ഹയർ സെക്കൻഡറി മൂല്യനിർണയത്തിന് എത്താത്തത് 2,177 അധ്യാപകർ; കർശന നടപടിയെന്ന് പൊതുവിദ്യാഭ്യാസവകുപ്പ്

കൊല്ലം: ഹയർ സെക്കൻഡറി പരീക്ഷാഫലം മേയ് 25-ന് പ്രസിദ്ധീകരിക്കുമെന്നു പ്രഖ്യാപിച്ചിരിക്കേ, മൂല്യനിർണയ ക്യാമ്പുകളിൽ അധ്യാപകർ വിട്ടുനിൽക്കുന്നത് പ്രതിസന്ധി. സംസ്ഥാനത്തൊട്ടാകെ 2,177 അധ്യാപകരാണ് ഇതുവരെ മൂല്യനിർണയജോലികൾക്ക് ഹാജരാകാത്തത്. അടുത്ത ദിവസംമുതൽ ക്യാമ്പുകളിൽ റിപ്പോർട്ട് ചെയ്യാത്ത അധ്യാപകർക്കെതിരേ കർശന അച്ചടക്ക നടപടികൾ സ്വീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസവകുപ്പ് മുന്നറിയിപ്പ് നൽകി. അധ്യാപകരുടെ പേരുവിവരങ്ങൾ സഹിതമാണ് സർക്കുലർ.
ഹാജരാകാത്തവരുടെ കണക്കിൽ മലപ്പുറം ജില്ലയാണ് മുന്നിൽ. ഇവിടെ 258 അധ്യാപകരാണ് വിട്ടുനിൽക്കുന്നത്. എറണാകുളം (211), തിരുവനന്തപുരം (209). മറ്റു ജില്ലകളിലും അസാന്നിധ്യം കൂടുതലാണ്. ഏറ്റവും കൂടുതൽപേർ എത്താത്തത് ഇംഗ്ലീഷിലാണ്-363. ഫിസിക്സ്-283, കെമിസ്ട്രി-261, ഗണിതം-248 എന്നിങ്ങനെയാണ് ഹാജരാകാത്ത അധ്യാപകരുടെ എണ്ണം.
സാധാരണ ഏപ്രിലിലെ ആദ്യ പ്രവൃത്തിദിവസംതന്നെ മൂല്യനിർണയ ക്യാമ്പുകൾ ആരംഭിക്കുന്നതാണ്. ഇത്തവണ ഏപ്രിൽ ഒൻപതിന് തിരഞ്ഞെടുപ്പായതിനാൽ 16-നാണ് ക്യാമ്പുകൾ തുടങ്ങാനായത്. 89 ക്യാമ്പുകളാണ് സംസ്ഥാനത്തുള്ളത്. ഒന്നാംവർഷം 26,20,932 പേപ്പറും രണ്ടാംവർഷം 26,69,493 പേപ്പറും ഒന്നാംവർഷ ഇംപ്രൂവ്മെൻറ് 6,25,000 പേപ്പറുമാണ് നോക്കേണ്ടത്.
24,167 അധ്യാപകരും ജീവനക്കാരുമാണ് മൂല്യനിർണയപ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നത്. കഴിഞ്ഞവർഷം മേയ് 22-നാണ് ഫലം പ്രസിദ്ധീകരിച്ചത്.
Content Highlights: Higher Secondary exam results scheduled for release on May 25, 2026., 2,177 teachers absent from evaluation camps across Kerala., Strict disciplinary action warned against teachers failing to report., Malappuram reports the highest number of absentees., Over 5.9 million answer scripts pending evaluation.