പ്ലസ് വൺ പ്രവേശനം: ഏകജാലക രജിസ്ട്രേഷൻ ആരംഭിച്ചു; ജൂൺ 3 വരെ അപേക്ഷിക്കാം

#Education desk
പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com
പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിലേക്കുള്ള പ്ലസ് വൺ പ്രവേശനത്തിനായുള്ള ഓൺലൈൻ അപേക്ഷാ നടപടികൾ ആരംഭിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഏകജാലക സംവിധാനമായ ഹയർ സെക്കൻഡറി സെൻട്രലൈസ്ഡ് അഡ്മിഷൻ പ്രോസസ് (എച്ച്.എസ്.സി.എ.പി.) വഴിയാണ് അപേക്ഷിക്കേണ്ടത്. 

ജൂൺ 3 വരെ വിദ്യാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

എസ്.എസ്.എൽ.സി പരീക്ഷയോ മറ്റ് തുല്യതാ പരീക്ഷകളോ പാസായ വിദ്യാർത്ഥികൾക്ക് പ്രവേശനത്തിന് അർഹതയുണ്ടായിരിക്കും. സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് ഹയർ സെക്കൻഡറി സ്ട്രീമുകളിലേക്ക് ഏകജാലകം വഴി വിദ്യാർത്ഥികൾക്ക് തങ്ങളുടെ മുൻഗണനാക്രമം അനുസരിച്ച് സ്കൂളുകളും കോമ്പിനേഷനുകളും തിരഞ്ഞെടുക്കാം. പത്താം ക്ലാസിലെ മാർക്കും സംവരണ മാനദണ്ഡങ്ങളും അടിസ്ഥാനമാക്കിയാണ് സീറ്റ് അലോട്ട്മെന്റ് തയ്യാറാക്കുന്നത്.

പ്രധാന തീയതികൾ ഒറ്റനോട്ടത്തിൽ:

  • അപേക്ഷിക്കാനുള്ള അവസാന തീയതി: ജൂൺ 3, 2026

  • ട്രയൽ അലോട്ട്മെന്റ്: ജൂൺ 8, 2026

  • ആദ്യ അലോട്ട്മെന്റ്: ജൂൺ 15, 2026

  • പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുന്നത്: ജൂലൈ 2, 2026

അപേക്ഷിക്കേണ്ടത് എങ്ങനെ?

വിദ്യാർത്ഥികൾക്ക് hscap.kerala.gov.in എന്ന ഔദ്യോഗിക പോർട്ടൽ വഴി അപേക്ഷകൾ സമർപ്പിക്കാം. 25 രൂപയാണ് അപേക്ഷാ ഫീസ്. ഒരു റവന്യൂ ജില്ലയിലെ സ്കൂളുകളിലേക്ക് ഒരു അപേക്ഷ മാത്രമേ സമർപ്പിക്കാൻ സാധിക്കൂ. ഒന്നിലധികം ജില്ലകളിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ അതത് ജില്ലകളിലേക്ക് പ്രത്യേകമായി ഫോമുകൾ സമർപ്പിക്കേണ്ടതുണ്ട്.

കൂടുതൽ വിവരങ്ങൾക്കും പ്രോസ്പെക്ടസിനുമായി ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

Content Highlights: Online applications for Kerala Plus One admissions for the academic year 2026-27 have commenced on the HSCAP portal, allowing eligible students to apply until June 3, 2026.