ജയിച്ചിട്ടും അവർ ഇപ്പോഴും 'ആബ്സന്റ്'... അതിഥിത്തൊഴിലാളികളുടെ കുട്ടികൾ ഇനിയും എത്തിയില്ല

കൊച്ചി: പുതിയ അധ്യയനവർഷം തുടങ്ങി ഒരു മാസമാകുമ്പോഴും അതിഥിത്തൊഴിലാളികളുടെ കുട്ടികൾ പലരും സ്കൂളുകളിലേക്ക് എത്തിയിട്ടില്ല. കഴിഞ്ഞ അധ്യയനവർഷം പഠിച്ച് അടുത്ത ക്ലാസിലിരിക്കാൻ യോഗ്യത നേടിയവരാണ് ‘അപ്രത്യക്ഷരായത്’. ഇതിനുപിന്നിൽ യുദ്ധം മുതൽ പാചകവാതകക്ഷാമം വരെയുണ്ടെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്.
കേരളത്തിൽനിന്നും തിരഞ്ഞെടുപ്പും മറ്റും പ്രമാണിച്ച് നാട്ടിലേക്ക് മടങ്ങിയ അതിഥിത്തൊഴിലാളികൾ പലരും ഇനിയും തിരിച്ചെത്തിയിട്ടില്ല. പല സ്കൂളുകളിൽനിന്നും ഇവരുടെ രക്ഷിതാക്കളെ ഫോണിൽ വിളിച്ചിരുന്നു. ഉടൻ മടങ്ങിയെത്തുമെന്ന മറുപടിയാണ് ലഭിക്കുന്നത്. ജില്ലയിലെ ചില മേഖലകളിലെ സ്കൂളുകളിൽ 10 മുതൽ 20 വരെ കുട്ടികൾ ഇത്തരത്തിലുണ്ട്. ഇവർ പഠനം തുടരുന്നുണ്ടോയെന്ന കാര്യത്തിൽ സ്കൂളുകൾക്ക് ഒരു അറിയിപ്പും ലഭിച്ചിട്ടില്ല. അതിഥിത്തൊഴിലാളികളുടെ തിരിച്ചുവരവ് വൈകുന്നതിനു പിന്നിൽ ഒട്ടേറെ കാരണങ്ങളുണ്ടെന്ന് സെന്റർ ഫോർ മൈഗ്രേഷൻ ആൻഡ് ഇൻക്ലൂസീവ് ഡിവലപ്മെന്റിന്റെ എക്സിക്യുട്ടീവ് ഡയറക്ടർ ബിനോയ് പീറ്റർ ചൂണ്ടിക്കാണിക്കുന്നു. മഴക്കാലമായതിനാൽ കേരളത്തിൽ നിർമാണമേഖലയിൽ ജോലി കുറവായിരിക്കുമെന്നാണ് പലരുടെയും വിലയിരുത്തൽ. പാചകവാതകക്ഷാമം കാരണം ഹോട്ടലുകളിലെ ജോലികളും കുറവാണ്. കേരളത്തിലേക്കുള്ള ട്രെയിനുകളുടെ ലഭ്യതക്കുറവും പ്രശ്നമാണ്-ബിനോയ് പീറ്റർ പറയുന്നു.
അതിഥിത്തൊഴിലാളികളുടെ തിരിച്ചുവരവ് നീണ്ടുപോകുന്നത് അവരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തെ ദോഷകരമായി ബാധിക്കുമെന്ന് ഒരു പ്രമുഖ സ്കൂളിലെ പ്രധാനാധ്യാപിക ചൂണ്ടിക്കാണിക്കുന്നു. വിളിക്കുമ്പോൾ അടുത്തമാസം തിരിച്ചെത്തുമെന്നാണ് ഏറെപ്പേരും പറയുന്നത്. മടങ്ങിയെത്തിയില്ലെങ്കിൽ ആ കുട്ടികളുടെ പഠനം നിലയ്ക്കും. കേരളത്തിലെ പോലെയുള്ള വിദ്യാഭ്യാസ സാഹചര്യങ്ങൾ അവരുടെ ഗ്രാമങ്ങളിൽ ഇല്ല-അധ്യാപിക പറഞ്ഞു.
Content Highlights: One month into the new academic year, a significant number of migrant workers' children have not returned to schools in Kochi, with factors like limited train availability and reduced seasonal employment delaying their families' return to Kerala.