കെ.ഐ.ആർ.എഫ് റാങ്കിങ്ങിൽ കുസാറ്റ് ഒന്നാമത്; പങ്കാളിത്തത്തിൽ 15% വർധന

തൃശ്ശൂർ: കേരള ഉന്നതവിദ്യാഭ്യാസ കൗൺസിൽവഴി ആവിഷ്കരിച്ച കേരള ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിങ് ഫ്രെയിംവർക്കി(കെ.ഐ.ആർ.എഫ്.)ന്റെ രണ്ടാമത് എഡിഷൻ ഫലങ്ങൾ പ്രഖ്യാപിച്ചു.
സർവകലാശാല റാങ്കിങ്ങിൽ കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി (കുസാറ്റ്) ഒന്നാംറാങ്ക് കരസ്ഥമാക്കി. മഹാത്മാഗാന്ധി സർവകലാശാല രണ്ടും കാലിക്കറ്റ് സർവകലാശാല മൂന്നാംസ്ഥാനവും നേടി.
സർവകലാശാല ഒന്നാംറാങ്കിന് അഞ്ചുലക്ഷം രൂപയുടെ ‘മുഖ്യമന്ത്രിയുടെ അവാർഡ്’ സമ്മാനിക്കും. മറ്റ് ഓരോ വിഭാഗങ്ങളിലും ഒന്നാംറാങ്ക് നേടുന്ന സ്ഥാപനങ്ങൾക്ക് രണ്ടുലക്ഷംരൂപവീതമുള്ള ‘ഉന്നതവിദ്യാഭ്യാസമന്ത്രിയുടെ അവാർഡും’ ലഭിക്കും.
519 സ്ഥാപനങ്ങൾ പങ്കെടുത്തു
ആകെ 519 സ്ഥാപനങ്ങൾ റാങ്കിങ്ങിൽ പങ്കെടുത്തു. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് പങ്കാളിത്തത്തിൽ 15 ശതമാനം വർധന. പങ്കെടുത്ത സ്ഥാപനങ്ങളിൽ 51.3 ശതമാനവും പൊതുമേഖലയിലുള്ളവയാണ്. ഇതിൽ 109 സർക്കാർസ്ഥാപനങ്ങളും (21 ശതമാനം) 157 എയ്ഡഡ് സ്ഥാപനങ്ങളും (30.3), 253 സ്വശ്രയസ്ഥാപനങ്ങളും (48.7) ഉൾപ്പെടുന്നു.
സർവകലാശാലാ വിഭാഗത്തിൽ പങ്കെടുത്ത 11 സ്ഥാപനങ്ങളും റാങ്കിങ്ങിൽ ഉൾപ്പെട്ടു. ആർട്സ് ആൻഡ് സയൻസ് കോളേജുകളാണ് ഏറ്റവും കൂടുതൽ പങ്കെടുത്തത്. ഇതിൽ 275 സ്ഥാപനങ്ങളിൽ ആദ്യ 100 എണ്ണം റാങ്കിങ്ങിൽ ഉൾപ്പെടുത്തി. ശേഷിക്കുന്നവ 101-150, 151-200 എന്നീ റാങ്ക് ബാൻഡുകളിലാണ്.
റാങ്കിങ് നടത്താത്ത വിഭാഗങ്ങൾ
ആർക്കിടെക്ചർ, മെഡിക്കൽ, ഡെന്റൽ, നിയമം എന്നീ വിഭാഗങ്ങളിൽ ഗുണനിലവാരപരിശോധനയ്ക്കാവശ്യമായ എണ്ണം സ്ഥാപനങ്ങളില്ലാത്തതിനാൽ ഈ വർഷം ഈ വിഭാഗങ്ങളിൽ റാങ്കിങ് നടത്തിയില്ല.
മാനദണ്ഡങ്ങൾ
ശാസ്ത്രീയമനോഭാവം, മതേതരകാഴ്ചപ്പാട്, ഹരിത സാങ്കേതികവിദ്യയുടെ ഉപയോഗം, അംഗീകാരങ്ങളും റാങ്കിങ്ങുകളും, നവീന ആശയങ്ങളും സംരംഭകത്വവും, ഒന്നാംതലമുറ പഠിതാക്കൾ തുടങ്ങിയ മാനദണ്ഡങ്ങളനുസരിച്ചാണ് റാങ്കിങ് നിശ്ചയിച്ചിരിക്കുന്നത്.
സർവകലാശാലകൾ, കോളേജുകൾ, എൻജിനിയറിങ്, മാനേജ്‌മെന്റ്, നഴ്സിങ്, ഫാർമസി, ടീച്ചർ എജുക്കേഷൻ, അഗ്രിക്കൾച്ചർ മറ്റ് അനുബന്ധമേഖലകൾ എന്നിങ്ങനെ എട്ട് പ്രധാന വിഭാഗങ്ങളിലായാണ് റാങ്കിങ് നിർണയിച്ചത്.
കേരള സർവകലാശാല അപേക്ഷിച്ചില്ല
നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിങ് ഫ്രെയിംവർക്കിൽ സംസ്ഥാന സർവകലാശാലകളിൽ അഞ്ചാംസ്ഥാനത്തുള്ള കേരള സർവകലാശാല കെ.ഐ.ആർ.എഫിന് അപേക്ഷിച്ചില്ല.
അപേക്ഷിക്കേണ്ടത് വൈസ് ചാൻസലർ മുൻകൈയെടുത്താണെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ആർ. ബിന്ദു പത്രസമ്മേളനത്തിൽ പറഞ്ഞു.
Content Highlights: Official Kerala University Rankings