സ്കൂളുകളിൽ തെരുവുനായ നിയന്ത്രണത്തിന് അധ്യാപകർ നോഡൽ ഓഫീസർമാർ; പ്രതിഷേധവുമായി കെ.എസ്.ടി.എ.

കൊല്ലം: സ്കൂളുകളിൽ തെരുവുനായശല്യമില്ലെന്ന് ഉറപ്പാക്കാൻ അധ്യാപകരെ നോഡൽ ഓഫീസർമാരാക്കി ചുമതലപ്പെടുത്തി പൊതുവിദ്യാഭ്യാസ വകുപ്പ്. സ്കൂൾപ്പരിസരങ്ങളിൽവെച്ച് കുട്ടികൾക്ക് നായയുടെ കടിയേൽക്കുന്നതായുള്ള പരാതികൾ ഏറിയതിനെത്തുടർന്നാണ് നടപടി തുടങ്ങിയത്. എന്നാൽ, അധ്യാപകരെ അപമാനിക്കുന്ന നിർദ്ദേശങ്ങളിൽ ഇടത് അധ്യാപകസംഘടന പ്രതിഷേധത്തിലാണ്.
ഇടുക്കി രാജപുരം, വയനാട് പനമരം തുടങ്ങിയിടങ്ങളിലെല്ലാം സ്കൂൾപ്പരിസരത്തെ തെരുവുനായശല്യം മൂലം കുട്ടികൾ ഏറെ ബുദ്ധിമുട്ടനുഭവിച്ചിരുന്നു. തളിപ്പറമ്പിലെ ഒരു വിദ്യാലയത്തിലെ കുട്ടികൾ നായശല്യത്തിനെതിരേ മുൻ മുഖ്യമന്ത്രിക്കു കത്തെഴുതുന്ന സാഹചര്യവുമുണ്ടായി. ഇത്തരത്തിലുള്ള പരാതികൾ പരിഗണിച്ചും തെരുവുനായനിയന്ത്രണത്തിന് സുപ്രീംകോടതി പുറത്തിറക്കിയ നിർദ്ദേശങ്ങൾ നടപ്പാക്കുന്നതിനുമായാണ് തദ്ദേശസ്ഥാപനങ്ങളുമായി ചേർന്ന് വിദ്യാഭ്യാസവകുപ്പ് നടപടികൾ ആരംഭിക്കുന്നത്.
പ്രവർത്തനങ്ങൾ
സ്കൂളുകളിൽ തെരുവുനായ നിയന്ത്രണ പ്രവർത്തനങ്ങൾ നോഡൽ ഓഫീസർമാരായ അധ്യാപകർ ഏകോപിപ്പിക്കണം. നോഡൽ ഓഫീസർമാരുടെ പേരും ഫോൺ നമ്പരും സ്കൂൾക്കവാടത്തിനരികിൽ എഴുതി പ്രദർശിപ്പിക്കണം. സ്കൂളിൽ തെരുവുനായകളെ കണ്ടെത്തിയാൽ സർക്കാർ-എയ്ഡഡ്-സ്വകാര്യ വിദ്യാലയങ്ങളിലെ നോഡൽ ഓഫീസർമാർ ഉടൻതന്നെ തദ്ദേശസ്ഥാപന അധികൃതരെ വിവരമറിയിക്കണം. ഇവർ നായകളെ പിടികൂടി, പ്രതിരോധ കുത്തിവയ്പ് എടുപ്പിക്കുകയും വന്ധീകരിക്കുകയും ചെയ്ത് സുരക്ഷിതകേന്ദ്രങ്ങളിലേക്കു മാറ്റണം. സ്കൂളിനുള്ളിലേക്ക് നായകൾ കടക്കാതിരിക്കാൻ, ചുറ്റുമതിലുകളും ഗേറ്റുകളും അടിയന്തരമായി അറ്റകുറ്റപ്പണി നടത്തണം. പാചകപ്പുരകൾക്കു സമീപവും കുട്ടികൾ ഭക്ഷണാവശിഷ്ടങ്ങൾ വലിച്ചെറിയുന്ന ഭാഗങ്ങളിലുമാണ് നായകൾ കൂടുതലായി എത്താറ്. ഇവിടങ്ങളിൽ മാലിന്യം വലിച്ചെറിയുന്നില്ലെന്ന് വിദ്യാലയാധികൃതർ ഉറപ്പുവരുത്തണം.
നായകളോട് ഇടപെടേണ്ടതെങ്ങനെ, നായയുടെ കടിയേറ്റാൽ പ്രഥമശുശ്രൂഷ നൽകേണ്ട രീതി എന്നിവ സംബന്ധിച്ച് കുട്ടികൾക്കായി ബോധവത്കരണപരിപാടികൾ നടത്താനും തദ്ദേശസ്ഥാപനങ്ങളുമായി ചേർന്ന് മൂന്നുമാസത്തിലൊരിക്കൽ അവലോകനയോഗങ്ങൾ നടത്താനും നിർദ്ദേശിച്ചിട്ടുണ്ട്.
എന്നാൽ, സ്കൂളുകൾക്കു മുന്നിൽ അധ്യാപകരുടെ പേരും ഫോൺ നമ്പരും എഴുതി പ്രദർശിപ്പിക്കുന്നത് അവരെ അപമാനിക്കുന്നതിനു തുല്യമാണെന്ന് കെ.എസ്.ടി.എ. സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ.എ. ഷാഫി പറഞ്ഞു. അധ്യാപനേതര ജോലികൾക്ക് അധ്യാപകരെ നിയോഗിക്കുന്നത് ഒഴിവാക്കണമെന്നാണ് സംഘടനയുടെ ആവശ്യം.
Content Highlights: To protect students from rising stray dog attacks on school premises, the Kerala General Education Department has appointed teachers as nodal officers to coordinate with local bodies, a move that has triggered fierce protests from left-wing teachers' unions over dignity and non-teaching burdens.