ഓണ്‍ലൈന്‍ പഠനം: അങ്കണവാടിയും വായനശാലയും ഇനി പാഠശാലയാകും

കൊച്ചി: വീട്ടില്‍ ടി.വി.യും കംപ്യൂട്ടറും സ്മാര്‍ട്ട്ഫോണുമില്ലാത്തവര്‍ക്കായി അങ്കണവാടികളിലും വായനശാലയിലുമെല്ലാം ക്ലാസ്മുറികള്‍ ഒരുക്കും. ഇപ്പോള്‍ നടക്കുന്ന ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ കഴിയാത്തവരുടെ പൂര്‍ണവിവരങ്ങള്‍ സ്‌കൂളുകളുടെ നേതൃത്വത്തില്‍ ശേഖരിച്ചിട്ടുണ്ട്. ഇത് ക്രോഡീകരിച്ച് അതതിടങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് പഠനത്തിന് സൗകര്യമൊരുക്കും.
വിദ്യാഭ്യാസവകുപ്പിന്റെ നിര്‍ദേശമനുസരിച്ച് സമഗ്രശിക്ഷകേരളയാണ് ഇതിനു നേതൃത്വം നല്‍കുന്നത്. അങ്കണവാടി, വായനശാല, ഏകാധ്യാപക വിദ്യാലയങ്ങള്‍, പ്രൈമറി സ്‌കൂളുകള്‍ എന്നിവയെല്ലാം ഓണ്‍ലൈന്‍ പഠനത്തിന് ഉപയോഗിക്കും.
വീടുകളില്‍ ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്ത വിദ്യാര്‍ഥികള്‍ക്കാണ് ഇവിടെ ക്ലാസുകള്‍ ഒരുക്കുക. സാമൂഹികഅകലം ഉള്‍പ്പെടെയുള്ള നിബന്ധനകള്‍ പാലിക്കും. സ്‌കൂളുകളിലെ സ്മാര്‍ട്ട് ക്ലാസ്മുറികളിലെ സൗകര്യം ഉപയോഗപ്പെടുത്താനും ഉദ്ദേശിക്കുന്നുണ്ട്.
ഇപ്പോള്‍ നടക്കുന്ന ഓണ്‍ലൈന്‍ക്ലാസുകളില്‍ പങ്കെടുക്കാന്‍ കഴിയാത്ത വിദ്യാര്‍ഥികളുടെ എണ്ണം സമാഹരിച്ചിട്ടുണ്ടെന്ന് സമഗ്രശിക്ഷ കേരള സംസ്ഥാന പ്രോജക്ട് ഡയറക്ടര്‍ എ.പി. കുട്ടിക്കൃഷ്ണന്‍ പറഞ്ഞു.
സമഗ്രശിക്ഷ കേരള മേയില്‍ നടത്തിയ പ്രാഥമിക അവലോകനത്തില്‍ 2.61 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍പഠനത്തിന് സൗകര്യമില്ലെന്നു കണ്ടെത്തിയിരുന്നു. പുതിയ വിവരങ്ങള്‍കൂടി അപഗ്രഥിച്ച് ഓരോ സ്ഥലത്തെയും വിദ്യാര്‍ഥികളെ കണ്ടെത്തും.
ക്ലാസുകള്‍ക്ക് സൗകര്യമൊരുക്കാന്‍ തദ്ദേശസ്ഥാപനങ്ങളുടെ സഹായംതേടും. വിദ്യാഭ്യാസവകുപ്പ് അധികൃതര്‍, തദ്ദേശസ്ഥാപനങ്ങള്‍, പി.ടി.എ. എന്നിവരുടെ നേതൃത്വത്തില്‍ യോഗംചേര്‍ന്ന് ക്ലാസുകള്‍ സംബന്ധിച്ച തീരുമാനം അന്തിമമാക്കും.
Content Highlights: Libraries and anganvadi's will facilitate online education, Corona Outbreak
Content Highlights: