മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാർക്ക് സമുന്നതി സ്കോളർഷിപ്പും പരിശീലന സഹായവും; അപേക്ഷ ക്ഷണിച്ചു

#ഡോ. എം. വിനയകുമാർ
പ്രതീകാത്മക ചിത്രം| Photo: canva.com
പ്രതീകാത്മക ചിത്രം| Photo: canva.com

കേരളത്തിലെ മുന്നാക്കസമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കുമായി കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷൻ (കെ.എസ്.ഡബ്ല്യു.സി.എഫ്.സി. -സമുന്നതി) നടപ്പാക്കുന്ന 2026-27 വർഷത്തെ സ്കോളർഷിപ്പ്, പരീക്ഷാപരിശീലന സഹായധന പദ്ധതികളിലേക്ക് അപേക്ഷിക്കാം. സ്കോളർഷിപ്പുകളുടെയും അക്കാദമിക്/മത്സരപരീക്ഷാ പരിശീലന സഹായങ്ങളുടെയും പൂളിലേക്ക് ഒറ്റത്തവണ രജിസ്‌ട്രേഷനിലൂടെ അപേക്ഷിക്കാം.

വിദ്യാസമുന്നതി സ്കോളർഷിപ്പ്

പഠനതലം അനുസരിച്ച് നൽകിവരുന്ന പ്രധാന സ്കോളർഷിപ്പുകൾ

• ഹൈസ്കൂൾ: സർക്കാർ/എയ്ഡഡ് സ്കൂളുകളിൽ പഠിക്കുന്ന, മുൻ വാർഷികപരീക്ഷയിൽ 70 ശതമാനം മാർക്കുള്ളവർക്ക്.

• ഹയർ സെക്കൻഡറി: എസ്.എസ്.എൽ.സി. പരീക്ഷയിൽ ബി പ്ലസ് ഗ്രേഡോ 70 ശതമാനം മാർക്കോ നേടിയവർക്ക്.

• ഡിപ്ലോമ/ഐ.ടി.ഐ.: അംഗീകൃത പോളിടെക്നിക്കുകളിലോ സ്ഥാപനങ്ങളിലോ പഠിക്കുന്നവർക്ക്.

• ബിരുദം: ബി.എ., ബി.എസ്‌സി., ബി.കോം., ബി.ടെക്., എം.ബി.ബി.എസ്., ബി.വി.എസ്‌സി., ബി.എസ്‌സി. (അഗ്രി.), എൽഎൽ.ബി. തുടങ്ങിയ ജനറൽ/പ്രൊഫഷണൽ ബിരുദ വിദ്യാർഥികൾക്ക്.

• ബിരുദാനന്തര ബിരുദം: എം.എ., എം.എസ്‌സി., എം.കോം., എം.ടെക്., എം.ഡി. തുടങ്ങിയ കോഴ്സുകൾക്ക്

• സി.എ./ഐ.സി.ഡബ്ല്യു.എ./സി.എസ്. വിഭാഗം: ചാർട്ടേഡ് അക്കൗണ്ടൻസി, കോസ്റ്റ് അക്കൗണ്ടൻസി, കമ്പനി സെക്രട്ടറിഷിപ്പ് തുടങ്ങിയ പ്രൊഫഷണൽ കോഴ്‌സുകൾ പഠിക്കുന്നവർക്ക് പ്രത്യേക സാമ്പത്തിക സഹായം.

• ദേശീയപ്രാധാന്യമുള്ള സ്ഥാപനങ്ങൾ: ഐ.ഐ.ടി., എൻ.ഐ.ടി., ഐ.ഐ.എം., ഐസർ, എയിംസ്, എൻ.ഐ.ഡി. തുടങ്ങിയ ദേശീയപ്രാധാന്യമുള്ള സ്ഥാപനങ്ങളിൽ പഠിക്കുന്നവർക്ക്.

• പിഎച്ച്.ഡി.: അംഗീകൃത സർവകലാശാലകളിൽ റെഗുലർ ഗവേഷണം നടത്തുന്നവർക്ക്

പരീക്ഷാപരിശീലന

സഹായധന പദ്ധതികൾ

വ്യത്യസ്ത മത്സര/പ്രവേശന പരീക്ഷകൾക്ക് നേരിട്ട് (ഓഫ്‌ലൈൻ) പരിശീലനം നടത്തുന്ന ഉദ്യോഗാർഥികൾക്ക് ഫീസ് തിരികെനൽകുന്ന പദ്ധതിയാണിത്:

• മെഡിക്കൽ/എൻജിനിയറിങ്/ലോ/സി.യു.ഇ.ടി. പരിശീലനം: മെഡിക്കൽ, എൻജിനിയറിങ് ബിരുദതല പ്രവേശനപരീക്ഷാ പരിശീലനത്തിന് എസ്.എസ്.എൽ.സി.ക്കും ഹയർ സെക്കൻഡറിക്കും പ്രധാന വിഷയങ്ങൾക്ക് കുറഞ്ഞത് 70 ശതമാനം മാർക്കോ ബി പ്ലസ് ഗ്രേഡോ വേണം (ലോ/സി.യു.ഇ.ടി. പരിശീലനത്തിന് എച്ച്.എസ്.എസ്.സി. 60 ശതമാനം മാർക്ക്/ബി ഗ്രേഡ്). ബിരുദതല അപേക്ഷകരുടെ ഉയർന്ന പ്രായപരിധി 20 വയസ്സ്. ബിരുദാനന്തര ബിരുദതല പരിശീലനത്തിന് പ്രായപരിധിയില്ലെങ്കിലും ബിരുദത്തിന് കുറഞ്ഞത് 60 ശതമാനം മാർക്ക് ആവശ്യമാണ്. ഇവർക്ക് ഒടുക്കിയ ഫീസ് തിരികെ നൽകുന്ന രീതിയിൽ പരമാവധി 10,000 രൂപവരെ സഹായധനമായി ലഭിക്കും.

