ഹാജരില്ലാത്തവർക്കും കെടിയുവിൽ എംടെക്; ഓംബുഡ്‌സ്മാൻ ഉത്തരവിനെതിരേ ഗവർണർക്ക് പരാതി

തിരുവനന്തപുരം: നിശ്ചിത ഹാജരില്ലാത്തതിനാൽ സാങ്കേതിക സർവകലാശാല (കെടിയു) തടഞ്ഞുവെച്ച വിദ്യാർഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിക്കാൻ ഉത്തരവിട്ട ഓംബുഡ്‌സ്മാൻ ഉത്തരവിനെതിരേ ഗവർണർക്ക് പരാതി. മൂന്ന് എംടെക് വിദ്യാർഥികളുടെ പരീക്ഷാഫലമാണ് 75 ശതമാനം ഹാജരില്ലാത്തതിനാൽ സർവകലാശാല തടഞ്ഞത്.

പഠനകാലത്ത് മറ്റു സ്ഥിരംജോലികൾക്കു പോകില്ലെന്നുള്ള സത്യവാങ്മൂലം ലംഘിച്ച് രണ്ടുപേർ ബെംഗളൂരുവിലെ ഐടി കമ്പനികളിൽ ജോലിചെയ്യുന്നതായി കണ്ടെത്തിയിരുന്നു. മറ്റൊരാൾ കോളേജിൽ എത്തിയിട്ടില്ല. ഇവരുടെ പരീക്ഷാഫലം പ്രസിദ്ധീകരിക്കാൻ കെടിയു ഓംബുഡ്‌സ്മാൻ ഡോ. ധർമരാജ് അടാട്ട് ഏകപക്ഷീയമായി ഉത്തരവിട്ടെന്നാണ് പരാതി. അദ്ദേഹത്തെ മാറ്റണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി കാംപെയ്‌ൻ കമ്മിറ്റി ഗവർണർ രാജേന്ദ്ര ആർലേക്കർക്കു നിവേദനം നൽകി.

തലശ്ശേരിയിലെ ഒരു ജനപ്രതിനിധിയുടെ സമ്മർദത്തിനുവഴങ്ങിയാണ് ഓംബുഡ്‌സ്മാന്റെ ഉത്തരവെന്നും ഇതു ശരിവെച്ചാൽ കോളേജുകളിൽ റെഗുലർ വിദ്യാർഥികൾക്ക് ഹാജർ നിബന്ധന തടസ്സമാവില്ലെന്നും പരാതിക്കാർ ചൂണ്ടിക്കാട്ടി.

ഈ വിദ്യാർഥികൾക്കു ഹാജർ നൽകാൻ വിസമ്മതിച്ച അധ്യാപകനെ എസ്എഫ്‌ഐയും പിടിഎയും പരാതി നൽകിയതിനെത്തുടർന്ന് കണ്ണൂരിലേക്കു മാറ്റിയെന്നാണ് മറ്റൊരു ആക്ഷേപം.

Content Highlights: KTU stayed M.Tech student exam results for low attendance. Ombudsman ordered release, prompting a complaint to the Governor against the Ombudsman`s decision.