ഹയർ സെക്കൻഡറി അധ്യാപകരുടെ സ്ഥലംമാറ്റം: ഹോംസ്റ്റേഷൻ വെയിറ്റേജിന് അഞ്ചു സ്ലാബാക്കി

#സ്വന്തം ലേഖകൻ
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

തിരുവനന്തപുരം: ഹയർ സെക്കൻഡറി അധ്യാപകരുടെ സ്ഥലംമാറ്റത്തിൽ വിവാദവിഷയമായ ഹോംസ്റ്റേഷൻ വെയിറ്റേജ് അഞ്ചു സ്ലാബാക്കി മാറ്റാൻ പൊതുവിദ്യാഭ്യാസ വകുപ്പ് വിളിച്ച അധ്യാപക സംഘടനകളുടെ യോഗത്തിൽ ധാരണ. നിലവിൽ നാലു സ്ലാബാണ് കരടുമാനദണ്ഡത്തിൽ നിർദേശിച്ചിട്ടുള്ളത്. 100, 200, 300, 400 എന്നിങ്ങനെ കിലോമീറ്ററുള്ള നാലു സ്ലാബുള്ളതിൽ 50-100 കിലോമീറ്റർ എന്ന പുതിയ ഒരെണ്ണംകൂടി ചേർക്കാനാണ് ധാരണ.

സ്ഥലംമാറ്റത്തിന് അപേക്ഷിക്കാൻ ജൂനിയറായോ സീനിയറായോ മൂന്നു വർഷമെന്ന മാനദണ്ഡവും മാറ്റും. ജൂനിയർ, സീനിയർ ഭേദമില്ലാതെ മൂന്നു വർഷമായവർക്ക് അപേക്ഷിക്കാമെന്നാണ് പുതിയ വ്യവസ്ഥ. ഹിൽസ്റ്റേഷൻ വെയിറ്റേജ് തുടർച്ചയായി രണ്ടുവർഷം എന്നത്, മൊത്തം രണ്ടുവർഷമെന്നാണ് പുതിയ ഭേദഗതി. പ്രിൻസിപ്പൽമാർക്ക് മൂന്നുവർഷം കൂടുമ്പോൾ സ്ഥലംമാറ്റമെന്ന നിർദേശം പൊതുവേ അംഗീകരിക്കപ്പെട്ടു. എന്നാൽ, എല്ലാ വർഷവും സ്ഥലംമാറ്റത്തിന് അപേക്ഷിക്കാനും വ്യവസ്ഥ ചെയ്തു.

എൻസിസി, എസ്‌പിസി ചുമതലക്കാരായ അധ്യാപകരുടെ സർവീസ് 10 വർഷമായി നിലനിർത്തണമെന്ന് കെഎസ്ടിഎ ആവശ്യപ്പെട്ടു. ഏഴുവർഷമെന്നതാണ് പുതിയ മാനദണ്ഡം. എൻഎസ്എസ്, സ്കൗട്ട് ചുമതലക്കാർക്ക് മുൻഗണന നൽകണമെന്നും യോഗത്തിൽ ആവശ്യമുയർന്നു.

Content Highlights: Kerala Education Dept. revises home station weightage for HS teacher transfers, easing transfer criteria for juniors/seniors, and updating hill station & principal transfer rules