എസ്എസ്എൽസി ഫലം മെയ് മൂന്നാം വാരം; പ്ലസ്ടു ഫലം മെയ് 25-ന്

#Education news
പ്രതീകാത്മക ചിത്രം | ഫോട്ടോ: അജിത് ശങ്കരൻ | മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ: അജിത് ശങ്കരൻ | മാതൃഭൂമി

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാഫലം മെയ് മൂന്നാം വാരം പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. നേരത്തെ മെയ് എട്ടിന് ഫലം പ്രഖ്യാപിക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും ഗൾഫ് രാജ്യങ്ങളിലെ പ്രത്യേക സാഹചര്യം പരിഗണിച്ചാണ് തീയതിയിൽ മാറ്റം വരുത്തിയത്. ഹയർ സെക്കൻഡറി (പ്ലസ് ടു) പരീക്ഷാഫലം മെയ് 25-ന് പ്രസിദ്ധീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

മൂല്യനിർണ്ണയം ഏപ്രിൽ 16 മുതൽ:

എസ്എസ്എൽസി പരീക്ഷയുടെ മൂല്യനിർണ്ണയ പ്രവർത്തനങ്ങൾ ഏപ്രിൽ 16 മുതൽ ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്തെ 72 മൂല്യനിർണ്ണയ ക്യാമ്പുകളിലായി മെയ് മാസം വരെയാണ് മൂല്യനിർണ്ണയം നടക്കുക. പന്ത്രണ്ടായിരത്തോളം അധ്യാപകരും ജീവനക്കാരും മൂല്യനിർണ്ണയ പ്രവർത്തനങ്ങളിൽ പങ്കാളികളാകും. ടാബുലേഷൻ നടപടികൾ പൂർത്തിയാക്കിയ ശേഷമായിരിക്കും മെയ് മൂന്നാം വാരം ഫലം പ്രഖ്യാപിക്കുന്നത്.

ഹയർ സെക്കൻഡറി ഫലം

മാർച്ച് മാസത്തിൽ നടന്ന ഹയർ സെക്കൻഡറി പരീക്ഷയുടെ മൂല്യനിർണ്ണയവും ഏപ്രിൽ 16-ന് തന്നെ ആരംഭിച്ചിട്ടുണ്ട്. മെയ് 25-ന് ഫലം പ്രഖ്യാപിക്കാൻ കഴിയുന്ന രീതിയിലാണ് നിലവിൽ ക്രമീകരണങ്ങൾ ചെയ്തിട്ടുള്ളത്. എന്നാൽ സാഹചര്യങ്ങൾക്കനുസരിച്ച് ഫലപ്രഖ്യാപന തീയതിയിൽ രണ്ട് മൂന്ന് ദിവസത്തെ വ്യത്യാസം വരാൻ സാധ്യതയുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.

Content Highlights: SSLC results scheduled for the third week of May 2026