സ്കൂൾ കുട്ടികൾക്ക് ഉച്ചഭക്ഷണത്തിനൊപ്പം ‘മില്ലറ്റ് ചിക്കി’

#പി.കെ. മണികണ്ഠൻ
എഐ നിർമ്മിത പ്രതീകാത്മക ചിത്രം | Photo: Chat Gpt
എഐ നിർമ്മിത പ്രതീകാത്മക ചിത്രം | Photo: Chat Gpt

തിരുവനന്തപുരം: പോഷകാഹാരക്കുറവും വിളർച്ചയും പിന്നാക്ക മേഖലകളിൽ ബാധിച്ചുതുടങ്ങിയതോടെ, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലെ സ്കൂൾ കുട്ടികൾക്കായി പോഷകാഹാര പദ്ധതിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. ഉച്ചഭക്ഷണത്തിനുള്ള പി.എം.-പോഷൺ പദ്ധതിയിൽ ഉൾപ്പെടുത്തി ചെറുധാന്യങ്ങൾ ഉൾപ്പെട്ട ഭക്ഷ്യപായ്ക്കറ്റ് നൽകാനാണ് തീരുമാനം. 'മില്ലറ്റ് ചിക്കി' എന്ന പേരിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പങ്കാളിത്തത്തിലാണ് പുതിയപദ്ധതി.

ഇടുക്കിയിലെയും വയനാട്ടിലെയും മുഴുവൻ സ്കൂളുകളിലും പാലക്കാട്ടെ ട്രൈബൽ സ്കൂളുകളിലുമാണ് നടപ്പാക്കുക. 780 സ്കൂളുകളിലായി 1.41 ലക്ഷം കുട്ടികളാണ് ഗുണഭോക്താക്കൾ. ആഴ്ചയിൽ അഞ്ചു പ്രവൃത്തിദിനങ്ങളിലായി 30 ഗ്രാം വീതമുള്ള ഭക്ഷ്യപായ്ക്കറ്റുകൾ വിതരണംചെയ്യും. പി.എം-പോഷൺ പദ്ധതിയിൽ മിച്ചമുള്ള തുക (ഫ്ളെക്സി ഫണ്ട്) വിനിയോഗിച്ചാണ് നടപ്പാക്കുക. ജില്ലാതലങ്ങളിൽ ടെൻഡർ വിളിച്ച് ഉത്‌പാദക-വിതരണക്കാരെ നിശ്ചയിക്കും. അംഗീകൃത ലാബിൽ പരിശോധിച്ച് ഗുണനിലവാരം ഉറപ്പാക്കും.

പോഷകത്തിൽ എന്തൊക്കെ

• റാഗി, ചോളം, ബജ്‌റ, നിലക്കടല തുടങ്ങിയ ചെറുധാന്യങ്ങൾ

• ശർക്കരയും പാൽപ്പൊടിയും

• കലോറി, പ്രോട്ടീൻ, ഡയറ്ററി ഫൈബർ, കാൽസ്യം, അയൺ എന്നിവ കൃത്യമായ അളവിൽ വേണം

• ട്രാൻസ് ഫാറ്റ്, കൊളസ്‌ട്രോൾ എന്നിവ ഒഴിവാക്കണം

• ഉപ്പും പഞ്ചസാരയും അനുവദനീയപരിധിയിൽ

Content Highlights: Introduced by the General Education Department under PM Poshan scheme