ലോകത്തിലെ മികച്ച 2% ശാസ്ത്രജ്ഞരുടെ പട്ടികയിൽ തുടർച്ചയായ രണ്ടാം വർഷവും മലയാളി ഗവേഷകൻ

#Education desk
ഡോ. ദേവദാസ് മേനോൻ
ഡോ. ദേവദാസ് മേനോൻ

സ്റ്റാൻഫോർഡ് സർവ്വകലാശാലയും അന്താരാഷ്ട്ര പ്രസാധകരായ എൽസെവിയറും സംയുക്തമായി പുറത്തിറക്കിയ 2026-ലെ ലോകത്തിലെ ഏറ്റവും മികച്ച 2% ശാസ്ത്രജ്ഞരുടെ പട്ടികയിൽ ഗവേഷകൻ ഡോ. ദേവദാസ് മേനോൻ തുടർച്ചയായ രണ്ടാം വർഷവും ഇടം നേടി. കമ്മ്യൂണിക്കേഷൻ ആന്റ് മീഡിയ പഠനമേഖലയിലെ പട്ടികയിൽ ഇടം നേടിയ ഏക ഗവേഷകനാണ് ഡോ. ദേവദാസ്.

നിലവിൽ ഐ.എസ്.ആർ.ഒ അഹമ്മദാബാദിലെ സ്‌പേസ് ആപ്ലിക്കേഷൻസ് സെന്റർ, ഡെവലപ്മെന്റ് ആൻഡ് എഡ്യൂക്കേഷണൽ കമ്മ്യൂണിക്കേഷൻ യൂണിറ്റിൽ ഗവേഷകനാണ്.

എറണാകുളത്ത് ഹൈസ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഡോ. ദേവദാസ്, കോട്ടയം മഹാത്മാഗാന്ധി സർവ്വകലാശാലയിൽ നിന്നാണ് ഭൗതികശാസ്ത്രത്തിൽ ബിരുദം നേടിയത്. തുടർന്ന് ബാംഗ്ലൂർ സർവ്വകലാശാലയിൽ നിന്ന് കമ്മ്യൂണിക്കേഷനിൽ ബിരുദാനന്ദ ബിരുദവും പി.എച്ച്.ഡിയും പൂർത്തിയാക്കി. തമിഴ്നാട് കേന്ദ്ര സർവ്വകലാശാലയിലും ബാംഗ്ലൂർ സർവ്വകലാശാലയിലും അധ്യാപകനായും ഗവേഷകനായും പ്രവർത്തിച്ചിട്ടുണ്ട്. സൈബർ സൈക്കോളജി, ഡിജിറ്റൽ മീഡിയ, നിർമ്മിത ബുദ്ധി എന്നിവ മനുഷ്യന്റെ പെരുമാറ്റത്തെയും സമൂഹത്തെയും എങ്ങനെ സ്വാധീനിക്കുന്നു എന്നതിനെക്കുറിച്ചാണ് ഡോ. ദേവദാസിന്റെ പ്രധാന പഠനങ്ങൾ. ഇന്ത്യയിൽ ഒ.ടി.ടി പ്ലാറ്റ്ഫോമുകളുടെ വളർച്ച, സബ്സ്‌ക്രിപ്ഷൻ തുടരാൻ പ്രേക്ഷകരെ പ്രേരിപ്പിക്കുന്ന ഘടകങ്ങൾ, പരമ്പരാഗത കേബിൾ-ഡി.ടി.എച്ച് ടെലിവിഷൻ ഉപേക്ഷിച്ച് ഡിജിറ്റൽ സ്ട്രീമിംഗിലേക്ക് ആളുകൾ മാറുന്നതിന്റെ കാരണങ്ങൾ എന്നിവയെക്കുറിച്ച് അദ്ദേഹം പഠനം നടത്തിയിട്ടുണ്ട്. ഒ.ടി.ടി പ്ലാറ്റ്ഫോമുകൾ ഇന്ത്യൻ ടെലിവിഷൻ സംസ്‌കാരത്തെയും കാഴ്ചാശീലങ്ങളെയും ദൃശ്യഭാഷയെയും മാറ്റിമറിച്ചതെങ്ങനെയെന്നും ആഗോള-പ്രാദേശിക ഉള്ളടക്കങ്ങളുടെ സംയോജനം വഴി പ്രാദേശിക പ്രേക്ഷകർക്ക് പ്രാധാന്യം നൽകുന്ന 'പ്രോ-ലോക്കൽ' മാധ്യമ ആവാസവ്യവസ്ഥയുടെ ഭാവിയെക്കുറിച്ചുമുള്ള അദ്ദേഹത്തിന്റെ പ്രബന്ധങ്ങൾ അന്താരാഷ്ട്ര തലത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടു.

ഇതിനുപുറമെ ഇൻസ്റ്റാഗ്രാം ഫോട്ടോ ഷെയറിങ്, വാട്സ്ആപ്പ്-ഫേസ്ബുക്ക് സ്റ്റോറികൾ എന്നിവയുടെ ഉപയോഗത്തിന് പിന്നിലെ സാമൂഹിക-മാനസിക പ്രേരണകളെക്കുറിച്ചുള്ള പഠനങ്ങളും ശ്രദ്ധേയമാണ്. തൃശ്ശൂർ ഐരാണിക്കുളം സ്വദേശിയായ ഡോ. ദേവദാസ് അഹമ്മദാബാദിലാണ്‌

താമസിക്കുന്നത്.