മകൾക്ക് കൂട്ടായി പോണ്ടിച്ചേരി കേന്ദ്ര സർവകലാശാലയിലെത്തി, ഒന്നാംറാങ്കോടെ ഉന്നതവിജയവുമായി അമ്മ

കൊരട്ടി(തൃശ്ശൂർ): പൊതുപ്രവർത്തനത്തിന് അവധി നൽകിയാണ് ചാലക്കുടി ബ്ലോക്കുപഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.കെ. ഷീജു മകളോടൊപ്പം പുതുച്ചേരിക്ക് വണ്ടികയറിയത്. പോണ്ടിച്ചേരി കേന്ദ്ര സർവകലാശാലയിൽ സോഷ്യോളജിയിൽ ഗവേഷണത്തിന് അവസരം ലഭിച്ച മകൾ പാർവതിക്ക് കൂട്ടായാണ് അമ്മ കൂടെക്കൂടിയത്. സോഷ്യോളജിയിൽ ബിരുദാനന്തരബിരുദധാരിയായ ഷീജു അപ്പോഴൊന്നും കരുതിയതേയില്ല പുതിയൊരു പഠനയാത്രയ്ക്കാണ് തുടക്കം കുറിക്കുന്നതെന്ന്.
മകളുടെ കൂട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി സർവകലാശാലയിലെ വിമെൻസ് സ്റ്റഡീസിൽ ബിരുദാനന്തരബിരുദത്തിനു ചേർന്ന ഷീജു ഇപ്പോൾ മക്കളുടെയും കൂട്ടുകാരുടെയും അഭിമാനതാരമായി മാറി. വിമെൻസ് സ്റ്റഡീസിൽ ഒന്നാംറാങ്കോടെ ഉന്നതവിജയം സ്വന്തമാക്കിയിരിക്കുകയാണ് ഈ 56-കാരി.
''2024-ൽ പുതുച്ചേരിയിലെത്തുമ്പോഴേക്കും കേന്ദ്ര സർവകലാശാലയുടെ പ്രവേശനപ്പരീക്ഷ കഴിഞ്ഞ് റാങ്കുപട്ടിക പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ, ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന് അപേക്ഷ ക്ഷണിച്ചു. സർവകലാശാലയിലും അവിടത്തെ ലൈബ്രറിയിലും സമയം ചെലവഴിക്കുന്നതിനിടെയാണ് തുടർപഠനത്തിന് മോഹമുദിക്കുന്നതും കുട്ടികൾ അപേക്ഷയയക്കാൻ നിർബന്ധിക്കുന്നതും.
പ്രവേശനപ്പരീക്ഷയെഴുതിയവർക്കായിരുന്നു മുൻഗണന. അവരെ പരിഗണിച്ചിട്ടും ഒരു സീറ്റ് ബാക്കിവന്നു. അങ്ങനെ എനിക്ക് പ്രവേശനം ലഭിച്ചു. 22, 23 വയസ്സുള്ള സഹപാഠികളെല്ലാവരും എന്നെ അവരോടൊപ്പം ചേർത്തുനിർത്തി. മാത്രമല്ല, പുതിയ തലമുറയോട് ചേർന്നുനിന്ന് പുതിയൊരു നാട്ടിലെ പഠനത്തിനിടെ എന്റെ കാഴ്ചപ്പാടുകളിലും മാറ്റം വന്നു''-ഷീജുവിന്റെ വാക്കുകളിൽ അഭിമാനം.
മകൾക്കു പിന്നാലെ സോഷ്യോളജിയിൽ ഗവേഷകവിദ്യാർഥിയായി മാറാനുള്ള ഒരുക്കത്തിലാണ് മുൻ അധ്യാപികകൂടിയായ നാട്ടുകാരുടെ സ്വന്തം ഷീജു ടീച്ചർ. രണ്ടു തവണ ബ്ലോക്കുപഞ്ചായത്തംഗവും ഒരു തവണ പ്രസിഡന്റുമായതിനുപുറമേ, മഹിളാ അസോസിയേഷന്റെ നേതൃനിരയിലും ഇവർ സജീവമായിരുന്നു. നിലവിൽ പഠനത്തോടൊപ്പം പുതുച്ചേരിയിൽ പോഷ് ആക്ട് ട്രെയിനറായും പ്രവർത്തിക്കുന്നുണ്ട്. മറ്റൊരു മകൾ ലക്ഷ്മി പോണ്ടിച്ചേരി സർവകലാശാലയിൽനിന്നുതന്നെ സോഷ്യോളജി ബിരുദാനന്തരബിരുദം നേടിയ ശേഷം 'ടീച്ച് ഫോർ ഇന്ത്യ'യിൽ പ്രോഗ്രാം മാനേജറാണ്.
''ഈ വിജയത്തിൽ എനിക്കേറ്റവും സന്തോഷം തോന്നിയത് എന്റെ നാട്ടുകാരായ സ്ത്രീകൾ വിളിച്ച് അഭിനന്ദിച്ചപ്പോഴാണ്''-ഷീജു ടീച്ചർ പറയുന്നു.
Content Highlights: Former Block Panchayat President KK Sheeju secured 1st rank in Women's Studies., Pursued studies at Pondicherry University in 2026 while accompanying her daughter., Overcame age barriers to excel alongside 22-year-old classmates., Currently working as a POSH Act trainer in Pondicherry., Plans to pursue research in Sociology.