സ്കൂളിന്റെ അബദ്ധം; പത്താം ക്ലാസുകാരന് പരീക്ഷ എഴുതാൻ ഹൈക്കോടതി അനുമതി, 10,000 രൂപ പിഴ

#Education desk
പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com
പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com

കൊൽക്കത്ത: സ്കൂൾ അധികൃതരുടെ പിഴവ് മൂലം പത്താം ക്ലാസ് പരീക്ഷ എഴുതാൻ കഴിയാതെ പോകുമായിരുന്ന വിദ്യാർഥിയ്ക്ക് സഹായകമായി കൊൽക്കത്ത ഹൈക്കോടതിയുടെ ഇടപെടൽ. കൊൽക്കത്തയിലെ പ്രമുഖ സ്കൂളിലെ വിദ്യാർത്ഥിയായ അയാൻ ദാസിനാണ് കോടതി ഉത്തരവിലൂടെ പരീക്ഷ എഴുതാൻ അനുമതി ലഭിച്ചത്. സ്കൂളിന്റെ അശ്രദ്ധ കാരണം ഫെബ്രുവരി രണ്ടിന് ആരംഭിച്ച മാധ്യമിക് പരീക്ഷ എഴുതാനുള്ള അഡ്മിറ്റ് കാർഡ് അയാന് ലഭിച്ചിരുന്നില്ല.

ഒരേ പേരിലുള്ള രണ്ട് വിദ്യാർത്ഥികൾ സ്കൂളിൽ ഉണ്ടായിരുന്നതാണ്  പ്രശ്നങ്ങൾക്ക് കാരണമായത്. അയാൻ ദാസ് എന്ന പേരുള്ള രണ്ടു കുട്ടികളിൽ ഒരാൾ പരീക്ഷയ്ക്ക് മുൻപുള്ള നിർബന്ധിത ടെസ്റ്റിൽ പരാജയപ്പെട്ടിരുന്നു. എന്നാൽ സ്കൂൾ അധികൃതർ അബദ്ധത്തിൽ യോഗ്യനായ വിദ്യാർത്ഥിയുടെ വിവരങ്ങളാണ് വെസ്റ്റ് ബംഗാൾ ബോർഡ് ഓഫ് സെക്കൻഡറി എഡ്യൂക്കേഷന് (ഡബ്യുബിബിഎസി) കൈമാറിയത്.

ഇതോടെ പരീക്ഷയ്ക്ക് അർഹത നേടിയ വിദ്യാർത്ഥിക്ക് അഡ്മിറ്റ് കാർഡ് ലഭിക്കാതെ പോയി. സ്കൂളിന്റെ ഭാഗത്തുനിന്നുണ്ടായ പിഴവ് തിരുത്താൻ ബോർഡ് അധികൃതർ വിസമ്മതിച്ചതോടെ വിദ്യാർത്ഥിയുടെ കുടുംബം നിയമപോരാട്ടത്തിന് നീങ്ങുകയായിരുന്നു.

ജസ്റ്റിസ് അമൃത സിൻഹയാണ് കേസിൽ വിധി പറഞ്ഞത്. സ്കൂളിന്റെ അശ്രദ്ധയിൽ കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. ‘ഒരു വിദ്യാർത്ഥിയുടെ ജീവിതത്തിലെ ആദ്യത്തെ പ്രധാന പരീക്ഷ സ്കൂളിന്റെ പിഴവ് കാരണം നഷ്ടപ്പെടുത്തുന്നത് അനീതിയാണ്. സ്കൂളിന്റെ അശ്രദ്ധ മൂലം വിദ്യാർത്ഥിയുടെ അക്കാദമിക് വർഷം നഷ്ടപ്പെടുത്താനാകില്ല’ – കോടതി നിരീക്ഷിച്ചു.

സ്കൂൾ അധികൃതർക്ക് കോടതി 10,000 രൂപ പിഴ ചുമത്തി. അർഹനായ വിദ്യാർത്ഥിക്ക് അടിയന്തരമായി അഡ്മിറ്റ് കാർഡ് നൽകാനും പരീക്ഷ എഴുതാൻ ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ചെയ്യാൻ പരീക്ഷാ ബോർഡിനോട് കോടതി നിർദ്ദേശിച്ചിട്ടുണ്ട്. സ്കൂളിൽ നിന്ന് പിഴയോ ലേറ്റ് ഫീയോ ഈടാക്കി വിദ്യാർത്ഥിയുടെ പേര് ഉടൻ രജിസ്റ്റർ ചെയ്യാനും നടപടികൾ പൂർത്തിയാക്കാനും കോടതി ആവശ്യപ്പെട്ടു.

Content Highlights: Kolkata High Court ensures justice for a student denied his exam due to school negligence.