കെ-ടെറ്റ് യോഗ്യതയിൽ ഇളവുമായി സർക്കാ‍ർ, ഹയർസെക്കൻഡറി സ്കൂളുകളിൽ പുതിയ തസ്തികകൾ സൃഷ്ടിക്കും

#Career desk
പ്രതീകാത്മക ചിത്രം.|Photo: Gemini AI
പ്രതീകാത്മക ചിത്രം.|Photo: Gemini AI

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യഭ്യാസ മേഖലയിൽ അധ്യാപകരുടെ യോഗ്യത, തസ്തിക നിർണ്ണയം, ആനുകൂല്യങ്ങൾ എന്നിവ സംബന്ധിച്ച് നിർണ്ണായക തീരുമാനങ്ങൾ പ്രഖ്യാപിച്ച് സർക്കാർ. സുപ്രീം കോടതി വിധിന്യായത്തിന്റെ പശ്ചാത്തലത്തിലും കായിക-ഭാഷാ പഠന മേഖലകളെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പുതിയ ഉത്തരവുകൾ പുറത്തിറങ്ങി.

കെ-ടെറ്റ് യോഗ്യതയിൽ ഇളവ്

അധ്യാപകരുടെ കെ-ടെറ്റ് യോഗ്യതയുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന തർക്കങ്ങളിൽ വ്യക്തത വരുത്തിക്കൊണ്ട് പൊതുവിദ്യഭ്യാസ വകുപ്പ് പുതിയ ഉത്തരവിറക്കി.

  • കുടിശ്ശിക വിതരണം: കെ-ടെറ്റിന് സമാനമായ ഉയർന്ന യോഗ്യതകളുള്ള (SET, NET, M.Ed, M.Phil, Ph.D) ദിവസവേതന അധ്യാപകർക്ക് 2025 ഒക്ടോബർ 31 വരെയുള്ള കുടിശ്ശിക വേതനം നൽകാൻ തീരുമാനിച്ചു.

  • കാറ്റഗറി ഇളവ്: കെ-ടെറ്റ് കാറ്റഗറി III വിജയിച്ച അധ്യാപകരെ കാറ്റഗറി II നേടുന്നതിൽ നിന്നും ഒഴിവാക്കി.

  • നിയമനടപടികൾ: ഈ തീരുമാനങ്ങൾ സുപ്രീം കോടതിയിലെ റിവ്യൂ പെറ്റീഷനിലെ അന്തിമ വിധിക്ക് വിധേയമായിരിക്കും.

കായിക അധ്യാപക തസ്തികകൾ പരിഷ്‌കരിക്കുന്നു

സ്‌കൂളുകളിൽ മികവുറ്റ കായിക സംസ്‌കാരം വളർത്തിയെടുക്കുന്നതിനായി കായിക അധ്യാപക തസ്തിക സൃഷ്ടിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ പരിഷ്‌കരിക്കും.

  • നിലവിലെ കെ.ഇ.ആർ (KER) ചട്ടങ്ങൾ കാലോചിതമല്ലെന്ന് വിലയിരുത്തിയ സർക്കാർ, സ്പെഷ്യലിസ്റ്റ് അധ്യാപകരുടെ വിഷയങ്ങൾ പഠിക്കാൻ പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചു.

  • കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ചട്ട ഭേദഗതികൾ വരുത്തും.

ഹയർസെക്കൻഡറി തസ്തിക നിർണ്ണയം

സർക്കാർ സ്കൂളുകളിൽ പുതിയ തസ്തികകൾ സൃഷ്ടിക്കുന്നതിനും നിലവിലുള്ളവ അപ്‌ഗ്രേഡ് ചെയ്യുന്നതിനും അംഗീകാരം നൽകി.

  • പുതിയ തസ്തികകൾ: 119 ജൂനിയർ എച്ച്.എസ്.എസ്.റ്റി തസ്തികകളും 68 എച്ച്.എസ്.എസ്.റ്റി തസ്തികകളും പുതുതായി ചേർത്തിട്ടുണ്ട്.

  • അപ്‌ഗ്രേഡേഷൻ: 146 ജൂനിയർ എച്ച്.എസ്.എസ്.റ്റി തസ്തികകളെ എച്ച്.എസ്.എസ്.റ്റി ആയി ഉയർത്തി. 143 എച്ച്.എസ്.എസ്.റ്റി തസ്തികകൾ ജൂനിയർ വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തു.

മലയാളത്തിന് പ്രോത്സാഹനം: പുതിയ സ്‌കോളർഷിപ്പ്

ഹയർസെക്കൻഡറി തലത്തിൽ മലയാളം പഠിക്കുന്ന വിദ്യാർത്ഥികൾക്കായി സ്‌കോളർഷിപ്പ് ഏർപ്പെടുത്തി.

  • പത്താം ക്ലാസ്സിൽ മലയാളത്തിന് ഉന്നത വിജയം നേടുകയും ഹയർസെക്കൻഡറിയിൽ മലയാളം ഉപഭാഷയായി പഠിക്കുകയും ചെയ്യുന്നവർക്കാണ് അർഹത. ഇതുസംബന്ധിച്ച സർക്കുലർ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉടൻ പുറത്തിറക്കും.

പ്രീ-പ്രൈമറി ജീവനക്കാരുടെ ഓണറേറിയം വർദ്ധിപ്പിച്ചു

സംസ്ഥാനത്തെ സർക്കാർ പ്രീ-പ്രൈമറി അധ്യാപകരുടെയും ആയമാരുടെയും ഓണറേറിയത്തിൽ 1000 രൂപയുടെ വർധനവ് വരുത്തി.

  • പുതുക്കിയ നിരക്ക്: സേവന ദൈർഘ്യം അനുസരിച്ച് അധ്യാപകർക്ക് 13,000 - 13,500 രൂപയായും ആയമാർക്ക് 8,000 - 8,500 രൂപയായും ഓണറേറിയം വർധിക്കും.

  • ഈ സാമ്പത്തിക വർഷം തന്നെ രണ്ട് തവണയാണ് വർധനവ്. കുറവ് വന്ന തുക 2026 ഫെബ്രുവരി മാസത്തിൽ നൽകുന്നതാണ്. ഓണറേറിയം വെട്ടിക്കുറച്ചു എന്ന വാർത്തകൾ വസ്തുത വിരുദ്ധമാണെന്നും സർക്കാർ അറിയിച്ചു.