പാഠം തീരുംമുൻപേ വിദ്യാർഥികൾ പാദവർഷപ്പരീക്ഷ എഴുതേണ്ടിവരും

#അനിൽ മുകുന്നേരി
പ്രതീകാത്മക ചിത്രം | ഫോട്ടോ:മധുരാജ്‌
പ്രതീകാത്മക ചിത്രം | ഫോട്ടോ:മധുരാജ്‌

കൊല്ലം:പുതിയ പരീക്ഷാ കലണ്ടർ പ്രകാരം സ്കൂളുകളിൽ പാഠഭാഗങ്ങൾ പഠിപ്പിച്ചുതീരും മുൻപേ വിദ്യാർഥികൾ ഒന്നാം പാദവാർഷികപ്പരീക്ഷ എഴുതേണ്ടിവരും. സെൻസസ് പ്രവർത്തനങ്ങൾക്ക് അധ്യാപകർ സ്കൂളുകളിൽനിന്ന് ഒരുമാസം വിട്ടുനിൽക്കുന്നതോടെ അധ്യയനം താറുമാറാകും.

വിരമിച്ചവർക്കുപകരം അധ്യാപകരെ നിയമിക്കാത്തതിനാലും താത്കാലിക അധ്യാപകരെ നിയമിക്കാനുള്ള നടപടികൾ തുടരുന്നതിനാലും അടുത്തയാഴ്ച മാത്രമേ പല വിദ്യാലയങ്ങളിലും അധ്യയനം ആരംഭിക്കുകയുള്ളൂ. കാലവർഷം ആരംഭിച്ചാൽ പലയിടങ്ങളിലും ക്ലാസ് നടത്താൻ കഴിയാത്ത സാഹചര്യവുമുണ്ടാകും. ജൂൺ 19 മുതൽ മൂന്നുദിവസം അധ്യാപകർക്ക് സെൻസസ് ജോലികൾക്കുള്ള പരിശീലനമാണ്. ജൂലായ്‌ ഒന്നുമുതൽ ഒരുമാസം സെൻസസ് ജോലികളുള്ളതിനാൽ അധ്യാപകർക്ക് സ്കൂളുകളിൽ എത്താൻ കഴിയാതെവരും.

23 അധ്യയനദിനങ്ങളാണ് ജൂലായിലുള്ളത്. ജൂണിൽ എൽ.പി.ക്കും ഹയർസെക്കൻഡറിക്കും 21, യു.പി.ക്കും ഹൈസ്കൂളിലും 22 എന്നിങ്ങനെയാണ് അധ്യയനദിനങ്ങളുടെ എണ്ണം. ഓഗസ്റ്റിൽ ഒരാഴ്ചമാത്രമേ ക്ലാസ് നടത്താനുമാകൂ. അധ്യയനവർഷാരംഭത്തിൽത്തന്നെ അധ്യാപകർ സ്കൂളിൽനിന്ന് വിട്ടുനിൽക്കേണ്ടിവരുമ്പോൾ നിശ്ചിതസമയത്ത് പാഠഭാഗങ്ങൾ പഠിപ്പിച്ചുതീർക്കാനാകില്ല. നാൽപ്പതിനടുത്ത് അധ്യയനദിവസങ്ങളാകും പരീക്ഷയ്ക്കുമുൻപ്‌ കിട്ടുക. അധ്യാപകരുടെ സ്ഥലംമാറ്റം, സ്ഥാനക്കയറ്റം തുടങ്ങിയവ സെൻസസ് ജോലികൾമൂലം തടസ്സപ്പെട്ടിരിക്കുകയാണ്. ഇതുകൂടി നടപ്പാക്കുമ്പോഴും പഠനദിവസങ്ങൾ നഷ്ടമാകും.

ഓഗസ്റ്റിൽ ഒന്നാം പാദവാർഷികപ്പരീക്ഷ എന്നനിലയിലാണ് വാർഷിക പാഠ്യപദ്ധതി തയ്യാറാക്കിയിരിക്കുന്നത്. എന്നാൽ ഈവർഷം ഓഗസ്റ്റ് 13-ന് പരീക്ഷ ആരംഭിക്കുകയാണ്. പദ്ധതി പുതുക്കുകയോ സെൻസസിനായി അധ്യാപകർ പോകുമ്പോൾ സ്കൂളുകളിൽ അധ്യയനം ഉറപ്പാക്കുകയോ ചെയ്തില്ലെങ്കിൽ പാദവാർഷികപ്പരീക്ഷ കുട്ടികൾക്ക് പരീക്ഷണമാകും.

Content Highlights: Kerala school students face a major academic hurdle as the first terminal exams approach on August 13th, despite incomplete syllabi caused by teachers being deployed for month-long census duties and delayed staff appointments.