മലയാള ഭാഷയില്‍ 5 ഓണ്‍ലൈന്‍ കോഴ്‌സുകളുമായി കാലിക്കറ്റ് യൂണിവേഴ്‌സിറ്റി

#എഡ്യൂക്കേഷന്‍ ഡെസ്‌ക്
പ്രതീകാത്മക ചിത്രം | Photo: Canva
പ്രതീകാത്മക ചിത്രം | Photo: Canva

മലയാളഭാഷയില്‍ വൈജ്ഞാനിക മേഖലയില്‍ ആദ്യമായി ഓണ്‍ലൈന്‍ കോഴ്‌സുകള്‍ വികസിപ്പിച്ച് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ എജുക്കേഷണല്‍ മള്‍ട്ടിമീഡിയ റിസര്‍ച്ച് സെന്റര്‍ (ഇഎംഎംആര്‍സി). മലയാള ഭാഷയില്‍ അഞ്ചു ഓണ്‍ലൈന്‍ കോഴ്‌സുകളാണ് ജനുവരി മുതല്‍ ആരംഭിക്കുന്ന സെമസ്റ്ററില്‍ ‘സ്വയം’ പ്ലാറ്റ്‌ഫോമില്‍ ലഭ്യമാവുക.

ഇന്ത്യയിലെ സര്‍വകലാശാലകള്‍ വികസിപ്പിച്ച ഓണ്‍ലൈന്‍ കോഴ്‌സുകളുടെ ശേഖരമാണ് ഇന്ത്യ ഗവണ്‍മെന്റിന്റെ സ്വയം ഓണ്‍ലൈന്‍ കോഴ്‌സുകളുടെ പോര്‍ട്ടല്‍. വിദ്യാര്‍ഥികള്‍ക്കു സ്വയം കോഴ്‌സുകളില്‍ സൗജന്യമായി രജിസ്റ്റര്‍ ചെയ്ത് പഠിക്കാവുന്നതാണ്.

ഹരിത രസതന്ത്രം, മധ്യകാല കേരള ചരിത്രം, ജിയോ ഇന്‍ഫര്‍മാറ്റിക്‌സ്, ടൂറിസം എന്നീ വൈജ്ഞാനിക മേഖലകളിലെ കോഴ്‌സുകളാണ് ഇപ്പോള്‍ വികസിപ്പിച്ചിട്ടുള്ളത്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അംഗീകരിച്ചിട്ടുള്ള പുതിയ ബിരുദ ഓണേഴ്‌സ് ഡിഗ്രിയിലെ സിലബസിലെ കോഴ്‌സുകളെ ആസ്പദമാക്കിയാണ് ഇത് വികസിപ്പിച്ചിട്ടുള്ളത്. ഈ മേഖലയിലെ വിദഗ്ധരായ അധ്യാപകരാണ് ഓണ്‍ലൈന്‍ കോഴ്‌സ് നിര്‍മിച്ചിട്ടുള്ളത്.

മലയാളഭാഷയ്ക്ക് വലിയ മുതല്‍ക്കൂട്ടാണ് ഭാഷയിലെ ഓണ്‍ലൈന്‍ കോഴ്‌സിന്റെ വികസനവും ലഭ്യതയും. സൈബര്‍മേഖലയില്‍ മലയാളത്തിന്റെ സാന്നിധ്യം കൂടുതല്‍ വിപുലമാകുന്നു. വൈജ്ഞാനിക മേഖലയിലെ ഭാഷ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ മലയാളത്തിന്റെ തന്നെ സമ്പുഷ്ടീകരണത്തിനു സഹായകമാകുന്നതാണ്. ഈ ലക്ഷ്യങ്ങളോടെയാണ് മലയാളഭാഷയില്‍ ഓണ്‍ലൈന്‍ കോഴ്‌സ് വികസിപ്പിച്ചിട്ടുള്ളത്.

സാങ്കേതിക പദാവലികള്‍ ഉള്‍പ്പെടെ വൈജ്ഞാനിക പഠന മേഖലയുടെ നൂതനമായ ഒരു അധ്യയന രീതിയാണ് ഇതിലൂടെ സാക്ഷാത്കരിക്കുന്നത്.

ഡോ. ബ്രിജേഷ് പി., ഡോ. ജ്യോതി പി.ആര്‍., ഡോ. പി.എസ്. മനോജ് കുമാര്‍, ഡോ. സനൂപ്കുമാര്‍ പി.വി., ഡോ. അനുജിത്ത് എസ്. എന്നിവരാണ് ഈ കോഴ്‌സുകള്‍ നിര്‍മിച്ച അധ്യാപകര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയാണ് ഓണ്‍ലൈന്‍ കോഴ്‌സുകള്‍ക്ക് അംഗീകാരം നല്‍കിയിട്ടുള്ളത്.

ഓണ്‍ലൈന്‍ നിര്‍മാണ മേഖലയില്‍ ഇഎംഎംആര്‍സിയുടെ പുതിയ സംരംഭമാണിത്. ഇന്ത്യന്‍ ആംഗ്യഭാഷയില്‍ ഓണ്‍ലൈന്‍ കോഴ്‌സ് ആദ്യമായി വികസിപ്പിച്ചതും ഇഎംഎംആര്‍സി ആണ്. ഇത് ഇ- ലേണിങ്ങിനുള്ള കേരള സംസ്ഥാന പുരസ്‌കാരത്തിന് അര്‍ഹമായിരുന്നു.

Content Highlights: Calicut University`s EMMRC launches 5 Malayalam online courses on SWAYAM platform. Learn History, Chemistry, Geoinformatics, and Tourism for free. Enhance your knowledge!