മാനേജ്‌മെന്റ് പഠനത്തിനായി MATപരീക്ഷ; 2026 ഫെബ്രുവരി സെഷനിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

#Education Desk
പ്രതീകാത്മക ചിത്രം | Photo: Canva
പ്രതീകാത്മക ചിത്രം | Photo: Canva

ബിസിനസ് മേഖലയുമായി ബന്ധപ്പെട്ട് മാനേജ്‌മെന്റ് പഠനത്തിന് താത്പര്യമുള്ള വിദ്യാർഥികൾക്ക് മാനേജ്‌മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (എംഎടി) ഫെബ്രുവരി 2026 സെഷനിലേക്ക് അപേക്ഷിക്കാം. 1988 മുതൽ എംബിഎ, ബിസിനസ് സ്‌കൂൾ, അനുബന്ധ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായി ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കാൻ ദേശീയ തലത്തിൽ നടത്തുന്ന പരീക്ഷയാണിത്. ഓൾ ഇന്ത്യ മാനേജ്‌മെന്റ് അസോസിയേഷനാണ് പരീക്ഷ നടത്തുക. പരീക്ഷ എഴുതാൻ താത്പര്യമുള്ള വിദ്യാർഥികൾക്ക് എഐഎംഎയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി രജിസ്റ്റർ ചെയ്യാം.

എഴുത്തുപരീക്ഷ, കമ്പ്യൂട്ടർ അധിഷ്ഠിതം എന്നിങ്ങനെ രണ്ട് രീതിയിൽ മാറ്റ് പരീക്ഷ നടത്തും. ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്കും അവസാനവർഷ ബിരുദ വിദ്യാർഥികൾക്കും അപേക്ഷിക്കാം.  എഴുത്ത് പരീക്ഷയ്ക്കായി ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി 2026 ഫെബ്രുവരി 23 ആണ്. അതേസമയം കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 2026 മാർച്ച്‌ 2. ഇതിൽ ഏതെങ്കിലും ഒരു രീതിയിലുള്ള പരീക്ഷ മാത്രമാണ് തിരഞ്ഞെടുക്കുന്നതെങ്കിൽ 2,200 രൂപയാണ് ഫീസ്. രണ്ട് രീതിയിലുള്ള പരീക്ഷകളും എഴുതുന്നുണ്ടെങ്കിൽ 3,800 രൂപ അടയ്ക്കണം.

സാധാരണ രീതിയിലുള്ള എഴുത്ത് പരീക്ഷയുടെ അഡ്മിറ്റ് കാർഡ് ഫെബ്രുവരി 26 മുതൽ ലഭ്യമാകും. പരീക്ഷ 2026 മാർച്ച് ഒന്നിന് നടക്കും. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയുടെ അഡ്മിറ്റ് കാർഡ് മാർച്ച് അഞ്ച് മുതൽ ലഭിക്കും. പരീക്ഷ മാർച്ച് എട്ടിനാണ് നിശ്ചയിച്ചിരിക്കുന്നത്. മാർച്ച് അവസാനത്തോടെ മാറ്റ് ഫലങ്ങൾ പ്രസിദ്ധീകരിക്കുമെന്ന്‌ പ്രതീക്ഷിക്കുന്നു.

Content Highlights: Pursue management studies with the MAT exam! Applications are open for the February 2026 session. Get details on eligibility, dates, and fees.