷാസേന, മെഡിക്കൽ ഡിപാർട്മെന്റ് തുടങ്ങിയ വിഭാഗങ്ങളിൽ നിന്നും അതത് വിഷയവുമായി ബന്ധപ്പെട്ട് പ്രത്യേക ക്ലാസുകൾ നൽകുന്നു. തനിക്ക് ഇത്തരത്തിൽ ജനാധിപത്യപരമായി ഉത്തരം പറയാൻ സാധിക്കുന്നതും ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായം കാരണമാണെന്നും താരം കൂട്ടിച്ചേർത്തു. വിദ്യാഭ്യാസ മന്ത്രി കുട്ടികളോട് ഇടപെടുന്ന രീതിയും അദ്ദേഹം സ്വയം മന്ത്രിയപ്പൂപ്പൻ എന്ന് വിശേഷിപ്പിക്കുന്നതും സന്തോഷം തരുന്ന കാര്യമാണെന്നും മീനാക്ഷി പറഞ്ഞു. നമുക്ക് ചോദ്യങ്ങൾ ചോദിക്കാൻ അവകാശമുണ്ടെന്നും അതിന് മറുപടി ലഭിക്കും എന്നതും ഇപ്പോഴത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെ ലഭിച്ചതാണെന്നും മീനാക്ഷി പറഞ്ഞു.
Content Highlights: Meenakshi Anoop discusses essential life skills like CPR & first aid in textbooks and their practical application.