കേരള കേന്ദ്ര സർവകലാശാലയിൽ പുതിയ മൂന്ന് ബിരുദപ്രോഗ്രാമുകൾ

കാസർ​ഗോഡ് പെരിയയിലെ സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരള | ഫോട്ടോ: രാമനാഥ് പൈ\ മാതൃഭൂമി
കാസർ​ഗോഡ് പെരിയയിലെ സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരള | ഫോട്ടോ: രാമനാഥ് പൈ\ മാതൃഭൂമി

കേരള കേന്ദ്ര സർവകലാശാല ഈ അധ്യയനവർഷംമുതൽ പുതിയ മൂന്ന്‌ ബിരുദപ്രോഗ്രാമുകൾ ആരംഭിക്കുന്നു. ബിഎസ്‌സി (ഓണേഴ്സ്) ബയോളജി (സ്കൂൾ ഓഫ് ബയോളജിക്കൽ സയൻസസ്), ബികോം (ഓണേഴ്സ്) ഫിനാൻഷ്യൽ അനലിസ്റ്റിക്സ് (കൊമേഴ്‌സ് ആൻഡ് ഇന്റർനാഷണൽ ബിസിനസ് വിഭാഗം) ബിസിഎ (ഓണേഴ്‌സ്-കംപ്യൂട്ടർ സയൻസ് വിഭാഗം) എന്നിങ്ങനെ ദേശീയ വിദ്യാഭ്യാസനയം 2020 പ്രകാരമുള്ള പ്രോഗ്രാമുകളാണ് തുടങ്ങുന്നത്.

മൾട്ടിപ്പിൾ എൻട്രി, മൾട്ടിപ്പിൾ എക്സിറ്റ് രീതിയിലാണ് നടപ്പാക്കുക. ഒന്നാംവർഷം സർട്ടിഫിക്കറ്റും രണ്ടാംവർഷം ഡിപ്ലോമയും മൂന്നാംവർഷം ബിരുദവും നേടാം. നാലുവർഷം പഠിക്കുകയാണെങ്കിൽ ഡിഗ്രി ഓണേഴ്‌സ് വിത്ത് റിസർച്ച് ബിരുദമാണ് ലഭിക്കുക. ഇവർക്ക് ഒരുവർഷത്തെ ബിരുദാനന്തരബിരുദം പഠിച്ചാൽമതി. ബിരുദാനന്തരബിരുദം ഇല്ലാതെ നേരിട്ട് ഗവേഷണത്തിന് അഡ്മിഷൻനേടാനും കഴിയും.

നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) നടത്തിയ സിയുഇടി (കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ്) യുജി അടിസ്ഥാനമാക്കിയാണ് പ്രവേശനം. പരീക്ഷയിൽ പങ്കെടുത്തവർ സർവകലാശാലയുടെ രജിസ്‌ട്രേഷൻ ആരംഭിക്കുമ്പോൾ രജിസ്റ്റർചെയ്യണം. തിരുവനന്തപുരം കാപിറ്റൽ സെന്ററിൽ ബിഎ ഇന്റർനാഷണൽ റിലേഷൻസ് നാലുവർഷ ഓണേഴ്സ് ബിരുദപ്രോഗ്രാമും നടത്തുന്നുണ്ട്. 2009-ൽ സ്ഥാപിതമായ സർവകലാശാലയിൽ 26 പഠനവകുപ്പുകളുണ്ട്. എല്ലാവകുപ്പിലും ബിരുദാനന്തരബിരുദ പ്രോഗ്രാമും പിഎച്ച്ഡിയുമുണ്ട്.

Content Highlights: Kerala Central University`s New Degree Programs