• സിവിൽ സർവീസസ് പരീക്ഷാ പരിശീലനം: സിവിൽ സർവീസ് പരീക്ഷ എഴുതാനുള്ള അടിസ്ഥാന യോഗ്യതയുള്ള, 32 വയസ്സ് കവിയാത്ത ഉദ്യോഗാർഥികളാകണം. പ്രിലിമിനറി കോഴ്‌സിന് പരമാവധി 15,000 രൂപയും പ്രിലിമിനറി പാസായവർക്ക് മെയിൻസ് പരിശീലനത്തിന് പരമാവധി 25,000 രൂപയും ഇന്റർവ്യൂ പരിശീലനത്തിന് പരമാവധി 30,000 രൂപയുമാണ് സഹായമായി ലഭിക്കുക.

• മത്സരപ്പരീക്ഷാ-യോഗ്യതാനിർണയ പരീക്ഷാപരിശീലനം: പി.എസ്.സി., ബാങ്ക്, യു.പി.എസ്.സി., എസ്.എസ്.സി. തുടങ്ങിയ വിവിധ മത്സരപ്പരീക്ഷകൾക്ക് അംഗീകൃത സ്ഥാപനങ്ങളിൽ നേരിട്ട് പഠിക്കുന്നവർക്ക് നിശ്ചിത ഫീസ് റീഇംബേഴ്സ്‌മെന്റ് സഹായവും നെറ്റ്, സെറ്റ്, സി.ടെറ്റ്, കെ.ടെറ്റ് തുടങ്ങിയ യോഗ്യതാ നിർണയ പരീക്ഷകൾക്ക് (വകുപ്പുതല പരീക്ഷകൾ ഒഴികെ) അടിസ്ഥാന യോഗ്യതയുള്ളവർക്ക് ഒടുക്കിയ ഫീസ് തിരികെനൽകുന്ന രീതിയിൽ പരമാവധി 8000 രൂപവരെ സഹായധനവും ലഭ്യമാണ്.

യോഗ്യതകളും നിബന്ധനകളും

അപേക്ഷകർ കേരളത്തിലെ സംവരണേതര (ജനറൽ/ഫോർവേഡ്) വിഭാഗത്തിൽപ്പെടുന്നവരും കുടുംബ വാർഷിക വരുമാനം റേഷൻ കാർഡിലെ അംഗത്തിന്റെ പേരിൽ വില്ലേജ് ഓഫീസറിൽനിന്ന് ലഭിച്ച സർട്ടിഫിക്കറ്റ് പ്രകാരം നാലുലക്ഷം രൂപയിൽ താഴെയുള്ളവരുമായിരിക്കണം. പരിശീലന സഹായധനത്തിന് നേരിട്ടുള്ള (ഓഫ്‌ലൈൻ) ക്ലാസുകളിൽ പങ്കെടുക്കുന്നവർക്കുമാത്രമേ അർഹതയുള്ളൂ. ഓൺലൈൻ പഠനത്തിന് സഹായം ലഭിക്കില്ല. അപേക്ഷകർ 2026 ജനുവരി ഒന്നിനും 2026 ഡിസംബർ 31-നും ഇടയിൽ ഫീസ് ഒടുക്കിയ, സ്ഥാപനത്തിന്റെ ജി.എസ്.ടി. നമ്പർ രേഖപ്പെടുത്തിയ അസൽ രസീത് ഹാജരാക്കണം. ഇ-ഗ്രാന്റ്സ് ഒഴികെ കേന്ദ്ര/സംസ്ഥാന സർക്കാരുകളുടെ മറ്റിതര സ്കോളർഷിപ്പുകളോ കോച്ചിങ് ആനുകൂല്യങ്ങളോ കൈപ്പറ്റുന്നവർക്ക് ഇതിലേക്ക് അപേക്ഷിക്കാനാവില്ല. മുൻവർഷങ്ങളിൽ സ്കോളർഷിപ്പ് ലഭിച്ചവരും വീണ്ടും പുതിയ അപേക്ഷ സമർപ്പിക്കണം.

അപേക്ഷ

www.kswcfc.org വഴി നവംബർ ഏഴുവരെ അപേക്ഷിക്കാം. അപേക്ഷയോടൊപ്പം ജാതി/എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റ്, കുടുംബ വരുമാന സർട്ടിഫിക്കറ്റ്, റേഷൻ കാർഡിന്റെ 1, 2 പേജുകൾ, ബാങ്ക് പാസ്ബുക്ക് പകർപ്പ്, അക്കാദമിക് സർട്ടിഫിക്കറ്റുകൾ, നിശ്ചിത മാതൃകയിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് സർട്ടിഫിക്കറ്റ് എന്നിവ സ്കാൻചെയ്ത് അപ്‌ലോഡ് ചെയ്യണം.

വിവരങ്ങൾക്ക്: 0471-2311215, 6238170312.

Content Highlights: Single registration for 2026-27 scholarships and exam coaching assistance under KSWCFC Samunnathi scheme