ഹെൽത്ത്‌കെയർ മേഖലയിൽ കരിയർ ആഗ്രഹിക്കുന്നവർക്ക് അവസരം: MHA പ്രവേശന നടപടികൾ ആരംഭിച്ചു

കേരളത്തിലെ മെഡിക്കൽ/അലൈഡ് ഹെൽത്ത് സയൻസ് കോളേജുകളിൽ 2026-’27 അധ്യയന വർഷത്തെ മാസ്റ്റർ ഓഫ് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ (എം.എച്ച്.എ.) കോഴ്‌സിലേക്ക് എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജി അപേക്ഷ ക്ഷണിച്ചു. ആരോഗ്യപരിപാലന മേഖലയിൽ പ്രൊഫഷണൽ മാനേജ്‌മെന്റ് കരിയർ ആഗ്രഹിക്കുന്ന ബിരുദധാരികൾക്ക് അപേക്ഷിക്കാം.
ആശുപത്രികളുടെ ഭരണനിർവഹണം, ഹെൽത്ത്‌കെയർ ക്വാളിറ്റി മാനേജ്‌മെന്റ്, ഹോസ്പിറ്റൽ ഓപ്പറേഷൻസ് തുടങ്ങിയ മേഖലകളിൽ തൊഴിലവസരങ്ങൾ നൽകുന്ന കോഴ്‌സാണിത്. കേരള ആരോഗ്യ സർവകലാശാലയുടെ (കെ.യു.എച്ച്.എസ്.) അംഗീകാരമുള്ള രണ്ട് വർഷത്തെ െറഗുലർ കോഴ്‌സിൽ 960 മണിക്കൂർ ക്ലിനിക്കൽ ട്രെയിനിങ്ങും ആശുപത്രികളിൽ നേരിട്ടുള്ള പ്രോജക്ട് വർക്കുകളും ഉൾപ്പെടുന്നു. പ്രവേശന പരീക്ഷയില്ല.
യോഗ്യത
െറഗുലർ സ്ട്രീമിൽ കുറഞ്ഞത് 50 ശതമാനം മാർക്കോടെ ബിരുദം പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. എസ്.സി./എസ്.ടി./എസ്.ഇ.ബി.സി./പി.ഡബ്ല്യു.ഡി വിഭാഗങ്ങളിൽപ്പെട്ടവർക്ക് യോഗ്യതാമാർക്കിൽ അഞ്ചുശതമാനം ഇളവ് ലഭിക്കും.
ഉയർന്ന പ്രായപരിധിയില്ല. ആകെ സീറ്റുകളിൽ 50 ശതമാനം മെഡിക്കൽ/അലൈഡ് ഹെൽത്ത് സയൻസ് പ്രൊഫഷണൽ ബിരുദധാരികൾക്കും (എം.ബി.ബി.എസ്., ബി.ഡി.എസ്., ബി.എ.എം.എസ്., ബി.എച്ച്.എം.എസ്., ബി.എസ്.എം.എസ്., ബി.യു.എം.എസ്., ബി.എസ്‌സി. നഴ്‌സിങ്, ബി.ഫാം., ബി.എസ്‌സി. അലൈഡ് ഹെൽത്ത് സയൻസസ്), 25 ശതമാനം സയൻസ്/കംപ്യൂട്ടർ ആപ്ലിക്കേഷൻ ബിരുദധാരികൾക്കും (ബി.എസ്‌സി., ബി.സി.എ. ഉൾപ്പെടെ), ബാക്കി 25 ശതമാനം ആർട്സ്, കോമേഴ്‌സ്, മാനേജ്‌മെന്റ്, നിയമം, സാങ്കേതിക ശാസ്ത്രം തുടങ്ങിയ ജനറൽ സ്ട്രീം ബിരുദധാരികൾക്കുമായാണ് (ബി.എ., ബി.കോം., ബി.ബി.എ., ബി.ബി.എം., ബി.വോക്., ലോ, ബി.ടെക്.) വിഭജിച്ചിരിക്കുന്നത്.
പ്രവേശനനടപടികൾ
മെറിറ്റ് അടിസ്ഥാനത്തിൽ എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജി തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റ് വഴിയാണ് പ്രവേശനം. സർക്കാർ അല്ലെങ്കിൽ കേരള ആരോഗ്യ സർവകലാശാല നിർണയിക്കുന്ന വ്യവസ്ഥകളുണ്ടാകും. ഏതെങ്കിലും വിഭാഗത്തിൽ മതിയായ അപേക്ഷകരില്ലെങ്കിൽ മറ്റ് വിഭാഗങ്ങളിൽ നിന്നുള്ളവരെ സാധാരണ മാനദണ്ഡങ്ങൾ പാലിച്ച് പ്രവേശനം നൽകും. സ്ഥാപനങ്ങളിലെ ആകെ സീറ്റുകളിൽ 50 ശതമാനം എൽ.ബി.എസ്. അലോട്മെന്റ് പ്രോസസ് വഴിയുള്ള സർക്കാർ സീറ്റുകളും ബാക്കി 50 ശതമാനം സ്ഥാപനങ്ങൾ നേരിട്ട് നികത്തുന്ന മാനേജ്‌മെന്റ് സീറ്റുകളുമാണ്. അപേക്ഷ
www.lbscentre.kerala.gov.in വഴി സെപ്റ്റംബർ 18 വരെ അപേക്ഷിക്കാം. ഫീസ്: ജനറൽ, എസ്.ഇ.ബി.സി. -1200 രൂപ. എസ്.സി./എസ്.ടി. -600 രൂപ. ഫീസ് അടയ്ക്കാനുള്ള അവസാന തീയതി 15. വിവരങ്ങൾക്ക്: 0471-2560361, 0471-2560362
Content Highlights: LBS Centre for Science and Technology has invited online applications by September 18 for merit-based admissions to the two-year Master of Hospital Administration (MHA) course