കുട്ടികളുടെ പ്രശ്നങ്ങൾ കേൾക്കാൻ മാർഗമില്ല; ഇക്കൊല്ലവും കൗൺസലർമാരെ നിയമിച്ചില്ല

കൊല്ലം: സ്കൂളുകളിൽ വിദ്യാർഥികളുടെ പ്രശ്നങ്ങൾ കേൾക്കാനും പരിഹാരം കാണാനുമായി സർക്കാർ പ്രഖ്യാപിച്ച ആയിരം സൈക്കോ സോഷ്യൽ കൗൺസലർമാരെ ഈ അധ്യയനവർഷവും നിയമിക്കില്ല. ശമ്പളം നൽകാനുൾപ്പെടെയുള്ള തുക കണ്ടെത്താനാകാതിരുന്നതോടെയാണ് നിയമനം മാറ്റിവെച്ചത്.
കുട്ടികൾ അനുഭവിക്കുന്ന ചൂഷണങ്ങൾ പുറത്തെത്തിക്കുക, ചൂഷണങ്ങൾക്കു വിധേയരായ കുട്ടികൾക്ക് മാനസികപിന്തുണ നൽകുക, സ്കൂളുകളിൽ കുട്ടികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് അഞ്ചുമുതൽ 12-ാംക്ലാസുവരെയുള്ള കുട്ടികൾക്കായി കൗൺസലിങ് പദ്ധതി ആരംഭിച്ചത്. സംസ്ഥാനത്തെ 8,579 സ്കൂളുകളിലായി 31 ലക്ഷത്തോളം കുട്ടികൾക്കായി നിലവിൽ 1,012 ഇടത്തുമാത്രമാണ് സൈക്കോ സോഷ്യൽ കൗൺസലർമാരുള്ളത്. ഇവർതന്നെ തൊട്ടടുത്ത മൂന്നോ നാലോ സ്കൂളുകളിൽ ആഴ്ചയിൽ ഒരിക്കൽവീതം കൗൺസലിങ് നടത്തണം. എന്നാൽ ഇതുവരെ കൗൺസലർമാർ എത്താത്ത സ്കൂളുകളുണ്ട്. രണ്ടായിരത്തോളം കുട്ടികൾ പഠിക്കുന്ന സ്കൂളുകളിൽ എല്ലാവിദ്യാർഥികളെയും കേൾക്കാൻ നിലവിലുള്ള കൗൺസലർക്ക് കഴിയുകയുമില്ല. ഒരുതവണ കൗൺസലിങ്ങിനു വിധേയമായി പ്രശ്നങ്ങൾ കണ്ടെത്തിയ കുട്ടികളുടെ മാനസികാരോഗ്യം തുടർ കൗൺസലിങ്ങിലൂടെയാണ് വീണ്ടെടുക്കുന്നത്. ഒരു പഞ്ചായത്തിലെ ഒട്ടുമിക്ക സ്കൂളുകളിലും ഒരാൾതന്നെ കൗൺസലിങ് ചെയ്യേണ്ടിവരുമ്പോൾ തുടർ കൗൺസലിങ്ങിനുള്ള അവസരം ലഭിക്കാറില്ല.
അടുത്ത അധ്യയനവർഷം 1,012 കൗൺസലർമാരെ നിയമിക്കാനാണ് സർക്കാർ നീക്കം. ഇതിനായി 51 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കൗൺസലർമാർക്ക് ശമ്പളം നൽകാൻമാത്രം 30 കോടിയോളം രൂപ വേണ്ടിവരും. ബാക്കിത്തുക കൗൺസലിങ് റൂം ഉൾപ്പെടെയുള്ള അടിസ്ഥാനസൗകര്യങ്ങളൊരുക്കാനായി ചെലവിടാം. എന്നാൽ നിലവിൽ കൗൺസലർമാരുള്ള സ്കൂളുകളിൽത്തന്നെ കൗൺസലിങ്ങിന്റെ രഹസ്യസ്വഭാവം നിലനിർത്താൻ പ്രത്യേക മുറികളില്ല. സ്റ്റാഫ് റൂം, കംപ്യൂട്ടർ ലാബ്, ലൈബ്രറി എന്നിവിടങ്ങളിലാണ് കൗൺസലർമാർ കുട്ടികളുമായി സംസാരിക്കാനുള്ള ഇടംതരപ്പെടുത്തുന്നത്. ഇവിടെ സ്വകാര്യത ലഭിക്കാത്തതിനാൽ പല വിദ്യാർഥികളും പ്രശ്നങ്ങൾ പറയാൻ മടിക്കുന്നുമുണ്ട്.
Content Highlights: Kerala`s plan to hire 1000 psychosocial counselors for schools is on hold again due to funding issues.